ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്രിക്കറ്റ് ആവേശം
എത്ര ശ്രമിച്ചാലും മറക്കാൻ സാധിക്കാത്ത ഒരു അനുഭൂതിയാണത്. മൈതാനത്തിൽ പതിനായിരങ്ങൾക്കൊപ്പം ഒരേ മനസ്സുമായി ഇഷ്ടടീമിനു വേണ്ടി, പ്രിയ താരങ്ങൾക്കുവേണ്ടി ആർത്തു വിളിയ്ക്കുക, അവരുടെ പ്രകടനങ്ങളെ ആസ്വദിക്കുക. ജീവിതത്തിൽ എല്ലായ്‌പോഴും ലഭിക്കുന്ന അനുഭവങ്ങളല്ല അവ.
വീണ്ടുമൊരിക്കൽക്കൂടി ആ അവസരം മലയാളികൾക്കു മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നു. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ പുൽമൈതാനിയിൽ ഇന്ത്യ – വിൻഡീസ് ടീമുകൾ കൊമ്പുകോർക്കുമ്പോൾ ഗാലറിയിൽ ആരാധകർ ആവേശത്തിരമാലകൾ തീർക്കും. അതിനൊപ്പം ഒരു ഇന്ത്യൻ വിജയം കൂടിയായാൽ ഇരട്ടി മധുരവും.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ മധുരം കൊച്ചിയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്കു പറിച്ചു നട്ടപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു പ്രകടനങ്ങൾക്കും സാക്ഷിയായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും തെക്കൻ കേരളത്തിലേക്ക് ക്രിക്കറ്റ് ചേക്കേറിയെങ്കിലും മലയാളിയുടെ ആവേശത്തിന് ഒട്ടും തന്നെ കോട്ടം സംഭവിച്ചിട്ടില്ല. ഇവിടെ നടന്ന എല്ലാ മത്സരങ്ങൾക്കും സൂചികുത്താനിടമില്ലാത്ത വിധം കാണികൾ തിങ്ങിനിറഞ്ഞ ഗാലറികൾ അതിന്റെ തെളിവാണ്.
ഗ്രീൻഫീൽഡിന് മുന്നേ തന്നെ കേരളത്തിന്റെ തലസ്ഥാനനഗരം നിശ്ചിത ഓവർ ക്രിക്കറ്റിന് ആതിതേയത്വം വഹിച്ചിരുന്നു. അനന്തപുരിയുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയം 1984ലും 1988ലും ഏകദിന ക്രിക്കറ്റ് മത്സരങ്ങൾക്കു വേദിയായിരുന്നു. അതിനു ശേഷമാണ് ഏകദിന ക്രിക്കറ്റിന്റെ ആവേശം അറബിക്കടലിന്റെ റാണി ഏറ്റെടുത്തത്.
2017 നവംബർ ഏഴാം തീയതി ഇന്ത്യയിലെ അന്പതാമത്തെ ക്രിക്കറ്റ് വേദിയായാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം അനാവരണം ചെയ്യപെട്ടത്. ന്യൂസിലന്റിനെതിരായ ടി ട്വന്റി മത്സരത്തിലൂടെയാണ് സ്റ്റേഡിയം ഇന്റർനാഷണൽ ക്രിക്കറ്റ് രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മഴ തിമിർത്തു പെയ്തെങ്കിലും മൈതാനത്തിലെ മികച്ച ഡ്രൈനേജ് സിസ്റ്റം മൂലം എട്ടോവറുകൾ വീതമുള്ള ഒരു മത്സരം നടത്തുവാൻ അന്നു സാധിച്ചു. മത്സരം ആറു റണ്ണുകൾക്കു ജയിച്ച ഇന്ത്യ മൈതാനത്തിൽ വിജയത്തോടെ ഹരിശ്രീ കുറിക്കുകയും ചെയ്തു.
തൊട്ടടുത്ത വർഷം വിൻഡീസുമായുള്ള മത്സരത്തിലൂടെയാണ് സ്റ്റേഡിയം ആദ്യമായി അൻപതോവർ ക്രിക്കറ്റ് മത്സരത്തിനു വേദിയായത്. ആൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബൌളിംഗ് പ്രകടനത്തിലൂടെ എതിരാളികളെ വെറും 104 റണ്ണുകൾക്കു ചുരുട്ടികൂട്ടിയ ടീം ഇന്ത്യ രോഹിത് ശർമയുടെ വിസ്ഫോടാത്മക ബാറ്റിങ്ങിലൂടെ ഒൻപതു വിക്കറ്റിന്റെ അനായാസ വിജയം നേടുകയായിരുന്നു.
തുടർച്ചയായ മൂന്നാം വർഷവും ക്രിക്കറ്റ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വിരുന്നെത്തിയിരിക്കുന്നു. നമ്മുടെ സ്വന്തം സഞ്ജു സാംസൺ ടീമിലില്ലായെന്ന ചെറിയൊരു സങ്കടം ബാക്കിയുണ്ടെങ്കിലും മലയാളി എല്ലാം മറന്നു ക്രിക്കറ്റിനെ ആസ്വദിക്കുമെന്നു തീർച്ച.






































