കിരീടത്തിലേക്കു കുതിയ്ക്കുന്ന ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാലു റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ലിവർപൂൾ എതിരാളികളില്ലാതെ കുതിക്കുകയാണ്. ഒരു മത്സരം കൂടുതൽ കളിച്ച മാഞ്ചസ്റ്റർ സിറ്റിയേക്കാൾ എട്ടുപോയന്റിന്റെ വ്യക്തമായ ആധിപത്യം ലിവർപൂളിനുണ്ട്. ചെൽസിയും ലെസ്റ്റർ സിറ്റിയുമടങ്ങുന്ന ടോപ് ഫോറിന് അടുത്തൊന്നും എത്തിപ്പെടാൻ സാധ്യതയില്ലാത്ത രീതിയിലാണ് ലിവർപൂൾ കുതിയ്ക്കുന്നത്.
കളിച്ച പതിനാലു മത്സരങ്ങളിൽ ഒന്നു പോലും തോൽകാതെയാണ് ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്നത്. അതിൽ പതിമൂന്നു മത്സരങ്ങളും വിജയിച്ച അവർ ഒരു മത്സരത്തിൽ മാത്രമാണ് സമനിലയെങ്കിലും വഴങ്ങിയത്. ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു ടീം രണ്ടാം സ്ഥാനത്തുള്ള ടീമുമായി ഇത്രയധികം പോയൻറ് വ്യത്യാസം നേടുന്നതും അടുത്തിടെ ഇത് ആദ്യമായാകും.
ലീഗിൽ ഒരു ഘട്ടത്തിലും ലിവർപൂളിന്റെ കുതിപ്പു തടയാൻ എതിരാളികൾക്കു കഴിയുന്നില്ല. ചാംപ്യൻസ് ലീഗ് മത്സരത്തിൽ നാപോളിയോടു സംഭവിച്ച തോൽവി മാറ്റി നിർത്തിയാൽ ഒരു പിഴവുപോലും സീസണിൽ ഇതുവരെ അവർക്കു സംഭവിച്ചിട്ടില്ല. ഒന്നാം നിര സ്‌ട്രൈക്കർമാരായ സല, മാനെ, ഫിർമിഞ്ഞോ എന്നിവർ ഗോളടിക്കാൻ മറന്ന് മത്സരങ്ങളിൽ പ്രതിരോധനിര താരം വിർജിൽ വാൻ ഡെക്ക്, ആദ്യ ഇലവനിൽ സ്ഥിരം സ്ഥാനം ലഭിക്കാത്ത ഒരിജി മുതലായവരുടെ ഗോളിൽ ജയിച്ചു കയറിയ ചരിത്രം ലിവർപൂളിനുണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗിൽ ഒരേയൊരു മത്സരം മാത്രം വിജയിച്ചിട്ടും കിരീടം നേടാനാകാതെ പോയ ലിവർപൂൾ ഇത്തവണ ഒരു പിഴവുപോലും വരുത്താതെയാണ് മുന്നോട്ടു നീങ്ങുന്നത്.
പതിനാലു മത്സരങ്ങളിൽനിന്നും മുപ്പത്തിരണ്ടു ഗോളുകൾ നേടിയ അവരുടെ മുന്നേറ്റനിര തന്നെയാണ് ലിവർപൂളിന്റെ കരുത്ത്. എട്ടു ഗോളുകളും രണ്ടു അസിസ്റ്റുമായി സാദിയോ മാനെയാണ് ലിവർ ആക്രമണങ്ങളുടെ കുന്തമുന. പന്ത്രണ്ടു കളികളിൽ നിന്നും ഏഴു ഗോളുകൾ നേടിയ സലയും ഫിർമീഞ്ഞോയും കൂടെയുള്ളപ്പോൾ ലിവർപൂൾ ആക്രമണനിര സജ്ജമാണ്. കൂടാതെ മികച്ച പ്രകടനം നടത്തുന്ന ഒരിജി, വെനാൾദം മുതലായവരും ലിവർപൂൾ ആക്രമണങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്.
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രതിരോധനിരയാണ് ലിവർപൂളിന്റേത്. ബാലൺ ഡി ഓർ പുരസ്‌കാരമത്സരത്തിൽ ലയണൽ മെസ്സിയ്ക്കു തൊട്ടുപിന്നിലെത്തിയ, യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‍ബോളറായി തെരഞ്ഞെടുക്കപ്പെട്ട വിർജിൽ വാൻ ഡെക്ക് നയിക്കുന്ന പ്രതിരോധനിരയിൽ ജോയേൽ മാറ്റിപ്, റോബർട്ട്‌സൺ, ആർനോൾഡ് എന്നിവരുടെ സാന്നിധ്യം ഏത് ആക്രമണങ്ങളുടെയും മുനയൊടിക്കുന്നതാണ്. ക്രോസ്സ് ബാറിനു കീഴിൽ തകർപ്പൻ പ്രകടനം തുടരുന്ന ആലിസൺ കൂടി ചേരുമ്പോൾ അവരുടെ പ്രതിരോധം ഭേദിയ്ക്കുകയെന്നത് ഏറ്റവും പ്രയാസകരമായ സംഗതിയാകുന്നു. ലീഗിൽ വെറും പന്ത്രണ്ടു ഗോളുകൾ മാത്രമാണ് സീസണിൽ ഇതുവരെ ലിവർപൂൾ വഴങ്ങിയത്.
താൻ പരിശീലനമേറ്റെടുക്കുമ്പോൾ ശരാശരി പ്രകടനങ്ങൾ മാത്രം നടത്തിയിരുന്ന ഒരു ടീമിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാക്കി മാറ്റിയ ജുർഗൻ ക്ലോപ് എന്ന പരിശീലകന്റേതു കൂടിയാണ് ഈ വിജയം. കഴിഞ്ഞ സീസണിൽ ചാംപ്യൻസ് ലീഗ് കിരീടം ക്ലബ്ബിനു നേടിക്കൊടുത്ത ക്ലോപ്പിന് ഒരു പ്രീമിയർ ലീഗ് കിരീടത്തിലേക്കും അവരെ നയിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.






































