വിജയവഴിയിൽ തിരികെയെത്തുമോ ബ്ലാസ്റ്റേഴ്‌സ്?.
തിരിച്ചുവരവിനായി ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ എ. ടി. കെ യെ പരാജയപ്പെടുത്തിയ ശേഷം ഒരു മത്സരത്തിൽ പോലും വിജയത്തിന്റെ മധുരം നുണയാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. അഞ്ചു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു വിജയവും ഒരു സമനിലയും മാത്രം നൽകുന്ന നാലു പോയന്റുകളുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇന്നു ശക്തരായ ഗോവയെയാണ് നേരിടാനുള്ളതെന്ന വസ്തുത കൊമ്പൻമാരുടെ നെഞ്ചിടിപ്പിനു വേഗത കൂട്ടും.
അഞ്ചു കളികളിൽ നിന്നും എട്ടു പോയിന്റുള്ള ഗോവയെ പരാജയപ്പെടുത്തുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായെന്നു വരില്ല. കഴിഞ്ഞ മത്സരത്തിൽ സ്വന്തം നാട്ടിൽ ജാംഷെഡ്പൂർ എഫ്. സിയോടേറ്റ പരാജയത്തിന്റെ കയ്പുനീർ തുടച്ചുമാറ്റുക എന്ന ലക്ഷ്യവുമായാകും എഫ്. സി ഗോവ ഇന്നിറങ്ങുക. പക്ഷേ സൂപ്പർ താരം ഫെറൻ കോറോമിനോസ്, സസ്‌പെൻഷൻ മൂലം കളിക്കാൻ സാധിക്കാത്ത വിദേശ താരങ്ങളായ അഹമദ് ജാഹൂ, യൂഗോ ഗോമസ് എന്നിവരുടെ അഭാവം ഗോവയുടെ പദ്ധതികൾക്ക് വിഘാതം സൃഷ്ടിച്ചേക്കാം.
മറുവശത്തു ലീഗിന്റെ തുടക്കം മുതൽ ടീമിനെ വിടാതെ പിന്തുടരുന്ന പരിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. പരിക്കുകൾ തനിക്ക ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരിക്കുകൾ മാറിനിന്നിരുന്നുവെങ്കിൽ ഒരു പക്ഷേ നിലവിലെ ബ്ലാസ്റ്റേഴ്‌സ് ടീം കിരീടം സ്വന്തമാക്കിയേനെയെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷെറ്റോറി വ്യക്തമാക്കിയിരുന്നു. നായകൻ സന്ദേശ് ജിങ്കൻ, ജൈറോ റോഡ്രിഗസ്, ജിയോവാനി സ്വിൽവർലൂൺ, മുസ്തഫ ഗാനിങ്, മുഹമ്മദ് റാഫി മുതലായ പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്. മാരിയോ ആർകേസ് പരിക്കുമാറി തിരിച്ചു വരുന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസം പകരുന്ന വാർത്ത. പരിക്കുമൂലം സീസൺ നഷ്ടമായ ജൈറോയ്ക്ക് പകരം ടീമിലെത്തിയ വ്ലാഡിക്കോ ഡ്രോബറോവ് ഇന്നു ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ചേക്കാം. മെസ്സിബോളി, ഓഗ്‌ബച്ചേ എന്നീ താരങ്ങളുടെ ഗോളടി മികവിലാകും ബ്ലാസ്റ്റേഴ്‌സ് വിജയ പ്രതീക്ഷകൾ.
തമ്മിലുള്ള കണക്കുകളിലും കൊമ്പൻമാരേക്കാൾ വളരെ മുന്നിലാണ് ഗോവൻ പട. അഞ്ചു സീസണുകളിലായി കളിച്ച പത്തു മത്സരങ്ങളിൽ ഏഴിലും വിജയം ഗോവയ്‌ക്കൊപ്പമായിരുന്നു. ഇരുപത്തിയഞ്ചു ഗോളുകളാണ് ഈ പത്തു കളികളിൽനിന്നു മാത്രം എഫ്. സി ഗോവ കേരള വലയിൽ നിക്ഷേപിച്ചിട്ടുള്ളത്.
ഫുടബോളിൽ മുൻകാല വിജയങ്ങൾ മാത്രമല്ല പ്രധാനം. തൊണ്ണൂറു മിനുട്ടുകൾ ടീം നടത്തുന്ന പ്രകടനം തന്നെ മുഖ്യം. കണക്കുകളിൽ തങ്ങളേക്കാൾ മുന്നിട്ടു നിൽക്കുന്ന എഫ്.സി. ഗോവയ്‌ക്കെതിരെ ഇന്നു സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുമ്പോൾ തൊണ്ണൂറു മിനുറ്റുകളിലെ മികച്ച പ്രകടനവുമായി മൂന്നു പോയന്റുകൾ സ്വന്തമാക്കാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. എങ്കിലും നിലവിലെ സാഹചര്യങ്ങളിൽ ഒരു സമനില പോലും കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച മത്സരഫലമാകും.






































