Editorial Foot Ball Top News

സമനിലച്ചരടു പൊട്ടാതെ കേരള മുംബൈ പോരാട്ടം

December 6, 2019

author:

സമനിലച്ചരടു പൊട്ടാതെ കേരള മുംബൈ പോരാട്ടം

മുംബൈ ഫുട്ബോൾ അറീനയിലും പുതുതായി ഒന്നും തന്നെ സംഭവിച്ചില്ല. ഒരു കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സംഭവിക്കുന്ന പതിവു ഫലം തന്നെ. മെസ്സിയുടെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സമനില പിടിച്ചു. പതിവിനു വിപരീതമായി ഗോൾ നേടിയതിനു തൊട്ടടുത്ത നിമിഷം എന്നൊരു പ്ര്രത്യേകത മാത്രം.

വിജയം മാത്രമാണ് മുന്നോട്ടുള്ള വഴിയിൽ ടീമിനു ഊർജം നൽകുക എന്ന സത്യം മനസ്സിലാക്കിയാണ് ഇരു ടീമുകളും മത്സരത്തെ സമീപിച്ചത്. തുടക്കത്തിലേ തന്നെ ലീഡ് നേടാൻ ഇരു ടീമുകളും കൈ മെയ് മറന്നു പോരാടിയതോടെ പോരാട്ടം ശക്തി പ്രാപിച്ചു. ജൈറോയ്ക്ക് പകരം ടീമിലെത്തിയ വ്ലാട്കോ ഡ്രോബറോവിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചപ്പോൾ നായകൻ ഓഗ്‌ബച്ചേ പരിക്കു മൂലം ആദ്യ ഇലവനിൽ നിന്നും പുറത്തായി.

റാകിപ്, മെസ്സി, ജെസ്സെൽ കാർണീരോ മുതലായവരുടെ മികച്ച പ്രകടനമാണ് കേരളത്തിന്റെ ആക്രമണങ്ങൾക്കു കരുത്തായത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തുറന്നെടുത്തെങ്കിലും ഗോളാക്കി മാറ്റുന്നതിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര പരാജയപ്പെട്ടു. മെസ്സിബൗളിയുടെ ഗോളെന്നുറച്ച രണ്ടു അവസരങ്ങൾ തട്ടിയകറ്റിയ മുംബൈ ഗോളി അമരീന്ദർ സിങിന്റെ ഫോമും കേരളത്തിന്‌ വിനയായി. മെസ്സി ബൗളിയുടെ ഒരു സിസർ കട്ട് ശ്രമം ഏറെ പണിപ്പെട്ടാണ് അമരീന്ദർ കുതിയകറ്റിയത്. പലപ്പോഴും അറുപതിലേറെ ബോൾ പൊസഷനുമായാണ് കേരളം കളിച്ചത്. ലഭിച്ച പന്തുകളിൽ നിന്നും ചെർമിറ്റിയും സുഗുവും ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഗോൾ രഹിത സമനില പാലിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ലോങ്ങ്‌ ബോൾ തന്ത്രവുമായാണ് മുംബൈ മത്സരത്തെ സമീപിച്ചത്. പലപ്പോഴും കേരള ഗോളി രഹനേഷിനെ പരീക്ഷിക്കാനും അവർക്കു സാധിച്ചു. മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുട്ടിലാണ് സമനില ചരടു പൊട്ടിച്ച ഗോൾ മെസ്സിയുടെ ബൂട്ടിൽ നിന്നും വന്നത്. മത്സരത്തിലുടനീളം മികച്ച കളി കെട്ടഴിച്ച മെസ്സി ജെസ്സലിന്റെ പാസ് സ്വീകരിച്ചു ഒരു ഇടംകാൽ ഷോട്ടിലൂടെ അമരീന്ദറിനെ കീഴ്പെടുത്തി.

ഗോൾ നേടിയ ആഹ്ലാദം കേരളം അവസാനിപ്പിക്കുന്നതിന് മുന്നേ മുംബൈ സമനിലഗോൾ കണ്ടെത്തി. സുഗുവിന്റെ ഹെഡർ പാസ് സ്വീകരിച്ചു ചെർമിറ്റി തൊടുത്ത ഷോട്ട് രഹനേഷ് തടുത്തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ചെർമിറ്റി തന്നെ ഗോൾ നേടുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും സമനിലയിൽ തൃപ്‌തരായതുപോലെ കളിച്ചതോടെ ഫലവും അതുതന്നെയായി. സീസണിൽ ആദ്യമായാണ് മുംബൈ ഹോം ഗ്രൗണ്ടിൽ ഒരു പോയൻറ് നേടുന്നത്.

മിഡ് ഫീൽഡിൽ സഹലിന്റെ നിരാശാ ജനകമായ പ്രകടനമാണ് കേരള ആരാധകരുടെ പ്രതീക്ഷകൾ തകർത്തത്. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്ത ജിക്സൺ സിങ്ങും പ്രതീക്ഷയ്‌ക്കൊത്തു തിളങ്ങിയില്ല. വിജയി്ക്കാമായിരുന്ന ഒരു മത്സരം കൂടി സമനിലയിലാക്കിയതോടെ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിക്കുകയാണ്.

Leave a comment