ഐഎസ്എല്‍: രണ്ടാം ജയത്തിനായി ചെന്നൈയിൻ എഫ് സിയും, ഒഡീഷയും നേർക്കുനേർ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിആറാം മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി, ഒഡീഷ എഫ് സിയെ നേരിടും. ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് മത്സരം ആരംഭിക്കും. രണ്ട് ടീമുകളുടെയും ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്. രണ്ട് ടീമുകൾക്കും ഇതുവരെ ഒരു ജയമാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സീസണിലെ ആദ്യ ജയം നേടിയ ചെന്നൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഹൈദരാബാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈ തോൽപ്പിച്ചത്. ഒഡീഷ്യയ്ക്കും അത്ര നല്ല തുടക്കമല്ല ലഭിച്ചത്. എന്നാൽ കഴിഞ്ഞ കളിയിൽ ശക്തരായ എടികെയെ സമനിലയിൽ തളച്ചിരുന്നു.

ചെന്നൈയിൻ സ്ട്രൈക്കർമാരായ ആൻഡ്രെ സ്കെംബ്രിയും നെറിജസ് വാൽസ്കിസും കഴിഞ്ഞ കളിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. എലി സാബിയയും ലൂസിയൻ ഗോയനും ഹൈദരാബാദിനെതിരെ മല പോലെ ഉറച്ചുനിന്നു, ഹൈദരാബാദ് ആക്രമണത്തെ മികച്ച രീതിയിൽ അവർ തടഞ്ഞു. ഒഡീഷയ്ക്കെതിരെ ഇരുവരും മികച്ച രീതിയിൽ കളിച്ചാൽ അനായാസം ജയിക്കാൻ കഴിയും. ഒഡീഷയുടെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകൾ നേടി വേഗത കൈവരിച്ചു. ഇപ്പോൾ താളത്തിലായ ആയ ടീം മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധ്യതയുണ്ട്. പോയിന്റ് നിലയിൽ ചെന്നൈയിൻ എഫ് സി ഒന്പതാമതും, ഒഡീഷ ആറാമതുമാണ്.






































