വാർണർ ഫോമിലേക്കെത്തുന്നു… ഒപ്പം ഓസീസും
“അയാളൊരു ഹോം ട്രാക്ക് ബുള്ളിയാണ്”
ഒരോ മികച്ച ഇന്നിങ്സിനു ശേഷവും ഡേവിഡ് വാർണറുടെ പ്രകടനം ചർച്ച ചെയ്യപ്പെടുമ്പോൾ ഉയരുന്ന വാചകമാണിത്. തീർച്ചയായും തനിക്കു അനുയോജ്യമായ സാഹചര്യങ്ങൾ അയാൾ മുതലെടുക്കുന്നുണ്ട്. അയാളുടെ ഇരുപത്തിമൂന്നു സെഞ്ചുറികളിൽ പതിനേഴും ഓസീസ് മണ്ണിലാണ്. ഹോമിൽ അറുപതിലേറെയുള്ള വാർണറുടെ ബാറ്റിങ് ശരാശരി വിദേശത്തു മുപ്പതുകളിലേക്കു താഴുന്നു.
പക്ഷേ ഈ സ്ഥിതിവിവരക്കണക്കുകൾ കൊണ്ട ഡേവിഡ് വാർണറുടെ മികച്ച പ്രകടനങ്ങളെ നമുക്കു മൂടിവെയ്ക്കാൻ സാധിക്കില്ല. അത്തരമൊരു ഇന്നിങ്‌സായിരുന്നു അയാൾ അഡിലെയ്ഡ് ഓവലിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ കാഴ്ചവെച്ചത്. ഏതു സാഹചര്യത്തിലും പതിവിലേറെ ആനുകൂല്യം ബൗളർക്കു നൽകുന്ന പിങ്ക് പന്തും തുടക്കത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഷഹീൻ അഫ്രീദിയുടെ സ്പെല്ലും തുടക്കത്തിലേ പുറത്തായ ഓപ്പണിങ് പാർട്ണർ നൽകിയ സമ്മർദ്ദവും ഒന്നുമയാൾക്കൊരു പ്രശ്നമായില്ല. രണ്ടാം ദിനം ഓസീസ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യപ്പെടുന്നതു വരെയും അയാളുടെ പ്രതിരോധം ഭേദിക്കാൻ പാകിസ്ഥാൻ ബൗളർമാർക്കു സാധിച്ചതുമില്ല.
ടെസ്റ്റ് ഇന്നിങ്‌സുകൾ പ്രതിരോധാത്മകമാണെന്നുള്ള ചിന്താഗതിയോടു തെല്ലും അനുകൂലമല്ലാത്ത സമീപനം വെച്ചുപുലർത്തുന്ന ബാറ്സ്മാനാണ് ഡേവിഡ് വാർണർ. ആക്രമണമാണ് അയാളുടെ പ്രതിരോധം. വെറും 418 പന്തുകളിൽനിന്നും എൺപതിലേറെ പ്രഹരശേഷിയുമായാണ് അയാൾ 335 റണ്ണുകളുമായി പുറത്താകാതെ നിന്നത്.
സാൻഡ്പേപ്പർ സംഭവത്തെതുടർന്നു നേരിട്ട സസ്പെൻഷൻ മൂലം ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കഴിഞ്ഞ ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത്. ആഷസിലെ മികച്ച പ്രകടനം സ്മിത്തിന് ആത്മവിശ്വാസവും ടെസ്റ്റ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും നൽകിയപ്പോൾ മോശം സ്കോറുകളിൽ തുടർച്ചയായി പുറത്തായ വാർണർ ഒരുപാടു വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോയ വാർണറിന് പുതുജീവൻ നൽകുന്നതാകും ഈ പ്രകടനം.
ടീം സ്കോർ എട്ടുറൺസിൽ നിൽക്കേ ഓപ്പണർ ജോ ബേൺസ് പുറത്തായതോടെയാണ് ഡേവിഡ് വാർണറും മാർക്കസ് ലാബുഷനെയും ചേർന്ന മൂന്നാം വിക്കെറ്റ് പാർട്ണർഷിപ്പിനു തുടക്കമായത്. കഴിഞ്ഞ മത്സരത്തിൽ യഥാക്രമം സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും നേടിയ ഇരുവരും ചേർന്നു കളിയുടെ തുടക്കത്തിൽ പാകിസ്ഥാൻ നേടിയ മേൽകൈ പൂർണമായും നിർവീര്യമാക്കി. നാലിലേറെ റൺസ് ശരാശരിയിൽ കുതിച്ച ഓസീസ് സ്കോർബോർഡിനു തടയിടാൻ ഒരു ഘട്ടത്തിലും പാക് ബൗളര്മാര്ക്കു സാധിച്ചില്ല. ഒന്നാം ദിനം വെറും എഴുപത് ഓവറുകൾ പൂർത്തിയായപ്പോൾ ഓസീസ് സ്കോർ ഒരു വിക്കറ്റിന് 302 എന്ന നിലയിലായിരുന്നു.
രണ്ടാം ദിനവും റൺവേട്ട തുടർന്ന ഇരുവരും പാകിസ്ഥാനെ മത്സരത്തിൽ നിന്നും അപ്രസക്തരാക്കി. അഡിലെയ്ഡ് ഓവലിലെ ആദ്യ മുന്നൂറു റൺസ് കൂട്ടുകെട്ട് പൂർത്തിയാക്കിയശേഷം ലാബുഷാനെ പുറത്തായെങ്കിലും വാർണർ ആക്രമണം തുടർന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ ട്രിപ്പിൾ സെഞ്ചുറിയാണ് അയാൾ പൂർത്തിയാക്കിയത്. ഡേ നൈറ്റ് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചുറിയും ഏറ്റവും മികച്ച വ്യക്തിഗത സ്കോറും നേടിയാണ് വാർണർ പുറത്താകാതെ നിന്നത്. ആകെ എറിഞ്ഞ 127 ഓവറുകളിൽ വെറും പതിനൊന്നെണ്ണം മാത്രമാണ് പാക് ബൗളർമാർക്കു മെയ്ഡൻ ആക്കുവാൻ സാധിച്ചത്. അവരുടെ സ്പിന്നർ യാസിർ ഷാ ആറിലേറെ ശരാശരിയുമായാണ് പന്തെറിഞ്ഞത് എന്നതിൽ നിന്നും മനസ്സിലാകും വാർണറുടെ ആക്രമണത്തിന്റെ ശക്തി.
ഡേവിഡ് വാർണർ കൂടി ഫോമിലെത്തുന്നതോടെ ഓസീസ് ബാറ്റിങ് നിര വീണ്ടും ശക്തി പ്രാപിക്കുകയാണ്. അതിനൊപ്പം ശക്തി പ്രാപിക്കുകയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനായുള്ള മത്സരവും.






































