Editorial Foot Ball Top News

എംറി എമിറേറ്റ്സിനോടു വിട പറയുന്നു

November 29, 2019

author:

എംറി എമിറേറ്റ്സിനോടു വിട പറയുന്നു

ഉനൈ എംറി പടിയിറങ്ങുകയാണ്. തുടർച്ചയായി മോശം പ്രകടനങ്ങൾ കൊണ്ടു പൊറുതി മുട്ടിയ ആഴ്‌സനലിന്റെ പരിശീലക സ്ഥാനത്തു നിന്നും അയാൾ പടിയിറങ്ങുമ്പോൾ പുതിയതായി സ്ഥാനമേൽക്കുന്ന പരിശീലകനു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.

ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണയാണ് ഒരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിന്റെ പരിശീലകസ്ഥാനത്തുനിന്നും ഒരാൾ പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ യുവേഫ ചാംപ്യൻസ് ലീഗ് റണ്ണർ അപ്പായിട്ടുപോലും ഈ സീസണിലെ മോശം പ്രകടനങ്ങൾ ടോട്ടൻഹാം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയുടെ തൊപ്പിയ്ക്കു വില പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു ടോപ് സിക്സ് ക്ലബ്ബിന്റെ പരിശീലകനും പോച്ചെറ്റീനോയുടെ വഴി പിന്തുടരുന്നു.

അത്രയേറെ മികച്ച നിലയിൽ നിന്നുമല്ല എംറി ആഴ്‌സനലിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്. ക്ലബ്ബിനെ മികച്ച വിജയങ്ങളിലേക്കു നയിച്ചിരുന്നെങ്കിലും തന്റെ അവസാന സീസണുകളിൽ മികവു തുടരാൻ സാധിക്കാതിരുന്ന വിഖ്യാത പരിശീലകൻ ആഴ്‌സൺ വെങ്ങറുടെ പിൻഗാമിയായാണ് സ്പാനിഷ് കോച്ച് എംറി എമിറേറ്റ്സിലെത്തിയത്. ഒരു കാലഘട്ടത്തിൽ തോൽവിയറിയാതെ കിരീടം നേടിയ ചരിത്രമുള്ള ആഴ്‌സനലിനെ വീണ്ടും വിജയ വഴിയിലേക്കു നയിക്കുക എന്ന ദൗത്യമായിരുന്നു അയാളുടെ മുന്നിൽ ഉണ്ടായിരുന്നത്.

സ്പാനിഷ് ക്ലബ്ബായ വാലെൻഷ്യയുടെയും സെവിയ്യയുടെയും ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമന്റെയും പരിശീലക സ്ഥാനം വഹിച്ച ശേഷമാണ് എംറി എമിറേറ്റ്സിലെത്തിയത്. പക്ഷേ പ്രതീക്ഷിച്ച ഫലം ഗണ്ണേഴ്‌സിനായി നൽകുവാൻ അയാൾക്കു കഴിഞ്ഞില്ല. പരാജയങ്ങളോടെ തുടങ്ങിയെങ്കിലും പിന്നീട് ഇരുപത്തിരണ്ടു മത്സരങ്ങൾ പരാജയമറിയാതെ കുതിയ്ക്കാൻ പീരങ്കിപ്പടയ്ക്കു കഴിഞ്ഞു. പക്ഷേ 2018 സീസൺ വെറും കയ്യോടെ അവസാനിപ്പിക്കാനായിരുന്നു എംറിയുടെ ആഴ്സനലിനു വിധി. യുവേഫ യൂറോപ്പാ കപ്പ്‌ ഫൈനലിൽ പ്രവേശിച്ചെങ്കിലും ചെൽസിയോടേറ്റ 1-4 പരാജയം ഒരു കിരീട വിജയത്തോടെ സീസൺ അവസാനിപ്പിക്കാനുള്ള എംറിയുടെ മോഹങ്ങൾക്കു തിരിച്ചടിയായി.

2019-20 സീസണിലും സ്ഥിതി മറിച്ചായിരുന്നില്ല. മികച്ച താരങ്ങളായ നിക്കോളാസ് പെപ്പയെയും ഡേവിഡ് ലൂയിസിനെയും ടീമിൽ എത്തിക്കാൻ സാധിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത ഉയരാൻ എംറിയുടെ ആഴ്സനലിനു സാധിച്ചില്ല. ഒടുവിൽ യൂറോപ്പാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ജർമൻ ക്ലബ്‌ ഫ്രാങ്ക്ഫർറ്റിനോടേറ്റ പരാജയത്തെ തുടർന്നു എംറിയുമായുള്ള കരാർ അവസാനിപ്പിക്കാൻ ക്ലബ്‌ തീരുമാനിക്കുകയായിരുന്നു.

ആഴ്‌സണൽ ക്ലബ്ബിനുവേണ്ടി മൂന്നു പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയായ ഫ്രഡി ലുങ്കബെർഗ് ആണ് താത്കാലികമായി ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തിരിക്കുന്നത്. 2014ലെ ആദ്യ ഐ. എസ്. എൽ സീസണിൽ മുംബൈ സിറ്റിയ്ക്കു വേണ്ടി ബൂട്ടുകെട്ടിയിട്ടുള്ള ഫ്രഡി നിലവിൽ എംറിയുടെ കോച്ചിംഗ് സ്‌ക്വാഡിൽ അംഗമായിരുന്നു. പുതിയ പരിശീലകനു കീഴിൽ ആഴ്‌സണൽ വിജയവഴിയിലേക്കു തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കാം.

Leave a comment