ആരു പിടിച്ചുകെട്ടും ഈ യാഗാശ്വത്തെ?
ജുർഗൻ ക്ലോപ്പും സംഘവും ജൈത്രയാത്ര തുടരുകയാണ്. നേരിടുന്ന ഓരോ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞു, ഓരോ എതിരാളികളെയും മറികടന്ന് ലിവർപൂൾ മുന്നേറുമ്പോൾ കിരീടങ്ങൾ ഓരോന്നായി അവരെ തേടിയെത്തുന്നു. ഇന്നലെ നടന്ന ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്ളമിംഗോയെ പരാജയപ്പെടുത്തി കിരീടം നേടിയതോടെ മൂന്ന് അന്താരാഷ്ട്ര ക്ലബ്ബ് കിരീടങ്ങൾ ഒരേ സമയം കൈവശം വെയ്ക്കുന്ന ആദ്യ പ്രീമിയർ ലീഗ് ക്ലബ്ബായി മാറിയിരിക്കുകയാണ് ലിവർപൂൾ.
2019 എന്ന് വർഷത്തിലേക്കു നിറഞ്ഞ ചാരിതാർത്യത്തോടെയാകും ക്ലോപ്പ് തിരിഞ്ഞു നോക്കുക. താൻ ഏറ്റെടുത്ത ദൗത്യം അയാൾ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. യുവേഫ ചാംപ്യൻസ് ലീഗ് കിരീടം, സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങൾ 2019ൽ ലിവർപൂളിനു നേടിക്കൊടുക്കാൻ ക്ലോപ്പിനു സാധിച്ചു. കൂടാതെ മറ്റു ടീമുകളേക്കാൾ ഒരു മത്സരം കുറവു കളിച്ചിട്ടും പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലെസ്റ്റർ സിറ്റിയേക്കാൾ പത്തു പോയന്റുകളുടെ വ്യത്യാസം ലിവർപൂൾ നിലനിർത്തുന്നു. ലിവർപൂളിന്റെ ജൈത്രയാത്രയിൽ പരാജയം സമ്മാനിക്കാൻ പ്രീമിയർ ലീഗ് സീസണിൽ ഇതുവരെ ഒരു എതിരാളിക്കും സാധിച്ചിട്ടുമില്ല.
ടോപ് സിക്സിൽ സ്ഥിരമായിരുന്നെങ്കിലും വർഷങ്ങളായി കിരീടവിജയം നേടാതിരുന്ന ഒരു സാധാരണ ടീമിനെ നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബാക്കി മാറ്റിയ ക്ലോപ്പിന്റെ മായാജാലത്തിൽ അദ്‌ഭുതം കൂറുകയാണ് ലോകം മുഴുവൻ. ശക്തമായ ഒരു ഒന്നാം നിരയ്‌ക്കൊപ്പം അതിനോടു കിട പിടിയ്ക്കുന്ന പകരക്കാരുടെ ഒരു നിരകൂടി സൃഷ്ടിച്ചു എന്നതാണ് അയാളുടെ വിജയമന്ത്രം. പരിക്കേൽക്കുന്ന താരങ്ങൾക്ക് പകരം മികച്ച കളിക്കാർ തന്നെ ഗ്രൗണ്ടിൽ എത്തുന്നതോടെ കളിയിലെ മേൽക്കോയ്മ ഒരിക്കലും നഷ്ടമാകാതെ സൂക്ഷിക്കാൻ ലിവർപൂളിന് സാധിക്കുന്നു. സല, ഫിർമീഞ്ഞോ, മാനെ തുടങ്ങിയ മികച്ച താരങ്ങൾക്കൊപ്പം അത്ര തന്നെ പ്രതിഭയുള്ള വെനാൾഡം, ഒരിജി മുതലായ കളിക്കാർ അവരുടെ ബെഞ്ചിലും സ്ഥാനം പിടിച്ചിരിക്കുന്നു.
പ്രതിരോധനിരയുടെ കരുത്തു വർണിക്കാതെ ഒരിക്കലും ലിവർപൂളിനെപ്പറ്റി പറഞ്ഞവസാനിപ്പിക്കാൻ സാധിക്കില്ല. വാൻ ഡെക്കും, മാറ്റിപ്പും, റോബർട്ട്‌സണും, ആർനോൾഡുമെല്ലാം മികച്ച ഫോമിലാണ്. ഒരുപക്ഷേ ഇത്ര മികച്ച ഒരു പ്രതിരോധം ലോകത്തിൽ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാൻ സാധിക്കില്ല.
കഴിഞ്ഞ ജനുവരി മൂന്നിന് മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടുകൊണ്ടാണ് ലിവർപൂൾ 2019 പ്രീമിയർ ലീഗ് കലണ്ടർ വർഷത്തിന് തുടക്കമിട്ടത്. പക്ഷേ വർഷം അവസാനിക്കുമ്പോൾ പിന്നീടിതുവരെ അവരെ പരാജയപ്പെടുത്താൻ ലീഗിൽ ആർക്കും സാധിച്ചിട്ടില്ല. മാത്രമല്ല ബാഴ്സലോണ, ബയേൺ മ്യൂണിക്, ചെൽസി മുതലായ വമ്പന്മാരെ പരാജയപ്പെടുത്തിയാണ് അവർ യൂറോപ്പിന്റെ ക്ലബ്ബ് കിരീടങ്ങൾ സ്വന്തമാക്കിയത്.
2020ലും ക്ലോപ്പും സംഘവും ഇതേ കുതിപ്പു തുടർന്നാൽ അവരെ കാത്തിരിക്കുന്നത് അസുലഭമായൊരു റെക്കോർഡാണ്. ഒരു മത്സരത്തിൽപോലും പരാജയം രുചിയ്ക്കാതെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ക്ലബ്ബ് എന്ന് ബഹുമതി നേടാൻ ക്ലോപ്പിനും സംഘത്തിനും സാധിക്കുമോ?.
സാദ്ധ്യതകൾ ഏറെയാണ്….






































