ഗാബിഗോൾ രക്ഷകനായി, ഫ്ളമംഗോ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ
കളിയിലുടനീളം ഒരു ഗോളിനു പിന്നിട്ടു നിന്ന സ്വന്തം ടീമിനുവേണ്ടി എൺപത്തിയൊമ്പതാം മിനുറ്റിൽ ഒരു സമനിലഗോൾ, ഇഞ്ചുറി ടൈമിൽ നേടിയ മറ്റൊരു ഗോളിലൂടെ ടീമിന്റെ വിജയമുറപ്പിച്ചശേഷം ഫൈനൽ വിസിലിനു മുന്നേ ചുവപ്പുകാർഡ് വാങ്ങി കളം വിടുക.
ഒരു തമിഴ് മസാല മൂവിയിലെ കട്ട ഹീറോയിസമാണ് മുകളിൽ വിവരിച്ചതെന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി. ഇന്നലെ നടന്ന കോപ ലിബർട്ടഡോസ് മത്സരത്തിൽ ഫ്ലമംഗോസിനുവേണ്ടി ഗബ്രിയേൽ ബാർബോസയെന്ന മുന്നേറ്റനിര താരം നടത്തിയ പ്രകടനമാണിത്.
ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിലെ ക്ലബ് ഫുട്ബോൾ കിരീടത്തിനായുള്ള പോരാട്ടമായിരുന്നു അത്. നിലവിലെ ചാംപ്യൻമാരായ റിവർപ്ളേറ്റും താരതമ്യേന അപ്രസക്തരായ ബ്രസീലിയൻ ക്ലബ് ഫ്ലമംഗോയും പെറുവിയൻ തലസ്ഥാനമായ ലിമയിൽ ഏറ്റുമുട്ടുമ്പോൾ ഭൂരിഭാഗം പേരും അർജന്റീനൻ ചാമ്പ്യന്മാരുടെ വിജയം ഉറപ്പിച്ചിരുന്നു. തോൽവിയറിയാത്ത തുടർച്ചയായ ഇരുപത്തിയാറു മത്സരങ്ങളുടെ പിന്ബലവുമായി തങ്ങളുടെ ആറാം കോപ ലിബർടാഡോസ് കിരീടം തേടിയിറങ്ങിയ റിവർ പ്ലേറ്റിനു മുന്നിൽ 1981നു ശേഷം ആദ്യമായി ലാറ്റിനമേരിക്കൻ കിരീടപ്പോരാട്ടത്തിനിറങ്ങിയ ഫ്ലമംഗോ എത്രനേരം പിടിച്ചുനിക്കുമെന്ന ചോദ്യം മാത്രമേ അവരുടെ മുന്നിലുണ്ടായിരുന്നുള്ളൂ.
വിദഗ്ധരുടെ അഭിപ്രായം ശരിവെക്കുന്ന രീതിയിലായിരുന്നു മത്സരം മുന്നേറിയതും. പതിനാലാം മിനുട്ടിൽ സ്ട്രൈക്കർ റാഫേൽ ബൊറേയുടെ ഗോളിൽ അർജന്റീനൻ ക്ലബ് ലീഡെടുത്തു. ഒരു ഗോൾ ലീഡ് അവസാന നിമിഷം വരെയും കയ്യടക്കിവെച്ച റിവർ പ്ലേറ്റ് വിജയം ഏതാണ്ടുറപ്പിച്ചിരുന്നു.
മത്സരം അവസാനമിനുട്ടിലേക്കു കടക്കുമ്പോഴേക്കും ഗാലറിയിൽ റിവർ പ്ലേറ്റ് ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. പക്ഷേ പെട്ടന്നാണ് കളിയുടെ ഗതി മാറ്റിമറിച്ച ഗോൾ കടന്നുവന്നത്. എണ്പത്തിയൊമ്പതാം മിനുറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നും വീണുകിട്ടിയ അവസരം മുതലെടുത്ത ക്ലോസ് റേഞ്ചിൽ നിന്നും ആളൊഴിഞ്ഞ വലയിലേക്ക് പന്തു കോരിയിട്ട ഒരു ഗോൾ, വെറും മൂന്നു മിനുട്ടുകൾക്കുള്ളിൽ റിവർ പ്ലേറ്റ് ആരാധകരുടെ ഹൃദയം പിളർന്ന ഒരു ഹാഫ് വോളി. ഗബ്രിയേൽ ബാർബോസയെന്ന ബ്രസീലിയൻ സ്ട്രൈക്കർ ഫ്ലമംഗോ കളിക്കാർക്കും ആരാധകർക്കും മുന്നിൽ ഒരു മാലാഖയായി അവതരിക്കുകയായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം കോപ ലിബർടാഡോസ് കിരീടമാണ് അയാൾ ക്ലബ്ബിനു നേടിക്കൊടുത്തത്.
ഗോൾ നേടിയ ശേഷം ജഴ്സിയൂരി നടത്തിയ ആഹ്ലാദപ്രകടനത്തെത്തുടർന്ന് ആദ്യ മഞ്ഞക്കാർഡും ഫൈനൽ വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റിവർ പ്ലേറ്റ് താരം പലാസിയോസിനോട് കയ്യാങ്കളിയിൽ ഏർപെട്ടതിനു ചുവപ്പുകാർഡും വാങ്ങിയ ബാർബോസയ്ക്കു റഫറി മാർച്ചിങ് ഓർഡർ നൽകുകയായിരുന്നു. പക്ഷേ തന്റെ മേലുള്ള റഫറിയുടെ വിധിയ്ക്കുമുന്നേ അയാൾ കളിയുടെ വിധി മാറ്റിയെഴുതിയിരുന്നു. ഫ്ലമംഗോ ആരാധകർക്ക് എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു വിജയം സമ്മാനിച്ചശേഷമാണ് ഗബ്രിയേൽ ബാർബോസോയെന്ന ഗാബിഗോൾ മൈതാനത്തിനു പുറത്തേക്കു നടന്നത്.






































