Cricket Editorial Top News

തിരുവനന്തപുരത്തു സഞ്ജു കളിക്കാനിറങ്ങുമോ?

December 8, 2019

author:

തിരുവനന്തപുരത്തു സഞ്ജു കളിക്കാനിറങ്ങുമോ?

സ്വന്തം നാട്ടിൽ ഒരു മത്സരം കളിക്കാൻ സാധിക്കുമോ സഞ്ജു സാംസണ്?.

ക്രിക്കറ്റ്‌ പ്രേമികളായ ഓരോ മലയാളിയും മനസ്സിൽ ഉന്നയിക്കുന്ന ചോദ്യമാകും ഇത്. തുടർച്ചയായ രണ്ടാം സീരീസിലും ആദ്യ പതിനഞ്ചംഗ സ്‌ക്വാഡിൽ ഉൾപെട്ടിട്ടും ഇതുവരെ അവസാന ഇലവനിൽ സ്ഥാനം പിടിക്കാൻ സഞ്ജുവിനു സാധിച്ചില്ല. ഇന്നു തന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് വിൻഡീസിനെതിരെ നടക്കുന്ന മത്സരത്തിൽ സഞ്ജുവിനു കളിക്കാനാകണെയെന്നാകും അവരുടെ പ്രാർത്ഥനയും.

പക്ഷേ സഞ്ജുവിനെ അവസാന ഇലവനിൽ നിന്നും മാറ്റി നിർത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ടീമിലെ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഋഷഭ് പന്തിനു തന്നെയാണ് ഒന്നാം സ്ഥാനം എന്നതു തന്നെ. ഒരു ടി ട്വൻറി ലോകകപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു പരീക്ഷണത്തിനു കോഹ്ലിയും ശാസ്ത്രിയും മുതിരുമോ എന്നതിൽ സംശയമുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ് ഓർഡറിൽ പന്തിനു സ്ഥാനക്കയറ്റം നൽകിയതും അയാളുടെ ആത്മവിശ്വാസം ഉയർത്താൻ വേണ്ടിയാകാം.
ഇനിയും പന്ത് നിരാശപ്പെടുത്തിയാലും സഞ്ജുവിന് അവസരം നൽകുമോയെന്നതും കണ്ടറിയണം.

പിന്നീട് എവിടെയാണ് സഞ്ജുവിന്റെ സ്ഥാനം?

തീർച്ചയായും അയാളുടെ മികച്ച പ്രകടനങ്ങൾ ടീമിലിടം നേടുവാൻ സഞ്ജുവിനെ പ്രാപ്തനാക്കുന്നുണ്ട്. നിലവിൽ ഒരു വിക്കറ്റ് കീപ്പർ എന്നതിനേക്കാൾ ഒരു ടോപ് ഓർഡർ ബാറ്റ്സ്മാൻ എന്ന നിലയിലാകും സഞ്ജുവിന്റെ ടീമിലെ സ്ഥാനം. ഓർക്കുക, കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് ഒരു ബാറ്റ്സ്മാൻ എന്ന നിലയിലാണെന്ന് സെലക്ടർമാർ തന്നെ അഭിപ്രായപെട്ടിരുന്നു. ടീമിൽ നിന്നും മാറി നിന്ന വിരാട് കൊഹ്‌ലിയ്ക്കു പകരമാണ് സഞ്ജു ടീമിൽ ഇടം നേടിയതും. ഈ വിൻഡീസ് പാരമ്പരയിലാകട്ടെ പരിക്കേറ്റ ടോപ് ഓർഡർ ബാറ്റ്സ്മാൻ ശിഖർ ധവാന് പകരമായാണ് സഞ്ജു ആദ്യ പതിനഞ്ചിൽ എത്തിയത്. പക്ഷേ മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ് മുതലായ ബാറ്റ്സ്മാൻമാർ ആഭ്യന്തര ക്രിക്കറ്റിൽ സഞ്ജുവിനേക്കാൾ ഫോമിലാണ്. അവർക്കു പോലും ടീമിൽ സ്ഥിരമായി ഇടം നേടാൻ സാധിക്കുന്നില്ല.

എന്തുകൊണ്ടാണ് ഇന്ത്യൻ ടീം വിക്കെറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാത്തത്?. ഇടക്കാലത്ത്‌ കേരള ടീമിൽ പോലും സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ഉപേക്ഷിച്ചതുമൂലമാകാം. ആ സത്യം മനസ്സിലാക്കിയാകാം അയാൾ വീണ്ടും വിക്കറ്റിനു പിന്നിൽ തിരികെയെത്തിയതും. ഇന്നു നടക്കുന്ന മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമോയെന്നറിയില്ല. കഴിഞ്ഞ മത്സരത്തിലെ വിജയിച്ച ഇലവനിൽ കോഹ്ലിയും സംഘവും മാറ്റം വരുത്താൻ സാധ്യതയില്ലെങ്കിലും ആഗ്രഹിക്കാം അയാൾ സ്വന്തം നാട്ടിൽ ആ നീലക്കുപ്പായത്തിൽ കളിക്കാനിറങ്ങുമെന്ന്.

Leave a comment