കാൽപന്തിനൊപ്പം സഞ്ചരിക്കുന്ന ലോകം
ഇന്ന് ലോക ഫുട്ബോൾ ദിനം.
ലോകത്തിൽ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ആഘോഷിക്കപ്പെടുന്ന വിനോദം. ജാതി, മത, വർണ വ്യത്യാസമന്യേ എല്ലാവരും ഒരുപോലെ പിന്തുടരുന്ന പ്രതിഭാസം. കാൽപന്തിനു മാത്രം അവകാശപ്പെടാനുള്ള മേന്മകളാണിവ.
മെസ്സിയുടെ ഇടം കാലിൽനിന്നുമുയരുന്ന പന്തിന്റെ ഗതിവേഗത്തെ പിന്തുടരുവാൻ, റൊണാൾഡോയുടെ ബൈസിക്കിൾ കിക്കിന്റെ സാങ്കേതികവശങ്ങൾ ഉറക്കമൊഴിച്ചിരുന്നു ചർച്ച ചെയ്യുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകവും അതുതന്നെയല്ലേ?. കാൽപന്തുകളിയോടുള്ള അടങ്ങാത്ത ഭ്രാന്ത്. മൈതാനത്തിൽ ഒരു പന്തിനു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഇരുപത്തിരണ്ടു പേരുടെ ഒരിക്കലുമവസാനിക്കാത്ത പോരാട്ടങ്ങളുടെ വീരകഥകൾ ഏത്രയാണുള്ളത്?. ആ കഥകൾ ഒരിക്കലും അവസാനിക്കുകയുമില്ല. അവ തുടരും, ഈ ലോകം അവസാനിക്കുന്നിടത്തോളം കാലം.
ലോകത്തിൽ ഫുട്ബോളിലൂടെ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയവുമില്ല. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാൻ, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുവാൻ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ ശബ്ദമായി മാറുവാൻ, കാൽപന്തിനു കഴിഞ്ഞിട്ടുണ്ട്. മനസ്സിലെ വൈരവും വിദ്വേഷവും അലിയിച്ചുകളയുന്ന സാർവലായകമായ ഒരു ചെറിയ ഗോളം. പക്ഷേ അതിനോളം വിശാലമാകാൻ ഭൂഗോളത്തിനു പോലും സാധിക്കുന്നില്ല. തൊണ്ണൂറു മിനുട്ടു നേരത്തെ യുദ്ധത്തിനൊടുവിൽ പരസ്പരം ഒരു പുഞ്ചിരിയോടൊപ്പം കുപ്പായങ്ങളും കൈമാറുമ്പോൾ അവർ പരത്തുന്നതു വളരെ വലിയൊരു സന്ദേശമാണ്. ഹൃദയങ്ങളിൽ സ്നേഹം പടർത്തുവാൻ ഫുട്ബോളിനോളം മറ്റൊരു ഗെയിമിനും സാധിക്കില്ലെന്നുള്ള മഹത്തായ സന്ദേശം.
നൂറ്റിരുപതു ദശലക്ഷത്തിലേറെ കളിക്കാർ നാളിതുവരെ പ്രൊഫഷണൽ ഫുടബോൾ ലോകത്തു പന്തു തട്ടിയിട്ടുണ്ടെന്നാണ് കണക്ക്. അതിലെത്രപേരെ നാമറിയും?. എങ്കിലും അവരെല്ലാം നമുക്കു പ്രിയപ്പെട്ടവരാണ്. കാരണം ഒന്നേയുള്ളൂ അവർ പന്തു തട്ടുന്നത് പുൽമൈതാനങ്ങളിലല്ല. നാമോരോരുത്തരുടേയും മനസ്സിലാണ്. ആ പന്തിനൊപ്പം മൈതാനത്തിലൂടെ നമ്മുടെ ദൃഷ്ടികൾ സഞ്ചരിക്കുമ്പോൾ വിശപ്പും ദാഹവും പോലും പലപ്പോഴും നാം മറന്നു പോകാറില്ലേ?.
ആഫ്രിക്കയുടെ കരുത്തുമായി നമ്മുടെ മനസ്സിനെ മദിച്ചെത്തിയ ദിദിയർ ദ്രോഗ്ബ, ലോകം മുഴുവൻ ഫുട്ബോൾ ഒരു ലഹരിയായി പടർത്തിയ മറഡോണ, ടോട്ടൽ ഫുട്ബോളിന്റെ ഓറഞ്ച് വസന്തം തീർത്ത ക്രൈഫ്, ഫിനിഷിങ് മികവിന്റെ പര്യായം റൊണാൾസോ ഡി ലിമ അങ്ങനെ എത്രയെത്ര താരങ്ങൾ ആ പുൽമൈതാനങ്ങളിൽ പൊന്നു വിളയിച്ചു കടന്നുപോയിരിക്കുന്നു. ഒരു കാൽപിഴവിന്റെ പഴി വെടിയുണ്ടകളായി സ്വന്തം നെഞ്ചിലേറ്റുവാങ്ങിവീണ ആന്ദ്രേ എസ്കോബാർ, ഇംഗ്ളീഷ് ചാനലിന്റെ ആഴങ്ങളിൽ മറഞ്ഞുപോയ എമിലിയാനോ സാല, ഫുട്‍ബോളിന്റെ ആകാശത്തു ഉയർന്നു പറക്കുന്ന സ്വപ്‌നങ്ങൾ പകുതിയാക്കി ചിറകറ്റു വീണ ചാപ്‌കോയെൻസും ടോറിനോയും മ്യൂണിക് ദുരന്തത്തിൽ ചാരമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രിയതാരങ്ങളും, അറ്റ്ലാന്റിക് സമുദ്രത്തിൽ കരിഞ്ഞു വീണ സാംബിയൻ ദേശീയ ടീമംഗങ്ങൾ. അങ്ങനെ നമ്മെ കണ്ണീരണിയിച്ച എത്രയോ അധ്യായങ്ങൾ ആ പന്തിനുമേൽ കുറിക്കപ്പെട്ടിരിക്കുന്നു. മനുഷ്യഹൃദയങ്ങളിൽ ഇത്രെയേറെ പടർന്നു കയറിയ മറ്റൊരു വിനോദമുണ്ടോ?.
കാലചക്രത്തിനൊപ്പം ആ പന്തും ഉരുണ്ടുകൊണ്ടേയിരിക്കും. അതിനൊപ്പം മനുഷ്യനും സഞ്ചരിക്കും. തലമുറകൾ കഴിഞ്ഞാലും ആ സഞ്ചാരം തുടരും. അത്രയേറെ ഫുട്ബോൾ മനുഷ്യഹൃദയത്തോട് ഇണങ്ങിക്കിച്ചേർന്നിരിക്കുന്നു. ശരീരവും ആത്മാവും പോലെ.






































