കണ്ണും മനസ്സും നിറച്ചു ലയണൽ മെസ്സി
ലോകത്തോടു പറയാൻ അയാൾക്കൊരു കഥയുമിനി ബാക്കിയില്ല. അത്രയേറെ കഥകൾ ലയണൽ ആന്ദ്രയോസ് മെസ്സിയെന്ന റൊസാരിയോക്കാരൻ ആ കാൽപന്തുകൊണ്ട് എഴുതിത്തീർത്തു കഴിഞ്ഞിരിക്കുന്നു. ബാഴ്സലോണയ്‌ക്കു വേണ്ടിയിറങ്ങിയ എഴുനൂറാം മത്സരത്തിൽ ഗോളും അസിസ്റ്റുകളുമായി തൊണ്ണൂറു മിനുട്ടുകൾ നീണ്ട ഒരു കഥ അയാൾ എഴുതി തീർത്തപ്പോൾ അതിന്റെ ക്ലൈമാക്സ് ശുഭപര്യവസായിയായ ഒന്നായിരുന്നു. കാര്യങ്ങൾ കടുപ്പമാകും എന്നു വിദഗ്ദർ അഭിപ്രായം പറഞ്ഞ ഗ്രൂപ്പ് ഓഫ് ഡെത്തിൽനിന്നും തികച്ചും ആധികാരികമായി ബാഴ്സലോണ യുവേഫ ചാംപ്യൻസ് ലീഗ് നോക്ക്ഔട്ട് റൗണ്ട് പ്രവേശനം ഉറപ്പാക്കി.
മെസ്സിയുടെ ഫുട്ബോൾ കരിയറിൽ ബാഴ്സലോണ ചെലുത്തിയ സ്വാധീനം ചെറുതല്ല. അർജന്റീനയിലെ റൊസാരിയോ പട്ടണത്തിൽ ജനിച്ച ഒരു ചെറുബാലനെ നാമിന്നു കാണുന്ന ലയണൽ മെസ്സി ആക്കി മാറ്റിയത് ബാഴ്സലോണയെന്ന സ്പാനിഷ് ഫുട്ബോൾ ക്ലബ്ബിന്റെ കരുതലും ദീർഘവീക്ഷണവുമാണ്. അതിനുള്ള കൃതജ്ഞത തന്നെയാണ് ഒരോ തവണയും ബാർസ കുപ്പായത്തിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ അയാൾ അവർക്കു തിരികെ നൽകുന്നത്. ക്ലബ്ബിനു കളിക്കുമ്പോൾ മെസ്സി മറ്റൊരു മെസ്സിയാകുന്നുവെന്ന വിമര്ശനങ്ങൾക്കുള്ള അയാളുടെ മറുപടിയും അതുതന്നെയാകും. കുട്ടിക്കാലത്തു ശാരീരികമായി താൻ നേരിട്ടതടക്കം എല്ലാ പ്രതിസന്ധികളിലും തന്റെ കൂടെ നിന്ന ക്ലബ്ബിനായി എങ്ങനെ അയാൾക്കു മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കാൻ സാധിക്കും?.
കാൽപന്തുകളിയുടെ പൂർണമായ സൗന്ദര്യം ദൈവം പകർന്നുനൽകിയിരിക്കുന്നത് മെസ്സിയുടെ ആ ഇടതുകാലിലേക്കാകണം. എത്ര മനോഹരമായാണ് അതിൽ നിന്നുമുയരുന്ന ഫ്രീ കിക്കുകൾ ചെറുപ്പകാലത്തു നാം പഠിച്ച ചലന നിയമങ്ങളെപ്പോലും ചോദ്യം ചെയ്തുകൊണ്ടു നമ്മുടെ ഹൃദയങ്ങളിലേക്ക് പറന്നിറങ്ങുന്നത്?.
ചില നിമിഷങ്ങൾ അങ്ങനെയാണ്. ഒരിക്കലും അവസാനിക്കരുതേയെന്നു നാം മനസ്സിൽ ചിന്തിച്ചു പോകുന്നവ. എതിർ നിരയെപ്പോലും അവയെ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന മെസ്സിയുടെ മഴവിൽ കിക്കുകളും അത്തരം നിമിഷങ്ങളിൽ ഒന്നാണ്. അർജന്റീനയുടെയും ബാഴ്സലോണയുടെയും കുപ്പായത്തിൽ എത്രയോ തവണ നാമതു കണ്ടിരിക്കുന്നു. ഇനിയും എത്രയോ തവണ ആ നിമിഷങ്ങൾ നമ്മെ തേടിയെത്താനിരിക്കുന്നു.
നമുക്കു തീർച്ചയായും അഭിമാനിക്കാം നാം ജീവിച്ചിരിക്കുന്നത് ലയണൽ മെസ്സി പന്തു തട്ടിയ കാലഘട്ടത്തിലാണെന്നതിൽ. അയാൾ കളിക്കളത്തിൽ തീർത്ത മാജിക്കൽ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ചതിൽ. ഫുട്ബോൾ ലോകം കണ്ടതിൽ ഏറ്റവും പ്രതിഭാധനനായ അല്ലെങ്കിൽ ഏറ്റവും മികച്ച കളിക്കാരൻ ലയണൽ മെസ്സിയാണോയെന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉണ്ടാകാം. പക്ഷേ അയാൾ ബൂട്ടഴിക്കുമ്പോൾ ഇനിയൊരിക്കലും മറ്റൊരു കളിക്കാരനാലും മൈതാനത്തിൽ പുനഃസൃഷ്ടിക്കാൻ കഴിയാത്ത ഒരുപിടി മനോഹരനിമിഷങ്ങൾകൂടിയാകും കളത്തിൽ നിന്നും മറയുക. പക്ഷേ അതിനിയും കാതങ്ങൾ അകലെയാണെന്നു വിശ്വസിപ്പിക്കുകയാണ് അയാൾ. പുതിയ നാഴികക്കല്ലുകൾ താണ്ടി ലയണൽ ആന്ദ്രയോസ് മെസ്സി പ്രയാണം തുടരുമ്പോൾ ആ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതേയെന്നു ഒരു സാധാരണ ആരാധകൻ ആഗ്രഹിച്ചുപോയാൽ അയാളെ എങ്ങനെ കുറ്റപെടുത്താൻ സാധിക്കും?.






































