പ്രതീക്ഷകൾ നൽകുന്ന ടോമോറി
പ്രീമിയർ ലീഗിൽ ഇപ്പോൾ സംസാരവിഷയം ചെൽസിയുടെ യുവനിരയാണ്. ട്രാൻസ്ഫർ ബാൻ മൂലവും സൂപ്പർ താരം ഈഡൻ ഹസാഡ് ടീമിൽ നിന്നും പോയശേഷവുമുള്ള ആദ്യസീസൺ ചെൽസി റെലഗേഷനിലേക്കു പോകുമെന്നുവരെ വിലയിരുത്തിയവരുടെ നാവടപ്പിച്ച പ്രകടനമാണ് പുതിയ കോച്ച് ഫ്രാങ്ക് ലാംപാർടിനു കീഴിൽ ചെൽസി കാഴ്ചവെക്കുന്നത്. ഗോളടിച്ചു തകർക്കുന്ന അവരുടെ യുവനിര തന്നെയാണ് ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്തുള്ള ചെൽസിയുടെ പ്രകടനങ്ങളുടെ നട്ടെല്ലായി വർത്തിക്കുന്നത്.
ഗോളടിച്ചു കൂട്ടുന്ന ടാമി അബ്രഹാമിനും മേസൺ മൗണ്ടിനും റീസ് ജെയിംസിനും കല്ലം ഹഡ്സൺ ഓടോയിക്കും ഒപ്പം ചെൽസി നിരയിൽ തിളങ്ങുന്ന അക്കാദമി താരങ്ങളിൽ ഒരാളാണ് ഡിഫൻഡറായ ഫികായോ ടോമോറി. നായകൻ അസ്പിലിക്വേറ്റയും അലോൻസോയും നയിക്കുന്ന ചെൽസി പ്രതിരോധനിരയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ ടോമോറിയ്ക്കു കഴിഞ്ഞു.
കാനഡയിലെ കാൽഗരിയിൽ ജനിച്ച ടോമോറിയുടെ മാതാപിതാക്കൾ നൈജീരിയൻ വംശജരാണ്. എട്ടു വയസ്സുള്ളപ്പോൾ ചെൽസി അക്കാദമിയിൽ പ്രവേശിച്ച ടോമോറി നൈജീരിയൻ ദേശീയ ടീമിൽ സ്ഥാനം നേടാൻ അർഹനായിരുന്നിട്ടും ഇംഗ്ലണ്ട് കുപ്പായം തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ സീസൺ വരെ ഇപ്പോഴത്തെ ചെൽസി പരിശീലകൻ ലാംപാർഡ് പരിശീലിപ്പിച്ച ഡെർബിയിൽ ലോണിൽ കളിക്കുകയായിരുന്ന ടോമോറിയെ ട്രാൻസ്ഫർ ബാനിനെ തുടർന്ന് ചെൽസി ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു.
ചില്ലറക്കാരനല്ല ടോമോറി. ഡെർബിയുടെ പോയ വർഷത്തെ ഏറ്റവും മികച്ച കളിക്കാരൻ എന്ന ബഹുമതിയും നേടിയാണ് അയാൾ ചെൽസിയിലേക്കെത്തിയത്. നേരത്തെ തന്നെ അയാളുടെ കഴിവുകൾ നേരിട്ടു കണ്ട ലാംപാർഡിന്റെ ചെൽസിയിൽ ടോമോറി കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങി.
കാനഡയുടെ അണ്ടർ 20 ദേശീയ ടീമിലും ടോമോറി ബൂട്ടുകെട്ടിയിരുന്നു. ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർകസ് റാഷ്‌ഫോർഡ് അടങ്ങുന്ന ഇംഗ്ലണ്ട് അണ്ടർ 20 ടീമിനെതിരായ ഒരു മത്സരത്തിലെ ടോമോറിയുടെ പ്രകടനം ഒട്ടേറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
സീസണു തൊട്ടുമുന്നേ ആഴ്സനലിലേക്കു ചേക്കേറിയ ഡേവിഡ് ലൂയിസിനു പകരമാണ് ടോമോറി ചെൽസിനിരയിലേക്കെത്തിയത്. ലാംപാർഡ് തന്നിലർപ്പിച്ച വിശ്വാസം പൂർണമായും കാത്തുസൂക്ഷിക്കാൻ ടോമോറിയ്ക്കു സാധിച്ചു എന്നതാകും ശരി. ലൂയിസിന് ശേഷവും സൂമയും ക്രിസ്റ്റൻസണും, റൂഡിഗറും ഉണ്ടായിട്ടും തുടർച്ചയായി ടോമോറിയ്ക്കു ആദ്യ ഇലവനിൽ സ്ഥാനം നൽകിയ ലാംപാർടിന്റെ തീരുമാനം പിഴച്ചിരുന്നെങ്കിൽ തീർച്ചയായും അയാളുടെ പരിശീലകസ്ഥാനം പോലും തുലാസിലാടിയേനെ. സെന്റർ ബാക്ക പൊസിഷനിൽ സൂമയുമൊത്ത് നല്ല ഒത്തിണക്കത്തോടെ കളിക്കുവാൻ ടോമോറിയ്ക്കു സാധിക്കുന്നുണ്ട്. വോൾവ്‌സിനെതിരെയായ 5-2 ന്റെ തകർപ്പൻ വിജയത്തിൽ ഗോൾ നേടി ടീമിനായി അക്കൗണ്ട് തുറക്കാനും ടോമോറിയ്ക്കു സാധിച്ചിട്ടുണ്ട്. കൂടാതെ ചാംപ്യൻസ് ലീഗിലെ ചെൽസിയുടെ എല്ലാ മത്സരങ്ങളിലും ടീമിലിടം നേടാനും അയാൾക്കു കഴിഞ്ഞു.
തുടർച്ചയായി മികച്ച പ്രകടനം തുടരുന്ന ടോമൊറി ഇതിനോടകം തന്നെ അളവറ്റ പ്രതീക്ഷകൾ നൽകുകയാണ്. ചെൽസിയ്‌ക്കു മാത്രമല്ല ഇംഗ്ലണ്ട് ദേശീയ ടീമിനും.






































