ക്ലോപ്പിന്റെ പാത പിന്തുടരുന്ന ശിഷ്യൻ
ജർമൻ ബുണ്ടസ് ലീഗയിൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെയും ആരാധകരുടെ പ്രിയടീമായ ബൊറൂസിയ ഡോർട്മുണ്ടിനെയും പോലും പിന്തള്ളി ഒന്നാം സ്ഥാനത്തു തുടരുകയാണ് ബൊറൂസിയ ഗ്ലാഡ്ബാഷ്. പതിനാലു മത്സരങ്ങളിൽ നിന്നും മുപ്പത്തിയൊന്നു പോയന്റുകളുമായി ഗ്ലാഡ്ബാഷ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ സംസാരവിഷയമാകുന്നത് അവരുടെ പരിശീലകൻ മാർക്കോ റോസ് കൂടിയാണ്. ജർമൻ ലീഗിലെ ജുർഗൻ ക്ലോപ് എന്നാണ് മാധ്യമങ്ങൾ ഇപ്പോൾ റോസിനെ വിശേഷിപ്പിക്കുന്നത്.
വിശേഷണങ്ങൾ പോലെതന്നെ ലിവർപൂൾ പരിശീലകനുമായി റോസിന്റെ ശൈലിയ്ക്കു ബന്ധമുണ്ട. ക്ലോപ് ജർമ്മൻ ക്ലബ്ബായിരുന്ന മറീൻസിനെ പരിശീലിപ്പിക്കുമ്പോൾ അവരുടെ പ്രതിരോധതാരമായിരുന്നു റോസ്.
മറീൻസ് രണ്ടാം ഡിവിഷൻ സഹപരിശീലകനായാണ് റോസ് തന്റെ കോച്ചിങ്ങ് കരിയറിനു തുടക്കമിട്ടത്. പിന്നീട് ലിപ്സിഷിന്റെയും സൽസ്ബെർഗ് യുവനിരയുടെയും സാൽസ്ബർഗ് സീനിയർ ടീമിന്റെയും പരിശീലകനായ അയാൾ സാൽസ്ബെർഗിനെ യുവേഫ യൂത്ത് ലീഗ് ചാമ്പ്യന്മാരും സീനിയർ ടീമിനെ തുടർച്ചയായി രണ്ടു സീസണുകളിൽ ഓസ്ട്രിയൻ ബുണ്ടസ് ലീഗ ചാമ്പ്യന്മാരാക്കിയുമാണ് ഫുട്ബോൾ ലോകത്തു ശ്രദ്ധേയനാകുന്നത്. ഈ സീസൺ തുടക്കത്തിലാണ് റോസ് ഗ്ലാഡ്ബാഷ് പരിശീലകനാകുന്നത്.
ജർമനിയിലെ വമ്പൻ ക്ലബ്ബുകളായ ഷാൽകെ, വോൾസ്ബർഗ് മുതലായവരുടെ ഓഫറുകൾ നിരസിച്ചാണ് റോസ് ഗ്ലാഡ്ബാഷിന്റെ പരിശീലകനായി കടന്നുവന്നത്. ലിവർപൂൾ എന്ന ക്ലബ്ബിന്റെ കടിഞ്ഞാൺ ക്ളോപ് ഏറ്റെടുക്കുമ്പോൾ ക്ലബ്ബ് ഏത് അവസ്ഥയിൽ ആയിരുന്നുവോ അതിനു സമാനമായിരുന്നു ഗ്ലാഡ്ബാഷിന്റേതും. മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കാനുള്ള കരുത്ത് ഉണ്ടെങ്കിലും സീസൺ അവസാനഭാഗത്തെത്തുമ്പോഴേക്കും അവരുടെ കിരീടപ്രതീക്ഷകൾ അസ്തമിച്ചിരുന്നു. തന്റെ പഴയ ക്ലബ്ബായ സാൽസ്ബർഗിൽനിന്നുമെത്തിയ സ്റ്റെഫാൻ ലെയ്‌നർ, ബയേൺ മ്യൂണിക്കിനെതിരായ വിജയത്തിൽ ഗോൾ നേടിയ ബേൺസ്‌ബൈനി മുതലായ യുവതാരങ്ങളെ ടീമിലെത്തിച്ച റോസ് ടീമിനെ തന്റെ ശൈലിക്കനുസരിച്ചു മാറ്റിയെടുത്തു. വളരെ വേഗത്തിൽ കളിക്കാരുമായി മികച്ച ആത്മബന്ധം സൃഷ്ടിച്ച റോസ് ടീമിന്റെ മനോഭാവം തന്നെ മാറ്റിയെടുക്കുകയായിരുന്നു. തന്റെ പരിശീലകനും റോൾ മോഡലുമായിരുന്ന ക്ളോപ്ലിൽ നിന്നും താൻ പഠിച്ച പാഠങ്ങൾ റോസ് അതേപടി ഗ്ലാഡ്ബാഷിൽ പ്രവൃത്തികമാക്കി.
അതിനുള്ള ഫലവും വളരെവേഗം ടീമിനെത്തേടിയെത്തി. ബുണ്ടസ് ലീഗയിലെ കഴിഞ്ഞ മത്സരത്തിൽ സാക്ഷാൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ് റോസിന്റെ ഗ്ലാഡ്ബാഷ്. പക്ഷേ ഇനിയും കഠിനമാണ് അവരുടെ പാത. പക്ഷേ ആരാധകർക്ക റോസിൽ വിശ്വാസമുണ്ട്. അദ്‌ഭുതങ്ങൾ കാട്ടാൻ അയാൾക്കു കെൽപുണ്ടെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ക്ലോപ്പ് ഒരിക്കൽ അയാളെപ്പറ്റി പറഞ്ഞതുപോലെ
“Marco can have any job and could do any job too,
He is really the most hyped coach of all.”






































