Cricket Editorial Top News

ട്രാക്കിലെത്തുന്ന കരീബിയൻ കരുത്ത്

December 16, 2019

author:

ട്രാക്കിലെത്തുന്ന കരീബിയൻ കരുത്ത്

വളരെകാലങ്ങൾക്കു ശേഷം വിൻഡീസ് ക്രിക്കറ്റിനു ഏകദിന ഫോർമാറ്റിൽ പ്രതീക്ഷകൾ നൽകുന്നതാണ് ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ അവർ നേടിയ വിജയം. ഇന്ത്യ ഉയർത്തിയ 288 റണ്ണുകൾ എന്ന വിജയലക്ഷ്യം സമകാലീന ക്രിക്കറ്റിൽ അത്ര വലുതല്ലെങ്കിലും അവർ അതു നേടിയെടുത്ത രീതി അത്ര മികച്ചതായിരുന്നു. വ്യക്തമായ പദ്ധതികളോടെ പന്തെറിഞ്ഞ ബൗളർമാരും തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ ഉയർത്തിയ വെല്ലുവിളികളെ ക്ഷമയോടെ നേരിട്ടു കൃത്യമായി ആവിഷ്കരിച്ച ഒരു റൺ ചേസിലൂടെ അവരുടെ ബാറ്റ്സ്മാന്മാരും ചേർന്നു നേടിയ ആധികാരികമായ ഒരു വിജയം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്ന്.

ടോസ് നേടി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ച വിൻഡീസ് മത്സരത്തിന്റെ തുടക്കം മുതലേ ഇന്ത്യൻ ബാറ്സ്മാന്മാരെ നിയ്രന്തിച്ചു നിർത്തി. രോഹിതും രാഹുലും തങ്ങളുടെ സ്വതസിദ്ധ ശൈലിയിൽ ബാറ്റ ചെയ്യാൻ വിഷമിച്ചതോടെ അവർ സമ്മദ്ദത്തിലായെന്നു പറയുന്നതാകും ശരി. അതിന്റെ പൂർണമായ ഫലം വിൻഡീസിനു ലഭിച്ചത് മത്സരത്തിന്റെ ഏഴാം ഓവറിലായിരുന്നു. ഒരോവറിൽ തന്നെ രാഹുലിനെയും ഇന്ത്യൻ നായകൻ വിരാട് കൊഹ്‍ലിയെയും പുറത്താക്കിയ കോട്രൽ കളി വിൻഡീസിന് അനുകൂലമാക്കി മാറ്റി.

രോഹിത് ശർമയ്‌ക്കൊപ്പം യുവതാരം ശ്രേയസ് അയ്യർ കൂടി ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് വീണ്ടും ട്രാക്കിലേക്കു മടങ്ങിയെത്തി. റൺ റേറ്റ് പ്രതീക്ഷിച്ച രീതിയിലുള്ളതായിരുന്നില്ല എങ്കിലും കൂറ്റൻ അടികളിലൂടെ അതു പരിഹരിക്കാൻ കെൽപ്പുള്ള രോഹിതും അയ്യരും ക്രീസിൽ നിൽകുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ മങ്ങിയിരുന്നില്ല. പക്ഷേ കളിയുടെ ഗതിയ്ക്കു വിപരീതമായി ജോസെഫിന്റെ പന്തിൽ രോഹിതും പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകേണ്ട ദൗത്യം മധ്യനിരയുടെ ചുമലിലായി.

തന്റെ ചുമലിൽ നിക്ഷേപിക്കപ്പെട്ടിരുന്ന വിമർശനങ്ങളുടെ ഭാരം ഇറക്കിവെയ്ക്കുവാൻ ലഭിച്ച അവസരം ഋഷഭ് പന്ത് നന്നായി വിനിയോഗിച്ചു. അയ്യരും പന്തും ചേർന്നു ടീമിനെ മികച്ച ടോട്ടലിൽ എത്തിക്കുമെന്നു കരുതിയെങ്കിലും അവസാന പത്തോവറുകളിലേക്കു കടക്കുന്നതിനുമുന്നേ ഇരുവരും പുറത്തായത് ഇന്ത്യയ്ക്കു വിനയായി. ക്രീസിൽ നിലയുറപ്പിച്ച ഇരുവരും പുറത്തായത് അവസാന ഓവറുകളിൽ റണ്ണടിച്ചുകൂട്ടാനുള്ള കരുത്ത് ഇന്ത്യയിൽ നിന്നും ചോർത്തിക്കളഞ്ഞു എന്നു പറഞ്ഞാലും അതിശയോക്തി ഉണ്ടാകില്ല. ജാദവും ജഡേജയും കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യൻ സ്കോർ മുന്നൂറു കടത്താൻ അവർക്കു സാധിച്ചില്ല. നിശ്ചിത അൻപതോവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 287 റണ്ണുകൾക്ക് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

മറുപടിബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് തുടക്കത്തിലേ സുനിൽ ആംബ്രിസിനെ നഷ്ടമായെങ്കിലും ഓപ്പണർ ഷൈ ഹോപ്പിനൊപ്പം ഹെറ്റ്മേയർ കൂടി ക്രീസിലെത്തിയതോടെ ഇന്ത്യൻ ബൗളർമാരെ നിയന്ത്രിച്ചു നിർത്തി. സ്കോറിങ് വേഗത കുറവായിരുന്നെങ്കിലും മറുവശത്തു അടിച്ചു തകർത്ത ഹെറ്റ്മേയറിനു മികച്ച പിന്തുണ നൽകാൻ ഹോപ്പിനു സാധിച്ചു. മുപ്പതു ഓവറുകളിലധികം ഇന്ത്യൻമാർക്കു വിക്കറ്റ് നിഷേധിച്ച ഇരുവരുടെയും കൂട്ടുകെട്ട് വിൻഡീസ് വിജയം ഉറപ്പാക്കിയാണ് വഴിപിരിഞ്ഞത്. വെറും എൺപത്തിയഞ്ചു പന്തുകളിൽ സെഞ്ചുറി തികച്ച ഹെറ്റ്മേയർ 139 റണ്ണുകളെടുത്തപ്പോൾ ഹോപ് 102 റണ്ണുകളുമായി പുറത്താകാതെ നിന്ന വിൻഡീസ് വിജയം ഉറപ്പാക്കി.

ഇന്ത്യൻ ബൗളിങ്ങിനുമേൽ ഒരുപാടു ചോദ്യങ്ങൾ ഉയർത്തുന്നതാണ് വിൻഡീസിന്റെ വിജയം. പ്രത്യേകിച്ച് ശിവം ദുബെ പോലുള്ള ടി ട്വൻറി സ്പെഷ്യലിസ്റ്റ് കളിക്കാർ അൻപതോവർ ക്രിക്കറ്റിൽ എത്രമാത്രം വിജയിക്കുമെന്ന സംശയങ്ങൾ ഉയർന്നേക്കാം. പക്ഷേ ടി ട്വൻറി സ്പെഷ്യലിസ്റ്റുകൾ നിറഞ്ഞ വിൻഡീസ് ടീമിന് ഈ വിജയം തീർച്ചയായും ഊർജ്ജമാകും.

Leave a comment