Cricket Editorial Top News

കൊൽക്കൊത്ത ടെസ്റ്റിലെ ചില മികച്ച പ്രകടനങ്ങൾ

November 24, 2019

author:

കൊൽക്കൊത്ത ടെസ്റ്റിലെ ചില മികച്ച പ്രകടനങ്ങൾ

അദ്‌ഭുതങ്ങളൊന്നും സംഭവിച്ചില്ല, കൊൽക്കൊത്ത ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയിരിക്കുന്നു. രണ്ടു ദിനങ്ങളിൽ അവസാനിക്കുമെന്നു കരുതിയ മത്സരം മുഷ്‌ഫികുർ റഹീമിന്റെ ഒറ്റയാൾ പോരാട്ടത്തിൽ മൂന്നാം ദിനത്തിലേക്ക് നീട്ടാൻ സാധിച്ചുവെന്നത് മാത്രമാണ് ബംഗ്ലാദേശിന് അവരുടെ ആദ്യ ഡേ നൈറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽനിന്നും ലഭിച്ച ഏക പോസിറ്റീവ്. ഇന്ത്യ ആതിഥേയത്വം വഹിച്ച ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ ചില മികച്ച പ്രകടനങ്ങളെ പരിചയപ്പെടാം.

1. ഇഷാന്ത് ശർമ :

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ വിക്കറ്റും അഞ്ചു വിക്കറ്റും നേടിയ ഇഷാന്ത് മത്സരം തന്റേതാക്കി മാറ്റുകയായിരുന്നു. ഇന്ത്യൻ പിച്ചിൽ എതിരാളികളുടെ ഇരുപതു വിക്കറ്റുകളും വീഴ്ത്തി ഇന്ത്യൻ പേസർമാർ കരുത്തു കാട്ടിയപ്പോൾ അതിൽ ഒൻപതു വിക്കെറ്റുകളും ഇഷാന്തിന്റെ പേരാണ് കുറിക്കപ്പെട്ടത്. തന്റെ കരിയറിന്റെ തുടക്കത്തിൽ റിക്കി പോണ്ടിങ് അടങ്ങുന്ന ഓസീസ് നിരയെ വിറപ്പിച്ച തന്റെ ഫോമിനെ ഇഷാന്ത് ഒരിക്കൽക്കൂടി പുറത്തെടുക്കുകയായിരുന്നു.

2. വിരാട് കോഹ്ലി :

ഇന്നിംഗ്സ് വിജയം നേടാൻ ഇന്ത്യയെ സഹായിച്ചത് വിരാട് കോഹ്‌ലിയുടെ സെഞ്ചുറി പ്രകടനമായിരുന്നുവെന്നതിൽ സംശയമില്ല. ഓപ്പണർമാരായ മായങ്കും രോഹിതും വേഗത്തിൽ പുറത്തായപ്പോൾ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത് വിരാടിന്റെ വീരോചിത ഇന്നിങ്‌സായിരുന്നു. ഫീൽഡിലും മികച്ച പ്രകടനവുമായി ടീം സ്പിരിറ്റ്‌ ഉയർത്തുവാനും കോഹ്ലിക്ക് സാധിച്ചു.

3. ചേതേശ്വർ പൂജാര & അജിൻക്യ രഹാനെ :

സെഞ്ചുറി നേടിയ വിരാടിന്റെ ഇന്നിങ്സിനു പൂർണമായ പിന്തുണ നൽകുവാൻ പൂജാരയുടെയും രഹാനെയുടെയും ഇന്നിങ്‌സുകൾക്കു സാധിച്ചു. അർദ്ധസെഞ്ചുറി നേടിയ ഇരുവരും നൽകിയ പിന്തുണയാണ് മികച്ച ടോട്ടലിലേക്ക് ഇന്ത്യയെ നയിക്കാൻ കൊഹ്‌ലിയെ സഹായിച്ചത്.

4. ഉമേഷ്‌ യാദവ് :

മുൻനിര ബൗളർമാരായ ബുമ്രയും ഭുവനേശ്വറും ഇല്ലാതിരുന്നത് ടീമിനെ ബാധിക്കാതിരിക്കാൻ ഉമേഷും ഇഷാന്തും ഷമിയുമടങ്ങുന്ന പേസ് ത്രയത്തിനു സാധിച്ചു. രണ്ടാമിന്നിങ്സിൽ അഞ്ചു വിക്കറ്റ് പ്രകടനവുമായി ടെസ്റ്റിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താനും ഉമേഷിന് സാധിച്ചു.

5. വൃദ്ധിമാൻ സഹ :

പതിവിലധികം സ്വിങ് ചെയ്യുന്ന പിങ്ക് പന്തുകളെ കയ്യിലൊതുക്കാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സഹ നടത്തിയ പ്രകടനം പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ട്. ഒന്നാമിന്നിങ്സിൽ മഹ്മദുള്ളയെ പുറത്താക്കാനെടുത്ത ക്യാച്ച് മത്സരത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു.

6. മുഷ്‌ഫികുർ റഹിം :

ബംഗ്ലാദേശ് ബാറ്റിങ്ങിലെ ഏക പ്ലസ് മുഷ്‌ഫികുറിന്റെ ബാറ്റിങ്ങായിരുന്നു. ഒന്നാമിന്നിങ്സിൽ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ ഒരു ബാറ്റ്സ്മാൻ കുറവായ സന്ദർഭത്തിലും അർധസെഞ്ചുറി പ്രകടനവുമായി മുഷി മികച്ചു നിന്നു. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സാധിച്ചില്ലെങ്കിലും മുഷ്‌ഫികുറിന്റെ പ്രകടനത്തെ അഭിനന്ദിക്കാതെ വയ്യ.

Leave a comment