യുവേഫ ചാംപ്യൻസ് ലീഗ്; ആദ്യ റൗണ്ടിന് തിരശീല വീഴുമ്പോൾ
യുവേഫ ചാംപ്യൻസ് ലീഗ് പ്രാഥമിക ഘട്ടത്തിന് ഇന്നു തിരശ്ശീല വീഴുകയാണ്. വൻ അട്ടിമറികൾ ഒന്നും തന്നെ സൃഷ്ടിക്കപ്പെട്ടില്ല എങ്കിലും ചില വമ്പന്മാർക്കു ആദ്യറൗണ്ടിൽത്തന്നെ കാലിടറിയിട്ടുണ്ട്. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലൻ, ഡച്ചു ക്ലബ്ബ് അയാക്സ് മുതലായവയാണ് ആദ്യറൗണ്ടിൽ തന്നെ പുറത്താക്കപ്പെട്ട വമ്പന്മാർ.
ഗ്രൂപ്പ് എയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വളരെ ലളിതമാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായ പി. എസ്. ജി, രണ്ടാം സ്ഥാനക്കാരായി റയൽ മാഡ്രിഡ് എന്നീ ടീമുകൾ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ ഒരു മത്സരം ബാക്കിനിൽക്കെ ആരാകും യൂറോപ്പയിലേക്കു പോവുക എന്നതു തീരുമാനമായിട്ടില്ല. മൂന്നു പോയിന്റുള്ള ക്ലബ്ബ് ബ്രൂഗയും, രണ്ടു പോയിന്റുള്ള ഗലാറ്റസറായും അതിനുള്ള ശ്രമങ്ങൾ തുടരും. അവസാന റൗണ്ടിൽ യഥാക്രമം റയൽ മാഡ്രിഡ്, പി. എസ്. ജി എന്നിവരെയാണ് നേരിടേണ്ടത് എന്നതിനാൽ ഇരു ടീമുകൾക്കും മത്സരം കടുപ്പമാണ്.
ഗ്രൂപ്പ് ബിയിൽ നിന്നും ബയേണും ടോട്ടനവും നോകൗട്ട് റൗണ്ട് പ്രവേശം ഉറപ്പാക്കിയിരുന്നു. റെഡ് സ്റ്റാർ ബെൽഗ്രേഡും ഒളിമ്പ്യക്കോസും തമ്മിലുള്ള വ്യത്യാസം വെറും രണ്ടു പോയൻറ് ആണെന്നതിനാൽ ഇരുടീമുകളും തമ്മിലുള്ള ഇന്നത്തെ മത്സരവിജയിയാകും മൂന്നാം സ്ഥാനം നേടുക. മത്സരം സമനിലയായാൽ റെഡ് സ്റ്റാർ യൂറോപ്പയിൽ കളിക്കും.
ഗ്രൂപ്പ് സിയിൽ സ്ഥിതി അൽപം കടുപ്പമാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി രണ്ടാം റൗണ്ടിലെത്തിയെങ്കിലും രണ്ടാം സ്ഥാനക്കാരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്ത സ്ഥാനങ്ങളിലുള്ള ഷാക്തർ, ഡയനാമോ സാഗ്രെബ്, അറ്റ്ലാന്റാ ടീമുകൾ തമ്മിൽ ഓരോ പോയൻറ് മാത്രമാണ് വ്യത്യാസം എന്നതിനാൽ ഇന്നു നടക്കുന്ന മത്സരങ്ങൾ നിർണായകമാണ്. സാഗ്രെബിന്റെ മത്സരം സിറ്റിയോടാണ് എന്നതിനാൽ ഷാക്തർ – അറ്റ്ലാന്റാ മത്സര വിജയികൾ രണ്ടാം റൗണ്ടിലെത്തുമെന്നു പ്രതീക്ഷിക്കാം. എങ്കിലും ഫുട്ബോളിൽ എന്തും സംഭവിക്കാം.
ഗ്രൂപ്പ് ഡിയിലെ ചാംപ്യൻമാർ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ആണ്. രണ്ടാം സ്ഥാനത്തിനായി അത്ലറ്റികോ മാഡ്രിഡും ബയെറും തമ്മിലുള്ള വടംവലി തുടരുന്നുവെങ്കിലും ഇന്നു നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പിലെ അവസാനസ്ഥാനക്കാരായ ലോക്കോമോറ്റീവ് മോസ്‌കോയെ പരാജയപ്പെടുത്തിയാൽ അത്ലറ്റികോയ്ക്കു രണ്ടാം റൗണ്ടിലേക്ക് മുന്നേറാം.
ഇന്നലെ രാത്രി നടന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇ, എഫ്, ജി, എച് എന്നിവയിലെ ചുവരെഴുത്തുകൾ പൂർണമായും വ്യക്തമായിരുന്നു. ലിവർപൂളും നാപോളിയും ഗ്രൂപ്പ് ഇയിൽ നിന്നും മുന്നേറിയപ്പോൾ റെഡ് ബുൾ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മരണഗ്രൂപ്പായ എഫ് ഗ്രൂപ്പിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും ജർമ്മൻ ക്ലബ്ബ് ഡോർട്മുണ്ടും അതിജീവിച്ചപ്പോൾ ശക്തരായ ഇന്റർമിലാൻ പരാജയം രുചിച്ചു. ഗ്രൂപ്പ ജിയിൽ ലെപ്സിഗും ലിയോണും രണ്ടാം റൗണ്ടിലെത്തിയപ്പോൾ ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ പോർട്ടുഗൽ ക്ലബ്ബ് ബെനെഫിക്ക യൂറോപ്പാ കളിക്കാൻ യോഗ്യത നേടി. മറ്റൊരു മരണ ഗ്രൂപ്പായ എച്ചിൽ സ്പാനിഷ് ക്ലബ്ബ് വാലെൻഷ്യ, ഇംഗ്ളീഷ് ക്ലബ്ബ് ചെൽസി എന്നിവർ രണ്ടാം റൗണ്ടിന് യോഗ്യത നേടിയപ്പോൾ കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ അയാക്സ് അപ്രതീക്ഷിതമായി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
യൂറോപ്പിന്റെ കിരീടത്തിനായുള്ള പോരാട്ടത്തിൽ അവസാന പതിനാറിൽ ഇനി രണ്ടു സ്ഥാനം മാത്രമാണ് തീരുമാനിക്കപ്പെടാനുള്ളത്. ഇന്നു രാത്രി നടക്കുന്ന മത്സരങ്ങളോടെ അവയും ഉറപ്പാകുമ്പോൾ ടീമുകളും ആരാധകരും അടുത്ത കാത്തിരിപ്പു തുടങ്ങും. വമ്പൻ പോരാട്ടങ്ങൾക്കായുള്ള കാത്തിരിപ്പ്.






































