Editorial Foot Ball Top News

കൊമ്പന്മാരെ പരിക്കു വേട്ടയാടുമ്പോൾ

November 25, 2019

author:

കൊമ്പന്മാരെ പരിക്കു വേട്ടയാടുമ്പോൾ

ചെറിയൊരിടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചതു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു നിരാശ സമ്മാനിച്ചുകൊണ്ടായിരുന്നു. ബംഗളുരു എഫ്. സിയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോളടിക്കാൻ മറന്ന ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തോൽവികളെക്കാൾ ആരാധകരുടെ മനസ്സു മടുപ്പിക്കുന്നതും ബ്ലാസ്റ്റേഴ്‌സ് തുടരുന്ന ഗോൾ വരൾച്ചയാണ്. കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ ബർത്തലോമ്യോ ഓഗ്‌ബച്ചേ പോലെ മികച്ച താരങ്ങളുണ്ടായിട്ടും നിർണായക ഗോളുകൾ നേടുന്നതിൽ തുടർച്ചയായി കേരളം പരാജയപ്പെടുന്നു.

എന്താണ് ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനങ്ങളുടെ മൂലകാരണം?.

ഇത്തവണ ടീമിനു വില്ലനായിരിക്കുന്നതു പരിക്കാണ്. സീസൺ തുടങ്ങുന്നതിനു മുന്നേ നായകൻ സന്ദീഷ് ജിങ്കനിൽ തുടങ്ങിയ പരിക്കിന്റെ കഥകൾ ബംഗളുരുവിനെതിരെ കളിച്ച അവസാന മത്സരത്തിൽ പരിക്കേറ്റ റാഫിയിലൂടെ ടൂർണമെന്റിൽ ഉടനീളം ബ്ലാസ്‌റ്റേഴ്‌സിനെ വേട്ടയാടുകയാണ്. എ. ടി. കെ യ്ക്കതിരായ ആദ്യമത്സരത്തിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ജൈറോ റോഡ്രിഗസ് സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിനുവേണ്ടി ബൂട്ടുകെട്ടില്ലെന്നുറപ്പായിരിക്കുന്നു. ആദ്യമത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മാരിയോ ആർകസ്, ജിയോവാനി സിൽവർലൂൻ, മുസ്തഫ ഗാനിങ്, ഡാരൻ കാൽദൈറ മുതലായ വിദേശ താരങ്ങൾക്കൊപ്പം സെയ്ത്യാസെൻ സിംഗ്, മലയാളി താരം അർജുൻ ജയരാജ്‌ എന്നിവരും പരിക്കിന്റെ പിടിയിലാണ്. അനുവദനീയമായ മുഴുവൻ വിദേശതാരങ്ങളെയും കളത്തിലിറക്കാൻ പാടുപെടുന്ന കോച്ച് എൽകോ ഷട്ടോരിയുടെ വാക്കുകളിൽ നിന്നുതന്നെ പരിക്കുകൾ ടീമിനു എത്രമാത്രം ഭാരമാകുന്നുണ്ടെന്നു മനസിലാക്കാം.

കളിക്കളത്തിൽ പരിക്കുകൾ ഒഴിവാക്കാൻ കഴിയുന്നതല്ല. പക്ഷേ ഇത്രയധികം പരുക്കുകൾ ടീമിനെ വേട്ടയാടുമ്പോൾ തീർച്ചയായും സംശയത്തിന്റെ നിഴലുകൾ ടീമിന്റെ മെഡിക്കൽ ടീമിലേക്കും നീളും. ഒരു പ്രൊഫഷണൽ ക്ലബ്ബിന്റെ മെഡിക്കൽ ടീം എന്നനിലയിലുള്ള പ്രവർത്തനങ്ങൾ അവർ കാഴ്ചവെയ്ക്കുന്നുണ്ടോ?. താരങ്ങളുടെ ഫിറ്റ്നസ് പ്രശ്നങ്ങളും പരിക്കിനുള്ള സാധ്യതകളും മനസ്സിലാക്കി അവയെ പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഫിസിയോ ടീമിനു സാധിക്കുന്നുണ്ടോ?. ഈ ചോദ്യങ്ങൾ സ്വാഭാവികമായും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ മനസ്സിൽ ഉയർന്നേക്കാം.

ആദ്യമത്സരത്തിനിടെ പരിക്കേറ്റ ജൈറോ താൻ വീണ്ടും ടീമിലേക്കു തിരിച്ചുവരുമെന്ന് പ്രതീക്ഷ ട്വിറ്ററിൽ പങ്കുവെച്ചശേഷമാണ് അദ്ദേഹത്തിനു പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്. താരങ്ങളുടെ ഇഞ്ചുറി പ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കാനും അതിനുള്ള പരിഹാരമാർഗങ്ങൾ നിശ്ചയിക്കാനും മെഡിക്കൽ ടീമിനു കഴിയേണ്ടതുണ്ട്.

ഒരു കായികതാരത്തിന്റെ ജീവിതത്തിൽ പരിക്കുകൾ പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല. പക്ഷേ ആ പരിക്കുകൾ യഥാസമയം മനസ്സിലാക്കി കഴിയുന്നതും വേഗം അവയിൽനിന്നും അവരെ മുക്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് മെഡിക്കൽ ടീമിനു സാധിക്കുന്നില്ല എന്നതിൽ യാതൊരു സംശയവുമില്ല. ഇപ്പോൾ തന്നെ പല താരങ്ങളും ടീമിന്റെ മെഡിക്കൽ സൗകര്യങ്ങൾ ഒഴിവാക്കി വിദേശരാജ്യങ്ങളിൽ ചികിത്സതേടുന്നതു തന്നെ അതിന്റെ ഉദാഹരണമാണ്.

ഒരു താരത്തിന്റെ ഓരോ ശരീരചലനവും സൂക്ഷ്മമായി നിരീക്ഷിച്ചു അയാളുടെ സേവനം പൂർണമായും ടീമിനു ഉപകാരപ്രദമാക്കുന്നതിൽ ഒരു പ്രൊഫഷണൽ മെഡിക്കൽ ടീമിന്റെ പങ്ക് ചില്ലറയല്ല. പലപ്പോഴും ഈ ചുമതല ബ്ലാസ്റ്റേഴ്സിന്റെ ഫിസിയോ ടീം മറന്നുപോകുന്നുവെന്ന തോന്നലാണ് ടീമിനെ തുടർച്ചായി വേട്ടയാടുന്ന പരിക്കുകൾ വ്യക്തമാക്കുന്നത്.

Leave a comment