Editorial Foot Ball Top News

പ്രതീക്ഷകളുമായി ഗോകുലം എഫ് സി

November 30, 2019

author:

പ്രതീക്ഷകളുമായി ഗോകുലം എഫ് സി

ഐ ലീഗിലെ പുതിയ സീസണു തുടക്കമിടാൻ ഗോകുലം കേരള എഫ്. സി ഇന്നിറങ്ങുകയാണ്. കോഴിക്കോട് ഇ. എം. എസ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടു നടക്കുന്ന മത്സരത്തിൽ മണിപ്പൂരിൽ നിന്നുള്ള നെറോക്ക എഫ്. സിയെയാണ് മലബാറിയൻസ് അവരുടെ ആദ്യ മത്സരത്തിൽ നേരിടുക.

കഴിഞ്ഞ സീസണിൽ അട്ടിമറി വിജയങ്ങൾ നേടാൻ കഴിഞ്ഞെങ്കിലും അത്ര മികച്ച പ്രകടനമായിരുന്നില്ല ഗോകുലത്തിന്റേത്. സീസണൊടുവിൽ ഒൻപതാം സ്ഥാനത്തു മാത്രം ഫിനിഷ് ചെയ്യാനാണ് അവർക്കു സാധിച്ചത്. പക്ഷേ പുതിയ സീസണിൽ അവർക്കു പ്രതീക്ഷകൾ ഏറെയാണ്. സീസൺ തുടക്കത്തിൽ ഡുറാന്റ് കപ്പ്‌ കിരീടം നേടിയ അവർ എഫ് സി കൊച്ചിന് ശേഷം ഡുറാന്റ് കപ്പിൽ മുത്തമിടുന്ന ആദ്യ ക്ലബ്ബായി മാറി. മാത്രമല്ല ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ കപ്പിൽ മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചത്. ബംഗ്ലാദേശ് ആഭ്യന്തരക്ലബ്‌ ടൂർണമെന്റ് ചാമ്പ്യന്മാരായ ബസുന്ദര എഫ്. സിയെ ആദ്യറൗണ്ടിൽ പരാജയപ്പെടുത്താനും അവർക്കു കഴിഞ്ഞിരുന്നു.

ട്രിനിഡാഡ് ആൻഡ് ടുബാഗോ സ്വദേശിയായ നായകൻ മാർക്കസ് ജോസഫിന്റെ ഗോളടി മികവിനെ ആശ്രയിച്ചാണ് ഗോകുലത്തിന്റെ വിജയപ്രതീക്ഷകൾ. ട്രിനിഡാഡ് ആൻഡ് ടുബാഗോ ദേശീയടീമിലും അംഗമായ മാർകസ് അപാരഫോമിലാണ്. ഡുറാന്റ് കപ്പ ഫൈനലിൽ നേടിയ ഇരട്ടഗോളുകൾ അടക്കം പതിനൊന്നു ഗോളുകളാണ് മാർകസ് അടിച്ചുകൂട്ടിയത്. രണ്ടു ഗ്രൂപ്പ് മത്സരങ്ങളിൽ താരം ഹാട്രിക് ഗോളുകളും നേടിയിരുന്നു.

ഉഗാണ്ടൻ താരം ഹെൻറി കിസാക്കയും മലയാളി ഫോർവേഡ് ജിതിൻ എം എസുമാകും മാർകസിനൊപ്പം ഗോകുലത്തിന്റെ ആക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുക.
ഗോകുലത്തിന്റെ മധ്യനിരയിലും പ്രതിരോധ നിരയിലുമുണ്ട് കരീബിയൻ സാന്നിധ്യം. ട്രിനിഡാഡുകാരായ മിഡ് ഫീൽഡർ നഥാനിയൽ ഗാർസിയയും ഡിഫൻഡർ ആന്ദ്രേ എറ്റിനെയുമാണ് ഗോകുലം ക്യാമ്പിനു വെസ്റ്റ് ഇന്ത്യൻ ഫ്ലേവർ നൽകുന്നത്. കൂടാതെ അഫ്ഗാൻ ദേശീയടീമിലെ പ്രതിരോധതാരം സോഹിബ് ഇസ്ലാം അമീറിയും ടീമിലെ വിദേശ സാന്നിധ്യമാണ്. കൂടാതെ ഐ.എസ്.എലിൽ കഴിവുതെളിയിച്ച ബ്രൂണോ പെലിസാരിയും ടീമിലുണ്ട്.

മികച്ച ആഭ്യന്തരതാരങ്ങളുടെ വലിയ ഒരു നിരയും ഗോകുലത്തിനു സ്വന്തമായുണ്ട്. മലയാളി താരങ്ങളായ അർജുൻ ജയരാജ്‌, രാഹുൽ കെ. പി എന്നിവർ ടീം വിട്ടുപോയെങ്കിലും ഗോൾകീപ്പർമാരായ ഉബൈദ് സി. കെ, അജ്മൽ പി. എ., ഡിഫൻഡർമാരായ ജസ്റ്റിൻ ജോർജ്, മൊഹമ്മദ്‌ സാല, ധർമരാജ് രാവണൻ. മധ്യനിരതാരങ്ങളായ മൊഹമ്മദ്‌ റാഷിദ്‌, ലാൽറൊമാവിയ, മുന്നേറ്റനിരതാരം മീറ്റെയ് മുതലായവരും ടീമിനു കരുത്തു പകരുന്നു.

സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ സാന്റിയാഗോ വലേരയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന മലബാറിയൻസിനു പൂർണ പിന്തുണയുമായി മലയാളി ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജുമുണ്ട്. സീസൺ തുടക്കത്തിൽ കാട്ടുന്ന പ്രകടനം ഇനിയും തുടർന്നാൽ ഒരു ഐ ലീഗ് കിരീടമെന്ന സ്വപ്നം ഗോകുലത്തിനു വിദൂരമല്ല. ഒരിക്കൽ നമ്മുടെ സ്വന്തം എഫ്. സി കൊച്ചിനു കയ്യകലത്തിൽ നഷ്ടമായ ലീഗ് കിരീടം കേരളത്തിലെത്തിക്കാൻ ഗോകുലത്തിനു സാധിക്കുമെന്നു വിശ്വസിക്കാം.

Leave a comment