ഹെട്മായർ, ഹോപ് – അതെ നിങ്ങളൊരു പ്രതീക്ഷയാണ്
ജയ പരാജയങ്ങളെ കുറിച്ച് വേവലാതി പെടാതെ ക്രിക്കറ്റിനെ ആഘോഷമാക്കുന്നവരാണ് കരീബിയൻ ജനത,ആട്ടവും, പാട്ടുമായി അവർ സ്റ്റേഡിയം ഒരു ഉത്സവാന്തരീക്ഷമാക്കുന്നത് നമ്മൾ പല തവണ കണ്ടാസ്വദിച്ചിട്ടുമുണ്ട്.
ഹെട്മയറിനെയും, ഹോപിനെയും പോലെയുള്ളവർ ഇന്നലെ കളിക്കളത്തിൽ കാഴ്ച്ച വച്ച മനോഹര ഇന്നിങ്സുകൾ അവരുടെ സന്തോഷം ഇരട്ടിയാക്കുകയാണ്,ഈ യുവ തുർക്കികൾ അവരിൽ വീണ്ടും പ്രതീക്ഷകൾ നിറയ്ക്കുകയാണ്, ഇന്ത്യയിൽ വന്നു ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ച്ച വെച്ചു ചെന്നൈ ആരാധകരിൽ നിന്നും സ്റ്റാന്റിംഗ് ഒവേഷൻ സ്വീകരിച്ചു പവിലയനിലേക്ക് നടന്നകന്ന ആ ചെറുപ്പക്കാരനിൽ ഒരു മികച്ച ഏകദിന ബാറ്റ്സ്മാൻ ആവാനുള്ള എല്ലാ ചേരുവകളും അടങ്ങിയിട്ടുണ്ട്, അതെ അയാൾ തന്റെ കഴിവിനെ മനസിലാക്കി കഠിനാദ്വാനം ചെയ്താൽ, വിൻഡീസ് ജനത ഇനിയും ഒരുപാട് ആഘോഷിക്കും ആ ദ്വീപിന്റെ വിജയങ്ങൾ…
തന്റെ പേര് പോലെ ഹോപ് ഒരു പ്രതീക്ഷയാണ്, കൈ കരുത്തുകൊണ്ട് ഏതൊരു സ്റ്റേഡിയവും ക്ലിയർ ചെയ്യാനുള്ള കഴിവുകൾ നിറഞ്ഞ ആ ബാറ്റിംഗ് നിരയിലെ താരങ്ങൾക്ക് അയാൾ നൽകുന്നൊരു സന്ദേശമുണ്ട് നിങ്ങൾ നിങ്ങളുടെ സ്വതസിന്ധമായ ശൈലിയിൽ ബാറ്റ് വീശിക്കൊള്ളൂ ഒരറ്റം ഞാൻ ഭദ്രമാക്കികൊള്ളാം. അതെ അതാണ് ഇന്നലെ നമ്മൾ ചെന്നൈയിൽ വീക്ഷിച്ചത്, ഫോമിലുള്ള ഹെട്മയറിനു പെട്ടെന്ന് സ്ട്രൈക്ക് കൈമാറി അയാൾ ഒരറ്റം സൂക്ഷിച്ചപ്പോൾ ആധികാരിക ജയത്തോടെ പരമ്പരയിൽ അവർ മുന്നിൽ എത്തിയിരിക്കുന്നു….
ഇവർ രണ്ടു പേരും വരും കാലങ്ങളിൽ അവരുടെ കഴിവിനോട് നീതി പുലർത്തിയാൽ വിൻഡീസ് ക്രിക്കറ്റിന് ഗ്രൗണ്ടിൽ പലതും നേടാൻ സാധിക്കും, പൊള്ളാർഡ് എന്ന നായകനും, കോട്ട്റെലിനെ പോലുള്ള ബൗളേഴ്സും അവരെ മുന്നോട്ട് നയിക്കാൻ കെല്പുള്ളവരാണ്, ക്രിക്കറ്റ് ബോർഡ് വേണ്ട വിധത്തിൽ ഇവരെ വളർത്താൻ ശ്രമിച്ചാൽ ലോക ക്രിക്കറ്റിലെ ഒരു വലിയ ശക്തിയായി അവർ വരും നാളെകളിൽ അറിയപ്പെടുക തന്നെ ചെയ്യും,
ഹെട്മായർ, ഹോപ് അതെ നിങ്ങളൊരു പ്രതീക്ഷയാണ്, ആ പ്രതാപ കാലം അകലയെല്ല എന്ന് ആ ജനത വിശ്വസിക്കുന്നത് ഒരുപക്ഷെ നിങ്ങളിലൂടെ ആവാം, പൊരുതുക, പോരാടുക, ദൈവം തന്ന ആ കഴിവുകൾ കഠിനാധ്വാനത്തിലൂടെ രാകി മിനുക്കുക……
Pranav Thekkedath






































