ലെസ്റ്റർ സിറ്റി vs മാഞ്ചെസ്റ്റെർ സിറ്റി; പോരാട്ടം മുറുകുമ്പോൾ
A tale of two cities….
ഇതൊരു ചലച്ചിത്ര കഥയല്ല. പക്ഷേ ഇതിൽ വൈരമുണ്ട്. ഉയർച്ചയും താഴ്ചകളുമുണ്ട്. തിരിച്ചുവരവുകളുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയും ലെസ്റ്റർ സിറ്റിയും ഇന്നു പ്രീമിയർ ലീഗിൽ രണ്ടു ധ്രുവങ്ങളിലാണ്. ഒരു ടീം മികച്ച പ്രകടനവുമായി മുന്നോട്ടു കുതിയ്ക്കുമ്പോൾ മറ്റൊന്ന് കഴിഞ്ഞ വർഷത്തെ ചാംപ്യൻ പ്രകടനത്തിൽ നിന്നും തുടർ പരാജയങ്ങളുമായി പടിയിറക്കത്തിന്റെ പാതയിലാണ്.
രണ്ടു സീസണുകളായി പ്രീമിയർ ലീഗിൽ നിലനിർത്തിപ്പോരുന്ന കിരീടം മാഞ്ചസ്റ്റർ സിറ്റി ഏതാണ്ട് കൈവിട്ടു കഴിഞ്ഞിരിക്കുന്നു. പരാജയമറിയാതെ കുതിക്കുന്ന ലിവർപൂളിനെക്കാൾ പതിനാലു പോയന്റുകൾക്കു പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. കിരീടപ്രതീക്ഷ ഏതാണ്ട് നഷ്ടമായ മാഞ്ചസ്റ്റർ സിറ്റിയ്ക്കു ഇനി യുവേഫ ചാംപ്യൻസ് ലീഗ് കിരീടമാകും പ്രതീക്ഷ.
നായകനും പ്രതിരോധ നിരതാരവുമായ വിൻസെന്റ് കൊമ്പനിയുടെ വിടവാങ്ങലാണ് മാഞ്ചസ്റ്റർ സിറ്റിയെ പ്രതിസന്ധിയിലാക്കിയത്. സൂപ്പർ താരം സെർജിയോ അഗുറോയ്ക്ക് സംഭവിച്ച പരിക്കും ടോപ് സിക്സിലെ പ്രധാന ടീമുകളോട് സംഭവിച്ച തോൽവികളും അവർക്കു വിനയായി. യൂറോപ്യൻ ലീഗുകളിലെ തന്ത്രശാലിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പെപ് ഗാർഡിയോളയുടെ ശിഷ്യന്മാർക്കു ചില അപ്രതീക്ഷിത തോൽവികളും സംഭവിച്ചിരുന്നു. വോൾവ്സ്, നോർവിച് സിറ്റി മുതലായ മിഡ് ടേബിൾ ടീമുകളുമായി സംഭവിച്ച പരാജയങ്ങൾ അവരുടെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തിയിരുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളോടും അവർ പരാജയം ഏറ്റുവാങ്ങിയിരുന്നു.
മറുവശത്തു പക്ഷേ ലെസ്റ്റർ സിറ്റി അപാര ഫോമിലാണ്. ലിവർപൂളുമായി പത്തു പോയൻറ് വ്യത്യാസമുണ്ടെങ്കിലും നിലവിൽ ലെസ്റ്ററാണ് രണ്ടാം സ്ഥാനത്ത. ബ്രെണ്ടൻ റോഡ്ജേഴ്സ് എന്ന പരിശീലകന്റെ കീഴിൽ അവർ ഒരുപാടു മുന്നേറിയിരിക്കുന്നു. ജാമി വാർഡി, ജെയിംസ് മാഡിസൺ, ചിവേൽ, മുതലായ താരങ്ങളെല്ലാം മികച്ച ഫോമിലായതോടെ. ടീം പോയന്റു പട്ടികയിൽ ഒരുപാടു മുന്നേറിയിരിക്കുന്നു. ലീഗിൽ പതിനേഴു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്നാമതുള്ള മാഞ്ചെസ്റ്റെർ സിറ്റിയേക്കാൾ നാലു പോയന്റു മുന്നിലാണ് ലെസ്റ്റർ. ലീഗ് സീസണിൽ ഇതുവരെ നാൽപതു ഗോളുകൾ നേടിയ ലെസ്റ്റർ വെറും പതിനൊന്നു ഗോളുകളാണ് വഴങ്ങിയത്. ഗോൾവ്യത്യാസത്തിൽ ലിവർപൂളിനെക്കാൾ മുന്നിലാണ് ലെസ്റ്റർ. 2015-16 സീസണിൽ ലീഗ് ചാംപ്യൻമാരായ അതേ പ്രകടനം വീണ്ടും ആവർത്തിക്കുകയാണ് അവർ.
ഇന്ന് എത്തിഹാദ് സ്റ്റേഡിയത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ മത്സരം ഇരുടീമുകൾക്കും നിർണായകമാണ് ലിവർപൂളിനു വെല്ലുവിളിയാകുവാൻ ലെസ്റ്റർ ശ്രമിക്കുമ്പോൾ വിജയത്തിലൂടെ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാകും ഗാർഡിയോളയും സംഘവും ശ്രമിക്കുക.






































