സഞ്ജുവിനു വീണ്ടും അവസരമൊരുങ്ങുമ്പോൾ
വീണ്ടുമൊരിക്കൽക്കൂടി സഞ്ജു വിശ്വനാഥ് സാംസണെത്തേടി ഇന്ത്യൻ ടീം കുപ്പായം വിളിപ്പാടകലെ വന്നെത്തിയിരിക്കുന്നു. ഇതിനു മുന്നേ മൂന്നു തവണ പതിനഞ്ചംഗ ടീമിൽ ഇടം നേടിയെങ്കിലും സിംബാബ്വെയ്ക്കെതിരായ ഒരേയൊരു ട്വന്റി ട്വന്റി മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നേടാൻ സാധിച്ചത്. ഇക്കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയിലും ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ ഉൾപെടാതിരുന്ന സഞ്ജുവിനെ വിശ്രമത്തിലായിരുന്ന നായകൻ വിരാട് കോഹ്ലിയുടെ മടങ്ങി വരവോടെ വീണ്ടും ഒഴിവാക്കുകയായിരുന്നു. പക്ഷേ ടീമിലുണ്ടായിരുന്ന ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റതോടെയാണ് വീണ്ടും സഞ്ജുവിന് നറുക്കു വീണത്.
ഇന്ത്യൻ ടീം വിക്കെറ്റ് കീപ്പർ ഋഷഭ് പന്തിന്റെ തുടർച്ചയായ പരാജയങ്ങളോടെയാണ് ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സെലക്ഷൻ കമ്മിറ്റിയുടെ റഡാറിലേക്കെത്തിയത്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ടൂർണമെന്റിൽ ഇരട്ടസെഞ്ചുറിയടക്കം മികച്ച സ്കോറുകൾ നേടിയ സഞ്ജുവിനെ പന്തിനു പകരം ടീമിൽ ഉള്പെടുത്തണമെന്നുള്ള മുറവിളി ശക്തമായി തുടർന്നു.
സഞ്ജു ആദ്യ പതിനഞ്ചിൽ ഉൾപെടുമ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയിൽ ടീമിൽ ഉൾപെടുത്തുമ്പോൾ തന്നെ അത് ഒരു പൂർണ ബാറ്റ്സ്മാൻ എന്ന നിലയിലാണെന്ന് സെലെക്ടർമാർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല മോശം ഫോമിലാണെങ്കിലും ഋഷഭ് പന്തിനെത്തന്നെയാണ് അവർ ഇന്ത്യൻ ടീമിന്റെ വിക്കെറ്റ് കീപ്പർ സ്ഥാനം ഏൽപിച്ചതും. അങ്ങനെയാണെങ്കിൽ ഇപ്പോഴും സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കപ്പെട്ടിട്ടില്ല എന്നുവേണം കരുതാൻ.
ഒരു ടോപ് ഓർഡർ ബാറ്റ്സ്മാൻ എന്ന രീതിയിൽ പരിഗണിക്കപ്പെടുമ്പോൾ നാം ഓർക്കേണ്ട ചില വസ്തുതകളുണ്ട്. ഒരു മുൻനിര ബാറ്റ്സ്മാൻ എന്ന രീതിയിൽ ഇന്ത്യൻ ദേശീയ ടി ട്വന്റി ടീമിൽ ഉൾപ്പെടുത്തുവാൻ മാത്രം മികച്ച ഒരു ആഭ്യന്തര സീസണിന്റെ പിൻബലം സഞ്ജുവിനുണ്ടോ?. ഐ. പി. എല്ലിലും ആഭ്യന്തര ടൂർണമെന്റുകളിലും സഞ്ജു നേരിടുന്ന പ്രധാന പ്രശ്നവും ഈ സ്ഥിരത ഇല്ലായ്മയാണ്. കൂറ്റൻ സ്കോറുകൾക്കിടയിലുള്ള ശാന്തമായ ഇടവേളകളുടെ ദൈർഖ്യം കൂടുതലാണ്. ഇതേ സമയം തുടർച്ചയായി മികച്ച സ്കോറുകൾ കണ്ടെത്തി മുന്നേറുന്ന മറ്റു യുവതാരങ്ങളും ടീമിലേക്കുള്ള അവകാശവാദം ഉന്നയിക്കുന്നുമുണ്ട്.
കഴിഞ്ഞ രഞ്ജി സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചാൽ എന്നിവർ ഏകദിന ടീമിലേക്കുള്ള വാതിലിൽ ശക്തിയായി മുട്ടുമ്പോൾ ടി ട്വൻറി ടീമിലെ സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം അതിലേറെ ശക്തമാണ്. സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ശുഭമാൻ ഗിൽ, ശ്രേയസ് അയ്യർ മുതലായ ഒരുപിടി യുവതാരങ്ങൾക്കൊപ്പം മനീഷ് പാണ്ഡെ പോലുള്ള പരിചയസമ്പന്നരും ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്. ഇതിനിടെ ടീമിൽ സ്ഥിരമായൊരിടം സഞ്ജുവിനു പ്രതീക്ഷിക്കാൻ സാധിക്കുമോ?.
നിലവിലെ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഒരിടമുണ്ടെങ്കിൽ അത് തീർച്ചയായും വിക്കറ്റിന് പിറകിലാണ്. ബാറ്റുകൊണ്ടും ഗ്ലൗസ് കൊണ്ടും ശരാശരിക്കും പിറകിൽ നിൽക്കുന്ന പന്തിനെ ഇനിയും എത്രകാലം ഈ ടീം ചുമക്കുമെന്ന ചോദ്യം നിലനിൽക്കുമ്പോൾ പകരക്കാരുടെ ലിസ്റ്റിൽ പലരുമുണ്ടാകും. പക്ഷേ അവരിൽ പ്രധാനികളായ ദിനേശ് കാർത്തിക്കിനും സഹയ്ക്കും പ്രായം വിലങ്ങുതടിയാകുമ്പോൾ തീർച്ചയായും സഞ്ജുവിന്റെ പേര് സെലെക്ടർമാർക്കു മുന്നിൽ പ്രസക്തിയോടെ നിലനിൽക്കും. അതു തിരിച്ചറിഞ്ഞത്കൊണ്ടാകാം ഇടയ്ക്ക് ഉപേക്ഷിച്ച വിക്കെറ്റ് കീപ്പിങ് ഗ്ലൗസ് വീണ്ടും അയാൾ കയ്യിലണിഞ്ഞതും.
സഞ്ജു സാംസൺ ആ നീല ജേഴ്സിയുമണിഞ്ഞു കളത്തിലിറങ്ങുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ഒരോ മലയാളിയും. അതു വളരെവേഗം സാധ്യമാകട്ടെ.






































