Editorial Foot Ball Top News

കിതച്ചുകൊണ്ടേയിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ്

December 14, 2019

author:

കിതച്ചുകൊണ്ടേയിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ്

ഇനിയുമെത്ര കാലം കാത്തിരിക്കണം ഈ ആരാധകക്കൂട്ടം. ഇത്രയേറെ ഭ്രാന്തമായി തങ്ങളുടെ ക്ലബ്ബിനെ സ്നേഹിക്കുന്ന ആരാധകപെരുമ ഇന്ത്യയിൽ മറ്റേതെങ്കിലുമൊരു ഫുട്ബോൾ ക്ലബ്ബിന് അവകാശപ്പെടാൻ സാധിക്കുമോ എന്നതു തന്നെ സംശയമാണ്. എങ്കിലും അവർക്ക് അർഹമായത് നൽകാൻ ഒരിക്കൽക്കൂടി കേരളാ ബ്ലാസ്റ്റേഴ്‌സിന് സാധിക്കാതെ പോകുന്നു.

“പൊരുതി നേടിയ സമനില, രണ്ടു ഗോളുകൾക്കു പിന്നിലായശേഷം വീറോടെ പൊരുതിയ പോരാട്ടവീര്യം.” ഇന്നലത്തെ ജാംഷെഡ്പൂർ എഫ്.സിയ്ക്കെതിരായ മത്സരത്തെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാൻ തോന്നുമെങ്കിലും യാഥാർഥ്യം മറിച്ചല്ലേ?. മത്സരം നടന്നത് കേരളത്തിന്റെ ഹോം ഗ്രൗണ്ടിലാണ്. നമ്മുടെ സ്വന്തം കൊച്ചിയിലാണ്. ഇത്രയും പിന്തുണ നൽകുന്ന കാണികൾക്കു മുന്നിൽ എത്ര അലസമായാണ് ബ്ലാസ്റ്റേഴ്‌സ് കളി തുടങ്ങിയത്. തുടക്കത്തിലേ തന്നെ ഗോൾ കീപ്പർ രഹനേഷിന്റെ ബോൾ ക്ലിയർ ചെയ്യുന്നതിലെ പിഴവ് ഭാഗ്യം കൊണ്ടു മാത്രമാണ് ഗോളാകാതെ പോയത്.

പിന്നീടങ്ങോട്ടും ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിലെ അലസമനോഭാവം തുടർന്നു. പലപ്പോഴും അനായാസമായി സഹതാരങ്ങളെ കണ്ടെത്താമായിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പാസുകൾ ജംഷഡ്പൂർ കളിക്കാരെ തേടിയാണെത്തിയത്. ജംഷെദ്‌പൂരിന്റെ ആദ്യ ഗോളിനു കാരണമായ പെനാൽറ്റിയ്ക്കു വഴിയൊരുക്കിയ ആ കോർണർ വന്ന വഴി ഒരു പ്രൊഫഷണൽ ക്ലബ്ബിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാവുന്നതല്ല. ആദ്യപകുതി അവസാനിക്കുമ്പോൾ നിർഭാഗ്യത്തെ പഴിക്കുവാൻ പോലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു സാധിക്കുമായിരുന്നില്ല.

സ്വന്തം ഹോം ഗ്രൗണ്ടിൽ എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നതിനു പകരം സ്വയം സൃഷ്ടിച്ച സമ്മർദ്ദത്തിൽനിന്നും കരകയറാൻ പാടുപെടുന്ന ബ്ലാസ്റ്റേഴ്സിനെയാണ് രണ്ടാം പകുതിയിൽ കണ്ടത്. നന്നായിതന്നെയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ കളിച്ചത്. പക്ഷേ അത് ആദ്യപകുതിയിൽ ടീം കാട്ടിയ അലസത പരിഹരിക്കാൻ മാത്രമേ മതിയാകുമായിരുന്നുള്ളൂ. ആ പ്രക്രിയയ്‌ക്കിടയിൽ വീണ്ടും ഒരു പ്രതിരോധപിഴവിൽനിന്നും ജാംഷെഡ്പൂർ രണ്ടാം ഗോളും നേടി.

ഒരു വിജയം അനിവാര്യമായ മത്സരത്തിൽ സമനിലയ്ക്കായി പൊരുതേണ്ടിവന്ന ബ്ലാസ്‌റ്റേഴ്‌സിനെയാണ് പിന്നീട് നാം കണ്ടത്. തെറ്റുകളിൽ നിന്നും അവർ പാഠമുൾക്കൊള്ളുന്നുവെന്ന ന്യായീകരണത്തിന് ഇനിയും ഇവിടെ സ്ഥാനമുണ്ടോ?. ബ്ലാസ്റ്റേഴ്‌സ് അഞ്ചു ഹോം മാച്ചുകളും കളിച്ചുകഴിഞ്ഞിരിക്കുന്നു അതിൽ ഒരു മത്സരത്തിൽ മാത്രമാണ് വിജയം നേടാൻ സാധിച്ചത്. തീർച്ചയായും പരുക്ക് ഒരു പരിധിവരെ ടീമിനു വിനയായിട്ടുണ്ട്. പക്ഷേ തുടർച്ചയായി വിജയിക്കാവുന്ന മത്സരങ്ങൾ കൈവിടുന്നതിന് അതൊരു ന്യായീകരണമല്ല. ടീമിലെ എല്ലാവരും പ്രൊഫഷനലുകളാണ് എന്ന കാര്യം നാം മറക്കരുത്.

“റാഫേൽ മെസ്സി ബൗളി”. സീസൺ തുടങ്ങുന്നതിനു മുന്നേ ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഏറ്റവും ദുർബലനായ വിദേശ താരം എന്നായിരുന്നു ഈ കാമറൂൺ താരത്തെ വിലയിരുത്തിയിരുന്നത്. പക്ഷേ ഇപ്പോളയാൾ ബ്ലാസ്റ്റേഴ്സ പ്രകടനങ്ങളിലെ ചെറിയൊരു പ്രതീക്ഷയാവുകയാണ്. അതേ, ഒരു ഡെഡ്ലി സ്‌ട്രൈക്കർക്കു വേണ്ട ശരീരഘടനയോ സ്ഥിതിവിവരകണക്കുകളോ അയാൾക്കില്ല. പക്ഷേ ടീമിനോട് അയാൾ കാട്ടുന്ന പാഷൻ, ആത്മാർത്ഥത അതെല്ലാം മറ്റു കളിക്കാർക്ക് ഉദാഹരണമാവുകയാണ്. വേണ്ട സമയത്തു ഗോളടിച്ചു ടീമിനെ രക്ഷിക്കാൻ അയാൾക്കു സാധിക്കുന്നു.

തിരിച്ചുവരവിനായി ഇനിയും സമയമുണ്ട് ബ്ലാസ്റ്റേഴ്സിന്. പക്ഷേ അതിനുള്ള ശ്രമങ്ങൾ ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രകടിപ്പിക്കാനുള്ള സമയം അതിക്രമിക്കുകയാണ്. മികച്ച ഒരു മത്സരം മതി കാര്യങ്ങൾ മാറിമറിയാൻ. ഒരുപക്ഷേ ഇതായിരുന്നു ആ മത്സരമെങ്കിൽ.

ആഗ്രഹങ്ങൾക്ക് അതിരുകളില്ലല്ലോ.

Leave a comment