Cricket Editorial Top News

ഇന്ത്യൻ പ്രീമിയർ ലീഗിലെ കുഞ്ഞൻ കോടീശ്വരൻമാർ

December 20, 2019

author:

ഇന്ത്യൻ പ്രീമിയർ ലീഗിലെ കുഞ്ഞൻ കോടീശ്വരൻമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ലേക്കുള്ള താരലേലം അവസാനിക്കുമ്പോൾ കോടികൾ വാരിയത് ലോകക്രിക്കറ്റിലെ വമ്പന്മാർ മാത്രമായിരുന്നില്ല. ഒരുപിടി യുവതാരങ്ങളും മികച്ച പ്രതിഫലവുമായി വൻ ടീമുകളിലേക്കു പ്രവേശനം നേടി. ചെറുപ്രായത്തിൽ തന്നെ ഐ. പി. എല്ലിലെ മികച്ച ഭാവിതാരങ്ങളായി വിലയിരുത്തപ്പെടുന്ന അവരിൽ ചിലരെ പരിചയപ്പെടാം.

യശസ്വി ജൈസ്വാൾ.

ലോകക്രിക്കറ്റിൽ ഇതിനോടകം തന്നെ യശസ്വി വാർത്തയായിക്കഴിഞ്ഞു. കഴിഞ്ഞ അണ്ടർ 19 ഏഷ്യ കപ്പിലും മികച്ച പ്രകടനം നടത്തിയ യശസ്വി അനവധി പ്രതിസന്ധികൾ തരണം ചെയ്താണ് മുന്നേറിയത്. മുംബൈ തെരുവുകളിൽ പാനി പൂരി വിറ്റുനടന്ന് ചെറുബാലന്റെ കഥ ഇന്നു പല ദേശങ്ങളിലും വാഴ്ത്തുപാട്ടായി നിറയുകയാണ്. ഈ കഴിഞ്ഞ വിജയ് ഹസാരെ ടൂർണമെന്റിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും യശസ്വിയ്ക്കു സാധിച്ചു. വരുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായ ഈ മുംബൈ താരത്തെ 2.4 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

വിരാട് സിങ്

പേരിൽ മാത്രമല്ല ഇന്ത്യയുടെ ഭാവി വിരാട് കോഹ്ലിയാകാനുള്ള എല്ലാ പ്രതിഭയും ഈ ജാർഖണ്ഡുകാരനിലുണ്ട്. നിലവിൽ ജാർഖണ്ഡ് രഞ്ജി ടീമിനുവേണ്ടി കളിക്കുന്ന ഈ ഇടംകൈയൻ ബാറ്റസ്മാനുവേണ്ടി രാജസ്ഥാൻ, മുംബൈ, ഹൈദരാബാദ് ടീമുകൾ ശ്രമിച്ചിരുന്നു. ലേലത്തിൽ 1.9 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് ഇരുപത്തിരണ്ടുകാരനായ വിരാടിനെ സ്വന്തമാക്കിയത്.

പ്രിയം ഗാർഗ്.

അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിന്റെ നായകനായ പ്രിയം ഗാർഗിനെ 1.9 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. മികച്ച ആക്രമണവും പ്രതിരോധവും കൈവശമുള്ള ഈ പത്തൊൻപതുകാരനുമേൽ ടീം വലിയ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നത്.

കാർത്തിക് ത്യാഗി.

1.3 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ പേസ് ബൗളറെ സ്വന്തമാക്കിയത്. വെറും പതിനേഴു വയസ്സുമാത്രം പ്രായമുള്ളപ്പോൾ ഉത്തർ പ്രദേശ് രഞ്ജി ടീമിൽ ഇടംനേടിയ കാർത്തിക്കിന്റെ ബൌളിംഗ് യു. പിയ്ക്കു മികച്ച വിജയങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ടീമിലും കാർത്തിക് അംഗമാണ്.

രവി ബിഷ്‌ണോയി

സ്പിന്നർമാർക്കു പഞ്ഞമില്ലാത്ത ഇന്ത്യയിൽ ഒരു സ്പിന്നർ സംസാരവിഷയമാകണമെങ്കിൽ അയാൾ തീർച്ചയായും മികച്ച പ്രതിഭയ്ക്ക് ഉടമയായിരിക്കണം. രവി ബിഷ്‌ണോയി എന്ന രാജസ്ഥാൻകാരന്റെ കാര്യത്തിലും ഇതു വളരെ ശരിയാണ്. അനിൽ കുംബ്ലെയെ പോലെ തന്റെ ഉയരം മികച്ച രീതിയിൽ ഉപയോഗിക്കുന്ന ബിഷ്‌ണോയിയും അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടം നേടിയിട്ടുണ്ട്. ലോകകപ്പിനെ തുടർന്നു വരുന്ന ഐ. പി. എല്ലിലും ലഭിക്കുന്ന അവസരങ്ങൾ മുതലാക്കിയാൽ അയാൾ കൂടുതൽ ഉയരങ്ങളിലെത്തുമെന്നതിൽ സംശയമില്ല. രണ്ടു കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് ആണ് ബിഷ്‌ണോയിയെ ടീമിലെടുത്തത്.

ഐ. പി. എല്ലിൽ കഴിവുതെളിയിച്ച പല വൻതാരങ്ങളും ഇത്തവണ ടീമുകളിൽ ഇടം നേടാൻ കഴിയാതെപോയപ്പോഴാണ് ഇവർ മികച്ച തുകകളുമായി ടീമിൽ ഇടം നേടിയത് ലഭിക്കുന്ന ചെറിയ അവസരങ്ങൾ മുതലാക്കി ഇവർ മുന്നേറിയാൽ തീർച്ചയായും ഈ യുവതാരങ്ങൾ ഭാവിയിൽ മിന്നും താരങ്ങളാകുമെന്നതിൽ സംശയമില്ല.

Leave a comment