Editorial Foot Ball Top News

കടം പെരുകുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്

December 21, 2019

author:

കടം പെരുകുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ മോശം എന്നു വിശേഷിപ്പിക്കാവുന്നതിൽ നിന്നും പരിതാപകരം എന്ന നിലയിലേക്കു കടക്കുകയാണിപ്പോൾ. സീസണിൽ വിദേശതാരങ്ങൾ അടക്കം മികച്ച ഒരു സ്ക്വാഡുമായി വന്ന കൊമ്പന്മാർ ഇന്ന് അതിദയനീയമായ കളികളുടെ പരമ്പരയാണ് മൈതാനത്തിൽ കാഴ്ചവെക്കുന്നത്. എതിരാളികൾക്കു മുന്നിൽ മാത്രമല്ല സ്വന്തം ആരാധകരുടെ മുന്നിൽപ്പോലും അപഹാസ്യരാവുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് ആവർത്തിച്ചത് പതിവു കഥകൾ തന്നെയായിരുന്നു. സ്വന്തം പിഴവുകൾ കൊണ്ട മത്സരം എതിരാളികൾക്കു സമ്മാനിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ തുടക്കം മുതലേ ആക്രമിച്ചു കളിച്ച ചെന്നൈയിൻ എഫ് സി യ്ക്കു മുന്നിൽ പ്രതിരോധത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ചോദിച്ചു വാങ്ങിയ പരാജയമായിരുന്നു ഇന്നലത്തേത്.

കളിയുടെ നാലാം മിനുറ്റിൽ തന്നെ ചെന്നൈ മുന്നിലെത്തി. ക്രിവെല്ലാറോയുടെ ക്രോസിനു കാൽവെച്ച ഷേംബ്രി രഹനേഷിനെ കീഴ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് വല കുലുക്കുമ്പോൾ സമീപത്തുപോലും ഒരു കേരളാ പ്രതിരോധതാരം ഉണ്ടായിരുന്നില്ല. ഷോട്ടുതിർക്കുന്ന കളിക്കാരനെ ക്ലോസ് ഡൌൺ പോലും ചെയ്യാൻ മറന്നുപോകുന്നു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങൾ നൽകിയ സംഭവനയായിരുന്നു ചെന്നൈയുടെ ആദ്യഗോൾ.

പക്ഷെ പത്തുമിനിട്ടിനകം കേരളം ഒപ്പമെത്തി. ബോക്സിനു വെളിയിൽ ലഭിച്ച ഫ്രീകിക്ക് കൗശലപരമായി ഗോളാക്കി മാറ്റിയ ഓഗ്‌ബച്ചേയാണ് ബ്ലാസ്റ്റേഴ്സിനായി സമനിലഗോൾ നേടിയത്. ഇരുപത്തിയേഴാം മിനുട്ടിലാണ് മത്സരത്തിലെ ഏറ്റവും രസകരമായ സംഭവം അരങ്ങേറിയത്. ഡിഫൻസീവ് ഹാഫിൽ കേരളത്തിന്‌ ലഭിച്ച ഫ്രീകിക്ക് പക്ഷെ എടുത്തത് ചെന്നൈ താരമായിരുന്നു. റഫറി അതു ഗോൾ അനുവദിച്ചെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഐ. എസ്. എൽ റഫറിയിങ്ങിന്റെ നിലവാരം വിളിച്ചോതിയ സന്ദർഭമായിരുന്നു അത്.

പക്ഷേ ഈ സംഭവത്തിന്‌ ശേഷം മത്സരം പൂർണമായും ചെന്നൈയിൻ എഫ്. സിയുടെ നിയന്ത്രണത്തിലായി. പക്ഷേ തുടർന്നു ചെന്നൈ നേടിയ രണ്ടു ഗോളുകളും സ്കൂൾ കുട്ടികളെപ്പോലും നാണിപ്പിക്കുന്ന വിധം ഗോളി രഹനേഷ് വരുത്തിയ പിഴവുകളിൽ നിന്നുമാണെന്നു പറഞ്ഞാൽ യാതൊരു അതിശയുക്തിയുമുണ്ടാകില്ല. ചാങ്‌ത്തെയും വാൽസ്കിസും നേടിയ ഗോളുകൾ പന്തു റീഡ് ചെയ്യുന്നതിൽ രഹനേഷിന് സംഭവിച്ച തെറ്റുകളിൽ നിന്നുമാണ് വന്നത്. പന്തു മാത്രം കണ്ടുനിന്ന പ്രതിരോധനിരയും മത്സരത്തിലെ തോൽവിയ്ക്ക് പ്രധാന കാരണമായി.

ചെന്നൈ വിങ്ങർമാർക്കൊപ്പം, പ്രത്യേകിച്ചു ചാങ്‌ത്തേയ്ക്കൊപ്പം ഓടിയെത്താൻ പാടുപെടുന്ന കേരള കളിക്കാർ മത്സരത്തിലെ പതിവുകാഴ്ചയായിരുന്നു. മത്സരവും അർഹിച്ച മൂന്നു പോയിന്റുകളും സ്വന്തമാക്കി ചെന്നൈ കളം വിട്ടപ്പോൾ വർഷങ്ങളായി പേറുന്ന കടങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് നാണക്കേടിന്റെ പുതിയ അധ്യായവും എഴുതിച്ചേർത്തു. പോയിന്റ് പട്ടികയിൽ നിലവിൽ ഒൻപതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചു വരവ് അസാധ്യമായിക്കൊണ്ടിരിക്കുകയാണ്.

Leave a comment