സുവർണതാരമായി പാറ്റ് കമ്മിൻസ്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാമത് സീസണിനുവേണ്ടി നടന്ന താരലേലത്തിൽ സുവർണതാരമായിരിക്കുകയാണ് ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഇന്നു നടന്ന ലേലത്തിൽ പതിനഞ്ചര കോടി രൂപയ്ക്കാണ് കൊൽക്കൊത്ത നൈറ്റ് റൈഡർസ് കമ്മിൻസിനെ സ്വന്തം പാളയത്തിൽ എത്തിച്ചത്. 2017ൽ ബെൻ സ്റ്റോക്സിനുവേണ്ടി റൈസിംഗ് പൂനെ സൂപ്പർ ജയന്റെസ് മുടക്കിയ പതിനാലര കോടി രൂപയുടെ റെക്കോർഡ് പഴംകഥയാക്കിയാണ് കമ്മിൻസ് ഐ.പി. എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായത്.
കുട്ടി ക്രിക്കറ്റിൽ അത്ര വലിയ പ്രതിഭാസമല്ലെങ്കിലും സമീപകാലത്തെ മികച്ച ഫോമാണ് ഈ ന്യൂ സൗത് വെയിൽസുകാരനെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മിന്നും താരമാക്കിയത്. കഴിഞ്ഞ ആഷസ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായതാണ് കമ്മിൻസിനെ ഐ.പി.എൽ ഭീമന്മാരുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ലേലത്തിന്റെ തുടക്കത്തിൽ ഡൽഹി ക്യാപിറ്റൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലായിരുന്നു കമ്മിൻസിനു വേണ്ടി വൻ പോരാട്ടത്തിൽ ഏർപെട്ടതെങ്കിൽ അവസാനം മത്സരത്തിലെക്കെത്തിയ കെ. കെ. ആർ റെക്കോർഡ് തുകയ്ക്ക് വലം കയ്യൻ പേസ് ബൗളറെ സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ പക്ഷേ കമ്മീൻസിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. 2014ൽ കെ.കെ.ആറിലൂടെ ലീഗിൽ ഹരിശ്രീ കുറിച്ച കമ്മിൻസ് 2017ൽ ഡൽഹി ഡെയർഡെവിൾസിലെത്തി. തൊട്ടടുത്ത വർഷം അഞ്ചരക്കൊടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് കമ്മിൻസിനെ സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം സീസണിൽ ഒരു മത്സരം പോലും കളിക്കാൻ അയാൾക്കു സാധിച്ചിരുന്നില്ല.
മികച്ച ഫാസ്റ്റ് ബൗളറാണെങ്കിലും പരിക്കുകൾ വേട്ടയാടിയതായിരുന്നു കമ്മിൻസിന്റെ കരിയറിന്റെ തുടക്കം. പക്ഷേ അവയെ അതിജീവിച്ചു തിരിച്ചുവന്ന അയാൾ മിച്ചൽ സ്റ്റാർക്കിനൊപ്പം ഓസീസ് പേസ് ബാറ്ററിയുടെ നെടുംതൂണായി മാറി. പരിക്കുമൂലം മിച്ചൽ സ്റ്റാർക് മാറി നിന്നപ്പോഴെല്ലാം ഓസീസ് ബൗളിങ്ങിനെ മുന്നിൽ നിന്നു നയിക്കാനും കമ്മിൻസിനു സാധിച്ചിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് കമ്മിൻസിന് 2019. ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ലോകകപ്പിലടക്കം മികച്ച ബൌളിംഗ് കാഴ്ചവെച്ചതോടെ ഏകദിന റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തും എത്താൻ കമ്മിൻസിനു കഴിഞ്ഞിരുന്നു.
പക്ഷേ ടി ട്വൻറിയിൽ കമ്മിൻസ് ഇനിയും തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യൻ പിച്ചുകളിൽ നടക്കുന്ന ഒരു ടൂർണമെന്റിൽ ഒരു ഫാസ്റ്റ് ബൗളർക്ക് ഇത്രയേറെ പ്രതിഫലം ആവശ്യമാണോ എന്ന ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുന്നു. തനിക്കു ലഭിച്ച ഉയർന്ന പ്രതിഫലത്തുകയെ ന്യായീകരിക്കുന്ന പ്രകടനം കമ്മിൻസ് പുറത്തെടുത്താൽ അത് കെ.കെ. ആറിനു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.






































