Editorial Foot Ball Top News

നെയ്മർ ആദ്യം തെളിയിക്കേണ്ടത് പി.സ്.ജി യുമായി ചാമ്പ്യൻസ് ലീഗ് നേടിയാണ്; ലോക കപ്പ് പുറകെ പോന്നോളും

December 18, 2019

നെയ്മർ ആദ്യം തെളിയിക്കേണ്ടത് പി.സ്.ജി യുമായി ചാമ്പ്യൻസ് ലീഗ് നേടിയാണ്; ലോക കപ്പ് പുറകെ പോന്നോളും

മെസ്സിയുടെയും റൊണാൾഡോയുടെയും നിഴലിൽ നിന്ന് മാറി നില്ക്കാൻ ആയിരുന്നു നെയ്മറിന്റെ പി.സ്.ജി. യിലേക്കുള്ള യാത്രയുടെ ലക്‌ഷ്യം തന്നെ. പക്ഷെ ഫ്രഞ്ച് ചാമ്പ്യന്മാരുടെ കൂടെ കൂടിയിട്ടും പ്രസ്തുത ലക്‌ഷ്യം എത്രത്തോളം കൈവരിച്ചിരിക്കുന്നു എന്നുള്ളത് തർക്കവിഷയമാണ്. ദൈർഖ്യമേറിയ പരിക്കുകളും ആരാധകരുമായിട്ടുള്ള വഴക്കും അദ്ദേഹത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി. എന്നാൽ നെയ്മറുടെ നേതൃത്വത്തിൽ പി.സ്.ജി. അവരുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുകയാണെങ്കിൽ നെയ്മറെ കായിക ലോകം നോക്കി കാണാൻ പോവുക മറ്റൊരു തലത്തിൽ ആയിരിക്കും.

എന്റെ അഭിപ്രായത്തിൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് അടിക്കാൻ ഏറ്റവും സാധ്യത ഉള്ള ടീമുകൾ ലിവർപൂളും ബാഴ്സയും തന്നെയാണ്. ക്ളോപ്പും മെസ്സിയുമാണ് ഈ രണ്ടു ടീമുകളെ വ്യത്യസ്തരാക്കുന്നത്. റയലും ബയേണും സിറ്റിയും കളിക്കുന്ന ആക്രമണ ഫുട്ബോൾ കണ്ടാൽ പലപ്പോഴും ഭയം തോന്നാറുണ്ടെങ്കിലും, ചാമ്പ്യൻസ് ലീഗിൽ എത്രത്തോളം സ്ഥിരത പ്രകടിപ്പിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. ആയതിനാൽ ബാഴ്സയും ലിവർപൂളും കഴിഞ്ഞാൽ ശക്തിയുടെ കാര്യത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരെ തന്നെ പരിഗണിക്കേണ്ടി വരും.

കവാനി, നെയ്മർ, എമ്ബാപ്പെ ആക്രമണത്രയം സ്വപ്നതുല്യമാണ്. അവരെ പകരം വെക്കുന്നതാകട്ടെ ഇകാർഡി, ഡി മരിയ, ഡ്രാക്സ്ലർ ത്രയവും. മധ്യനിരയിൽ വെറാട്ടി, ഗയെ, പരേഡസ്, പാബ്ലോ സറബിയ എന്നിവരടങ്ങുന്ന താരങ്ങൾ കളിയിൽ മേധാവിത്വം ശക്തമായി പുലർത്തുന്നവരുമാണ്. തിയാഗോ സിൽവ, മാർക്വിഞൊസ് എന്നിവർ നയിക്കുന്ന പ്രധിരോധ നിര മറികടക്കണമെങ്കിൽ നന്നായി വിയർപ്പൊഴുക്കേണ്ടിയും വരും. നെയ്മറെ പോലെ തന്നെ ലോകത്തിന് മുമ്പിൽ താൻ ഏറ്റവും മികച്ചവൻ എന്ന് തെളിയിക്കാൻ വെമ്പുന്ന കൈലാർ നവാസ് വലയും കൂടി കാക്കുന്ന പി.സ്.ജി ഇത്തവണത്തെ “ഹോട്ട് ഫേവറിറ്റസ്” തന്നെയാണ്.

അവരിൽ ഏതെങ്കിലും കുറവ് ഉണ്ടെങ്കിൽ അത് മാനേജർ ആയ തോമസ് ടക്കൾ മാത്രമാണ്. ഒരു ടീമിനെ ചാമ്പ്യൻസ് ലീഗ് അടിപ്പിക്കാനുള്ള കഴിവൊക്കെ അദ്ദേഹത്തിന് ഉണ്ടോ എന്ന കാര്യം സംശയമാണ്. ബൊറൂസിയ ഡോട്ട്മണ്ടിൽ ക്ളോപ്പിന്റെ നിഴലിന് ഒപ്പം എത്താൻ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. നെയ്മറെ സംബന്ധിച്ചു എന്നാൽ ടക്കലിന്റെ പോരായ്മ ഉർവശി ശാപമാകാൻ സാധ്യത ഉണ്ട്. പക്ഷെ അത് അവർ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുകയാണെങ്കിൽ മാത്രം. കാരണം പി.സ്.ജി ചാമ്പ്യൻസ് ലീഗ് അടിക്കണമെങ്കിൽ, ഇത്രയധികം പ്രതിഭയും പരിചയസമ്പത്തും ഉള്ള നെയ്മർ, ഒരു നായകനെ പോലെ കളിച്ചേ മതിയാകു. ലിവർപൂൾ, ബാഴ്സ പോലുള്ള ടീമുകളെ നേരിടേണ്ടി വന്നാൽ ഫ്രഞ്ച് ചാമ്പ്യന്മാർ അദ്ദേഹത്തിൽ ആശ്രയിക്കുന്നതും ചെറുതായിട്ടാകില്ല.

മെസ്സി ഒരിക്കൽ, നെയ്മർ തന്റെ പകരക്കാരനായി ബാഴ്സയിൽ വരട്ടെ എന്ന് ആഗ്രഹം പ്രകടിപ്പിക്കുക ഉണ്ടായി. എന്നാൽ എല്ലാ അർത്ഥത്തിലും മെസ്സിയുടെ പകരക്കാരായി നെയ്മർ വരണമെങ്കിൽ പി.സ്.ജി യുമായി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം അദ്ദേഹത്തിന് ആവശ്യമാണ്. അല്ലെങ്കിൽ മറ്റൊരു ഗ്രീസ്മാൻ മാത്രമായി അദ്ദേഹവും ചുരുങ്ങും.

Leave a comment