Cricket Editorial Top News

അഞ്ചാം ലോകകപ്പ് നേടാനൊരുങ്ങി ഇന്ത്യൻ അണ്ടർ 19 സംഘം

December 3, 2019

author:

അഞ്ചാം ലോകകപ്പ് നേടാനൊരുങ്ങി ഇന്ത്യൻ അണ്ടർ 19 സംഘം

2020 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിൽ നിന്നുള്ള പ്രിയം ഗാർഗ് ആണ് ടീം ക്യാപ്റ്റൻ. ഉത്തർപ്രദേശിൽ നിന്നുതന്നെയുള്ള വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജൂറേൽ വൈസ് ക്യാപ്റ്റനായ ടീമിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പുതിയ താരോദയം യശസ്വി ജൈസ്വാളും ഇടം നേടിയിട്ടുണ്ട്.

ഉത്തർ പ്രദേശിലെ മീററ്റിൽ ജനിച്ച ഗാർഗ് 2018-19 സീസണിലാണ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സീസണിൽ തന്നെ ഇരട്ട സെഞ്ചുറി അടക്കം പന്ത്രണ്ടു രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്നും 867 റണ്ണുകൾ നേടിയ ഗാർഗ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ചർച്ചാവിഷയമാവുകയായിരുന്നു. ഈ വർഷം തന്നെ നടന്ന സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിലും മികച്ച പ്രകടനമാണ് പ്രിയം ഗാർഗ് പുറത്തെടുത്തത്.

യശസ്വിയ്ക്കൊപ്പം തന്നെ ഇന്ത്യൻ ബാറ്റിങ്ങിലെ ഭാവി വാഗ്ദാനമായാണ് ഗാർഗിനെയും ക്രിക്കറ്റ്‌ ലോകം വിലയിരുത്തുന്നത്. കഴിഞ്ഞ ദിയോധർ ട്രോഫിയിൽ ഇന്ത്യ സി ടീമിൽ കളിച്ച ഗാർഗ് ഫൈനൽ മത്സരത്തിൽ 77 റണ്ണുകൾ നേടി ടീമിന്റെ ടോപ് സ്‌കോറർ ആയിരുന്നു.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ജൂനിയർ ടീമിന്റെ നായകനും ഈ പത്തൊന്പതുകാരൻ ആയിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റിലെ അദ്‌ഭുതകരമായ പ്രകടനവുമായാണ് യശസ്വി ജയ്‌സ്വാൾ എന്ന പതിനേഴുകാരൻ ടീമിന്റെ പ്രധാന ഭാഗമാകുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയ്ക്കുടമയായ യശസ്വിയുടെ പ്രകടനങ്ങളാകും ഇന്ത്യൻ ടീമിന്റെ സാധ്യതകളെ നിർണയിക്കുക. ഈ വർഷം നടന്ന അണ്ടർ 19 ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ എ ടീമിനെ നയിച്ച പരിചയവുമായാണ് വൈസ് ക്യാപ്റ്റൻ ധ്രുവ് ജൂറേൽ ടീമിന്റെ ഉപനായകനാകുന്നത്. കഴിഞ്ഞ അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിലെ ടോപ് സ്‌കോറർ അർജുൻ ആസാദിന്റെ അഭാവം ടീം സെലക്ഷനിൽ നിഴലിക്കുന്നുണ്ട്. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്തിയ സുശാന്ത് മിശ്രയും കാർത്തിക് ത്യാഗിയും തന്നെയാകും ഇന്ത്യൻ ബൌളിംഗ് ആക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുക.

അണ്ടർ 19 ലോകകപ്പിൽ നാലു തവണ മുത്തമിട്ട ചരിത്രമുണ്ട് ഇന്ത്യയ്ക്ക്. മുഹമ്മദ്‌ കൈഫ്‌, വിരാട് കോഹ്ലി, ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ എന്നിവരാണ് ലോകകപ്പ് വിജയം നേടിയ ഇന്ത്യൻ നായകൻമാർ. അവരുടെ നിരയിലേക്ക് ചേർത്തു വായിക്കപ്പെടാൻ ഗാർഗിന് ഭാഗ്യമുണ്ടാകുമോ?. 2020 ജനുവരി 17നു ദക്ഷിണാഫ്രിക്കയിൽ തുടക്കം കുറിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കൊടുവിൽ അതിനുള്ള ഉത്തരം നമുക്കു ലഭിക്കും.

Leave a comment