Cricket Editorial Top News

ഇന്ത്യ vs വിൻഡീസ് ട്വന്റി ട്വൻറി; ലോകകപ്പിനൊരുങ്ങാൻ ടീം ഇന്ത്യ

December 6, 2019

author:

ഇന്ത്യ vs വിൻഡീസ് ട്വന്റി ട്വൻറി; ലോകകപ്പിനൊരുങ്ങാൻ ടീം ഇന്ത്യ

മറ്റൊരു ട്വൻറി ട്വൻറി പരമ്പരയ്ക്കു കൂടി ഇന്ത്യ ഇറങ്ങുകയാണ്. വിൻഡീസിനെതിരെ മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കായി തയ്യാറെടുക്കുമ്പോൾ വിരാടിന്റെയും ശാസ്ത്രിയുടെയും മനസ്സിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളാണെന്നതിൽ സംശയമില്ല. കഴിഞ്ഞ രണ്ടു തവണയായി കൈയകലത്തിൽ നഷ്ടമായ കിരീടം നേടാനുറച്ചു തന്നെയാകും ഇത്തവണ വിരാടും സംഘവും കളത്തിലിറങ്ങുക. പരീക്ഷണങ്ങൾ തുടരുമെങ്കിലും ലോകകപ്പിനായി ഒരു നിര ഇപ്പോൾ തന്നെ അവരുടെ മനസ്സിൽ രൂപം കൊണ്ടിരിക്കും.

പക്ഷേ ചില കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഓപണിംഗിൽ രോഹിത് ശർമയ്‌ക്കൊപ്പം ആരു പാഡ് കെട്ടും എന്നതാകും അവയിൽ ആദ്യത്തേത്. നിലവിൽ അത്ര ഫോമിലല്ലെങ്കിലും ഐ. സി. സി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ശിഖർ ധവാൻ വേണമോ അതോ നിലവിൽ ആഭ്യന്തര ടി ട്വന്റി ടൂർണമെന്റുകളിൽ മികച്ച ഫോമിൽ ബാറ്റു ചെയ്യുന്ന കെ. എൽ രാഹുൽ വേണമോ എന്നത് തീർച്ചയായും വിരാടിന്റെ ചിന്തകളെ കുഴയ്ക്കുന്നുണ്ടാകാം. വിലക്കു മാറി തിരികെ വന്ന പൃഥ്വി ഷാ, ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മായങ്ക് അഗർവാൾ എന്നിവരും ഓപ്പണിങ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെങ്കിലും. വിരാടിന്റെ പ്ലാനുകളിൽ ധവാനും രാഹുലും തന്നെയാകും.

വിക്കെറ്റ് കീപ്പർ സ്ഥാനമാകും ഇപ്പോഴും ആരുടേയും പിടിയിലൊതുങ്ങാത്ത മറ്റൊരു പൊസിഷൻ. ഋഷഭ് പന്തിന്റെ മോശം പ്രകടനങ്ങൾ നായകനെയും കോച്ചിനെയും മാറ്റി ചിന്ദിപ്പിക്കുന്നുണ്ടാകാം. കേരളാ ബാറ്റ്സ്മാൻ സഞ്ജു സാംസൺ, മുംബൈ വിക്കെറ്റ് കീപ്പർ ഇഷാൻ കിഷൻ എന്നിവർക്കും സാധ്യതയുണ്ടെങ്കിലും ഇപ്പോഴും മാനേജ്മെന്റ് പന്തിൽ വിശ്വസിക്കുന്നു. വിൻഡീസിനെതിരായ പരമ്പരയിലും പന്ത് തന്നെയാകും വിക്കറ്റ് കീപ്പറെങ്കിൽ ലോകകപ്പിനു തൊട്ടുമുന്നെ ഇനിയൊരു മാറ്റം സംഭവിക്കാൻ സാധ്യത കുറവാണ്. നിലവിൽ ടീമിൽ നിന്നും മാറിനിൽക്കുന്ന മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി ലോകകപ്പിനു മുന്നേ ടീമിൽ തിരിച്ചെത്താനുള്ള സാധ്യതയും വിദൂരമല്ല.

ശിവം ദുബേയ്ക്കും ഈ വിൻഡീസ് പരമ്പര നിർണായകമാണ്. പരിക്കു മൂലം ഹാർദിക് പാണ്ട്യ മാറിനിന്നതുമൂലം ബംഗ്ലാദേശിനെതിരെ ലഭിച്ച അവസരം നന്നായി വിനിയോഗിച്ച ദുബേയ്ക്കു വിൻഡീസ് പരമ്പരയിൽകൂടി തിളങ്ങാൻ സാധിച്ചാൽ ആദ്യ പതിനഞ്ചിൽ ഇടമുറപ്പിക്കാം. നാലാം നമ്പരിൽ ശ്രേയസ് അയ്യർ ഏതാണ്ട് സ്ഥാനമുറപ്പിച്ചതോടെ മിഡിൽ ഓർഡറിൽ ഭാഗ്യം പരീക്ഷിക്കുന്ന മനീഷ് പാണ്ഡേയും സീരിസിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. കുൽ ചാ സഖ്യത്തിന് പകരം ഇന്ത്യയുടെ യഥാർത്ഥ ത്രീ ഡയമൻഷൻ പ്ലയെർ രവീന്ദ്ര ജഡേജ ടീമിലുണ്ടാകാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

കുറച്ചു കാലം മുൻപുവരെ ഭുവി ബുംറ സഖ്യത്തിന്റെ കുത്തകയായിരുന്ന പേസ് ബൌളിംഗ് ഡിപ്പാർട്മെന്റിന്റെ സ്ഥിതി ഗതികൾ മാറിയത് വളരെ പെട്ടന്നാണ്. ബംഗ്ലാദേശ് പരമ്പരയിൽ മികച്ച ഫോമിലായിരുന്ന ദീപക് ചഹാർ ഭുവിയെ മറികടന്നു ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായാൽ അദ്‌ഭുതപ്പെടാൻ സാധിക്കില്ല. മുഹമ്മദ്‌ ഷമി കൂടി ചേരുന്നതോടെ പേസ് ബൌളിംഗ് ഡിപ്പാർട്മെന്റിലെ പ്രതിഭാധാരാളിത്തം നായകന് സുഖകരമായ തലവേദന സൃഷ്ടിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിൽ ആണെന്നുകൂടിയാണ് ഈ പ്രതിഭാധാരാളിത്തം തെളിയിക്കുന്നത്.

Leave a comment