Foot Ball Top News

ഗണ്ണേഴ്സിന്റെ മോശം പ്രകടനം തുടരുന്നു, സതാംപ്റ്റനോടും സമനില

November 23, 2019

author:

ഗണ്ണേഴ്സിന്റെ മോശം പ്രകടനം തുടരുന്നു, സതാംപ്റ്റനോടും സമനില

പ്രീമിയർ ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ആര്സെനലിന്റെ മോശം ഫോം ഇന്റർനാഷണൽ ബ്രേക്കിന് ശേഷവും മാറ്റമില്ല. ഇന്ന് സ്വന്തം ഗ്രൗണ്ടായ എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ നിലവിൽ 19ആം സ്ഥാനത്തുള്ള സതാംപ്റ്റനോട് ഇഞ്ചുറി ടൈമിലെ ഗോളിലൂടെ തോൽ‌വിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സ്കോർ 2-2.ഇതോടെ പ്രീമിയർ ലീഗിൽ വിജയമില്ലാതെ തുടരെ അഞ്ചാമത്തെ മത്സരമാണ് പൂർത്തിയാക്കിയിരിക്കുന്നത്.

എമിരേറ്റ്സിൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ ആർസെനലിനെ തുടക്കത്തിൽ തന്നെ സതാംപ്ടൺ ഞെട്ടിച്ചു. ഒരു ഫൗളിനെ തുടർന്നു ആർസെനാൽ താരങ്ങളുടെ അശ്രദ്ധ മുതലെടുത്തു മുന്നോട്ട് കുതിച്ച ഡാനി ഇങ്സ് ഗോളി ലെനോയെ കീഴ്പെടുത്തി സൗതാംപ്ടന്റെ ലീഡ് നേടി. എന്നാൽ തിരിച്ചടിച്ച ആർസെനാൽ 19ആം മിനുട്ടിൽ ലാകാസെറ്റിലൂടെ സമനില നേടി. ആദ്യ പകുതിയിൽ സ്കോർ 1-1നു അവസാനിച്ചു.

രണ്ടാം പകുതിയിൽ ചേംബേഴ്സിനു പകരം പെപ്പയെ ഇറക്കി വിജയമുറപ്പിക്കാൻ ഇറങ്ങിയ ആർസെനലിനു ഒരു പിടി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പാഴായി. എന്നാൽ 71ആം മിനുട്ടിൽ ആര്സെനലിന്റെ മുറിവിനു ഉപ്പു തേക്കും വിധം സതാംപ്ടന് പെനാൽറ്റി ലഭിച്ചു. വാർഡ് പ്രോസിന്റെ ഷോട്ട് ലെനോ തടുത്തെങ്കിലും റീബൗണ്ട് വലയിലെത്തിച്ചു വാർഡ് പ്രോസ് സതാംപ്ടന്റെ രണ്ടാം ഗോൾ നേടി. മത്സരം സതാംപ്ടൺ ജയികും എന്നിരിക്കെ ഇഞ്ചുറി ടൈമിന്റെ 5ആം മിനുട്ടിൽ ലകാസെറ്റ് തന്റെ രണ്ടാം ഗോളിലൂടെ ആര്സെനലിന്റെ നാണക്കേടിൽ നിന്നും രക്ഷിച്ചു.

എങ്കിലും ഗണ്ണേഴ്സിന് മത്സരഫലം ഒട്ടും ആശാസ്യകരമല്ല. ദുർബലരായ എതിരാളികൾക്ക് മേൽ ഹോം മാച്ചിൽ പോലും ലകാസെറ്റ് -പെപെ -അബാമേയങ്ങ് -ഓസിൽ എന്നീ വൻ താരങ്ങളെ അണിനിരത്തിയിട്ടും വിജയിക്കാൻ കഴിയാത്തത് കോച്ച് ഉനായി എമേരിയുടെ പരാജയമായി തന്നെ കരുതേണ്ടി വരും. ക്രിസ്മസിന് മുൻപ് തന്നെ ടോട്ടൻഹാം പുറത്താക്കിയ പോച്ചട്ടിനോയുടെ വഴിയേ എമേറിയെയും പുറത്താക്കാനുള്ള സാധ്യത ഏറുകയാണ്

Leave a comment