യുവേഫ ചാമ്പ്യൻസ് ലീഗ് ; കടുപ്പമേറുന്ന ഗ്രൂപ്പ് എച്ച്
ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രയാസമേറിയ ഗ്രൂപുകളിൽ ഒന്നായിരുന്നു ഗ്രൂപ്പ് എച്.
ഇംഗ്ലീഷ് ക്ലബ് ചെൽസി, ഡച്ച് ചാമ്പ്യന്മാരായ അജാക്സ്, സ്പാനിഷ് ക്ലബ് വലൻഷ്യ, ഫ്രഞ്ച് ക്ലബ് ലില്ലേ എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എച്ചിൽ ഏതാണ്ട് തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരങ്ങളുടെ ദിനമായിട്ടും ഒരു ടീം പോലും ഈ ഗ്രൂപ്പിൽ നിന്നും ഇതുവരെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടില്ല. പത്തു പോയിന്റുമായി അജാക്സ് ഗ്രൂപ്പിൽ മുന്നിട്ടു നിൽകുമ്പോൾ ചെൽസിയും വാലെൻഷ്യയും എട്ടുവീതം പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. ഇരുടീമുകളും തമ്മിലുള്ള ഗോൾ വ്യത്യാസവും തുല്യമായതിനാൽ തമ്മിലുള്ള പോരാട്ടത്തിലെ മേൽക്കോയ്മ സ്പാനിഷ് ക്ലബ്ബിനെ രണ്ടാം സ്ഥാനത്തു നിർത്തുന്നു.
പക്ഷേ ഒന്നാം സ്ഥാനത്തുള്ള അജാക്സിനു പോലും ഇതുവരെ നോക്കോട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പായിട്ടില്ല. അവരുടെ അടുത്ത മത്സരം രണ്ടാം സ്ഥാനത്തുള്ള വാലെൻഷ്യയുമായാണ് എന്നതാണ് അതിനു കാരണം. മത്സരം അജാക്സ് തോൽക്കുകയും ചെൽസി – ലില്ലേ മത്സരത്തിൽ ചെൽസി വിജയിക്കുകയും ചെയ്താൽ അജാക്സിന് പുറത്തേക്കുള്ള വഴി തെളിയും. പക്ഷേ മത്സരം സമനിലയിൽ കലാശിച്ചാൽ അജാക്സ് രണ്ടാം റൗണ്ടിലെത്തും.
രണ്ടാം സ്ഥാനത്തുള്ള വാലെൻഷ്യക്കും മുന്നോട്ടുള്ള വഴി കടുപ്പമേറിയതാണ്. അടുത്ത മത്സരത്തിലെ വിജയം അവർക്കു രണ്ടാം റൗണ്ട് പ്രവേശനം ഉറപ്പാക്കുമെങ്കിലും മത്സരം സമനിലയിലായാൽ ചെൽസി ലില്ലെക്കെതിരെ വിജയിക്കാതിരിക്കുവാൻ പ്രാർത്ഥിക്കുക മാത്രമാണ് അവർക്കു മുന്നിലുള്ള വഴി. അജാക്സിനെതിരായ മത്സരം പരാജയപ്പെട്ടാൽ ചെൽസിയുടെ തോൽവി അവരെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിപ്പിക്കും. അജാക്സിനെതിരായ മത്സരം എവേ ഗ്രൗണ്ടിൽ ആണെന്നതും വാലെൻഷ്യ ആരാധകരുടെ നെഞ്ചിടിപ്പു വർദ്ധിപ്പിക്കുന്നുണ്ടാകും.
മൂന്നാം സ്ഥാനത്തുള്ള ചെൽസിയെ സംബന്ധിച്ചിടത്തോളം ലീലയ്ക്കെതിരായ മത്സരത്തിലെ വിജയം അവരെ സ്വാഭാവികമായും രണ്ടാം റൗണ്ടിലെത്തിക്കും. മത്സരം ജയിച്ചാൽ അജാക്സ് – വാലെൻഷ്യ മത്സരത്തിലെ വിജയികൾക്കൊപ്പം അവർ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടും. ലില്ലേയ്ക്കെതിരായ മത്സരം സമനിലയിൽ കലാശിച്ചാൽ വാലെൻഷ്യയുടെ പരാജയത്തിനു മാത്രമേ ചെൽസിയ്ക്കു ശുഭകരമായ വാർത്ത നൽകൂ. മത്സരം സ്വന്തം മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണെന്നതും ലില്ലേ ഗ്രൂപ്പിലിതുവരെ ഒരു മത്സരം പോലും വിജയിച്ചിട്ടില്ല എന്നതും ചെൽസിയ്‌ക്കു പ്രതീക്ഷകൾ നൽകുന്നു. പക്ഷേ പ്രീമിയർ ലീഗിൽ അവസാന രണ്ടു മത്സരങ്ങളും തോറ്റ ടീമിന് ഈ മത്സരം ഒരു അഗ്നിപരീക്ഷയാകുമെന്നതിൽ സംശയമില്ല.
മൂന്നു ടീമുകൾക്കും കാര്യങ്ങൾ കടുപ്പമാണെന്നിരിക്കെ ഇന്ത്യൻ സമയം ഇന്നു രാത്രി 1.30നു നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളും ആരാധകരുടെ നെഞ്ചിടിപ്പിന് വേഗം കൂട്ടുകയാണ്. ഗ്രൂപ്പിൽ നിന്നും ആരൊക്കെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുമെന്നും ഏതു ടീം യൂറോപ്പാ മത്സരങ്ങൾക്കായി പോകുമെന്നും ഇന്നു രാത്രിയോടെ തീരുമാനമാകും.






































