പോരാട്ടം മുറുകുന്ന പ്രീമിയർ ലീഗ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാറ്റങ്ങൾ സംഭവിക്കുകയാണ്. പതിവിനു വിപരീതമായി ലീഗിലെ ആദ്യ ആറു സ്ഥാനങ്ങളിൽ ഒന്നു നേടാനുള്ള ടീമുകളുടെ പോരാട്ടം ശക്തമായതോടെ പല വമ്പന്മാർക്കും കാലിടറിയിരുന്നു. പല അട്ടിമറികൾക്കും ലീഗ് സാക്ഷിയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കീരീടപ്രതീക്ഷയോടെ സീസൺ തുടങ്ങിയ രണ്ടു പരിശീലകർക്കാണ് സ്ഥാനമൊഴിഞ്ഞു പടിയിറങ്ങേണ്ടി വന്നത്.
സീസൺ ജനുവരി ട്രാൻസ്ഫർ വിൻഡോയോടടുക്കുമ്പോൾ എതിരാളികളില്ലാതെ കുതിക്കുകയാണ് കഴിഞ്ഞ സീസൺ റണ്ണറപ്പുകളായ ലിവർപൂൾ. സീസണിൽ ഇതുവരെ പരാജയമറിയാത്ത ടീമിന് പ്രധാന എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയുടെ ചില അപ്രതീക്ഷിത തോൽവികളും സഹായകമായി. ഒൻപതു പോയിന്റിന്റെ വ്യക്തമായ മുൻതൂക്കമാണ് ഇപ്പോൾ ലിവർപൂൾ നേടിയിരിക്കുന്നത്.
മേൽപറഞ്ഞതുപോലെ ചില അപ്രതീക്ഷിത തോൽവികളാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് വിഘാതമായത്. വോൾവ്‌സിനെതിരെയും പ്രൊമോഷൻ നേടിയെത്തിയ നോർവിച് സിറ്റിയ്‌ക്കെതിരെയും അപ്രതീക്ഷിത തോൽവി പിണഞ്ഞ ടീമിനു ലിവർപൂളിനോട് സംഭവിച്ച തോൽവി പോയൻറ് വ്യത്യാസം കുറയ്ക്കാനുള്ള അവസരവും ഇല്ലാതാക്കി.
നിലവിൽ ലീഗിൽ സംഭവിച്ചിരിക്കുന്ന പ്രധാന സംഭവം ലെസ്റ്റർ സിറ്റിയുടെ മുന്നേറ്റമാണ്. മാഡിസൺ, വാർഡി എന്നിവരുടെ മികച്ച പ്രകടനം അവർക്കു തുണയാകുമ്പോൾ പതിമൂന്നു മത്സരങ്ങൾ പൂർത്തിയായ ലീഗിൽ 29 പോയിന്റോടെ അവർ രണ്ടാമതാണ്.
ട്രാൻസ്ഫർ ബാൻ നൽകിയ ക്ഷീണം അവഗണിച്ചു മികച്ച പ്രകടനമാണ് നിലവിൽ നാലാമതുള്ള ചെൽസി കാഴ്ചവെയ്ക്കുന്നത്.
ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോടേറ്റ തോൽവിയ്ക്കു ശേഷം യുവതാരങ്ങളുടെയും പരിശീലകൻ ലാംപാർടിന്റെയും കരുത്തിൽ മുന്നേറുന്ന ചെൽസി ഒരുപാടു പ്രതീക്ഷകൾ നൽകുന്നു.
അഞ്ചാം സ്ഥാനത്തുള്ള വോൾവ്‌സും ആറാം സ്ഥാനത്തുള്ള ഷെഫീൽഡ് യുണൈറ്റഡും അത്ര സുരക്ഷിതരല്ല. ടേബിളിൽ പതിനൊന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യൂണൈറ്റഡുമായി ഇവർക്കു വെറും മൂന്നു പോയൻറ് വ്യത്യാസം മാത്രമാണുള്ളത്. യഥാക്രമം എട്ട്, ഒൻപത്, പത്ത സ്ഥാനത്തുള്ള ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ എന്നീ ക്ലബ്ബുകൾ ലീഗിൽ മുന്നേറാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ആദ്യ ആറിലെ മത്സരങ്ങൾ ഇനിയും കടുത്തതാകും. പാതി വഴിയിൽ ഇതിഹാസ പരിശീലകൻ ജോസേ മൗറീഞ്ഞോയ്ക്കൊപ്പം കൂട്ടുകൂടിയ ടോട്ടനം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടുവാൻ തുടങ്ങിയിരിക്കുന്നു. കൂടാതെ എംറിയുമായി വഴിപിരിഞ്ഞ ആഴ്സണലും ഒരു തിരിച്ചുവരവിനായി ശ്രമിക്കുമ്പോൾ. ആദ്യ മത്സരത്തിൽ ചെൽസിയ്‌ക്കെതിരെ വൻ വിജയം നേടിയശേഷം തോൽവികളും സമനിലകളുമായി നട്ടം തിരിയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ സൈനിംഗുകൾ നടത്തി നില മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.
ലീഗിൽ ലിവർപൂൾ അജയ്യരായി കുതിക്കുകയാണെങ്കിലും മറ്റു സ്ഥാനങ്ങൾക്കായുള്ള വടംവലി മുറുകുകയാണ്. ക്രിസ്മസ് അവധിയ്ക്കു ശേഷം മിഡ് സീസൺ വിൻഡോ കൂടി തുറക്കുമ്പോൾ മത്സരം ഇനിയും മുറുകും. സമവാക്യങ്ങൾ ചിലപ്പോൾ മാറിയെന്നും വരാം.






































