മൗവിനൊപ്പം വിജയത്തുടക്കവുമായി ടോട്ടൻഹാം
ജോസെ മൗറിഞ്ഞോയെപ്പോലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മർമമറിഞ്ഞ പരിശീലകൻ വേറെയുണ്ടോയെന്നു സംശയമാണ്. അതൊരിക്കൽക്കൂടി ഇന്നയാൾ തെളിയിച്ചിരിക്കുന്നു. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടുമയാൾ ലീഗിലേക്കു തിരിച്ചുവരുന്നത് ജനുവരിയ്ക്കു ശേഷം ടോട്ടൻഹം ഹോട്സ്പറിന് ഒരു എവേ വിജയം നേടിക്കൊടുത്തുകൊണ്ടാണ്. തുടർതോൽവികളുമായി ലീഗിൽ പതിനാലാം സ്ഥാനത്തേക്കു ടീം പിന്തള്ളപ്പെട്ടതിനെത്തുടർന്നു സ്ഥാനം നഷ്ടപെട്ട മൗറിസ്യോ പോച്ചെറ്റിനോയ്ക്കു പകരമെത്തിയ ജോസെ മൗറീഞ്ഞോയ്ക്കു കീഴിൽ ആദ്യമത്സരത്തിൽ തന്നെ സ്‌പർസ് വെസ്റ്റ് ഹാം യുണൈറ്റഡിനെ 3-2 നു പരാജയപ്പെടുത്തി.
മത്സരത്തിലുടനീളം മികച്ച ആധിപത്യം പുലർത്തിയാണ് മൗറീഞ്ഞോയും ശിഷ്യന്മാരും സ്‌പർസിനെ ലീഗിൽ വിജയവഴിയിലേക്കു തിരിച്ചെത്തിച്ചത്. സണും, മൗറയും, കെയ്‌നുമടങ്ങുന്ന സ്‌പർസ് നിര തുടക്കത്തിൽ തന്നെ മികച്ച മുന്നേറ്റങ്ങളുമായി കളം പിടിച്ചടക്കി. മൂന്നാം മിനിറ്റിൽതന്നെ ഹാരി കെയ്ൻ വെസ്റ്റ് ഹാം വല കുലുക്കിയെങ്കിലും വാർ സാങ്കേതികവിദ്യ ഉപയോഗിച്ച റഫറി ഓഫ് സൈഡ് വിധിച്ചു. പക്ഷേ പുതിയ പരിശീലകന്റെ കീഴിൽ ആദ്യ മത്സരം കളിച്ച സ്‌പർസ് കളിയിൽ നേടിയ മേധാവിത്വം പിന്നീട് വിട്ടുകളഞ്ഞില്ല.
പതിനെട്ടാം മിനുട്ടിലാണ് വെസ്റ്റ്ഹാമിന് സ്‌പർസ് ഗോൾമുഖത്തെ ആദ്യമായി ഭയപ്പെടുത്താൻ സാധിച്ചത്. സ്‌നോട്ഗ്രാസിന്റെ ഹെഡ്ർ ശ്രമം പക്ഷേ ഓറിയർ ക്ലിയർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഗോമസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച ചുവപ്പുകാർഡ് പിന്വലിക്കപ്പെട്ടതിനെ തുടർന്നു കളിക്കാനിറങ്ങിയ മിഡ് ഫീൽഡർ സൺ ആയിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ വെസ്റ്റ് ഹാം പ്രതിരോധത്തിനു കൂടുതൽ തലവേദന സൃഷ്ടിച്ചത്. ചെറിയ സ്പേസുകളിൽപോലും കടന്നുകയറി പ്രതിരോധത്തിൽ വിള്ളലുകൾ സൃഷ്‌ടിച്ച സൺ വെസ്റ്റ് ഹാമിനെ ശെരിക്കും വെള്ളം കുടിപ്പിച്ചു.
മത്സരത്തിലെ ആദ്യഗോൾ നേടിയതും സൺ ആയിരുന്നു. മുപ്പത്തിയാറാം മിനുറ്റിൽ കെയ്‌നിന്റെ ഷോട്ടിൽനിന്നും ലഭിച്ച ബ്ലോക്ക് പിടിച്ചെടുത്ത അലി പന്ത് തന്റെ ഇടതുവശത്തു നിന്ന സണ്ണിനു നൽകുകയായിരുന്നു. പന്ത് മനോഹരമായി സൺ വലയിലാക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ ടോട്ടൻഹാം ലീഡുയർത്തി. നാല്പത്തിമൂന്നാം മിനുട്ടിൽ സൺ നൽകിയ പാസിൽ നിന്നും ലൂക്കാസ് മൗറ ആണ് സ്പർസിന്റെ രണ്ടാം ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ നായകൻ ഹാരി കെയ്ൻ ലീഡുയർത്തി. നാല്പത്തിയൊമ്പതാം മിനുട്ടിൽ ഓറിയർ നൽകിയ പാസ് സ്വീകരിച്ച കെയ്ൻ ഹെഡറിലൂടെയാണ് ഗോൾ നേടിയത്.
എഴുപത്തിമൂന്നാം മിനുട്ടിൽ അൻടോണിയോയിലൂടെ വെസ്റ്റ് ഹാം ഒരു ഗോൾ മടക്കിയെങ്കിലും അലിയെ പിൻവലിച്ചു എറിക്‌സനെ കളത്തിലിറക്കിയ മൗ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുത്തു.
അവസാന നിമിഷം ഓഗ്‌ബോന്നയിലൂടെ വെസ്റ്റ് ഹാം രണ്ടാം ഗോളും നേടിയെങ്കിലും സമനിലഗോൾ നേടാൻ അവർക്കായില്ല.
മൗറീഞ്ഞോയുടെ കീഴിൽ വിജയതുടക്കം നേടിയെങ്കിലും ഇനിയും സ്‌പർസ് ഒട്ടേറെ മുന്നേറേണ്ടിയിരിക്കുന്നു. ഇനിയുള്ള മത്സരങ്ങളിൽ പ്രതിരോധം കൂടുതൽ ശക്തമാക്കിയാൽ മാത്രമേ ടോപ് സിക്സിലെക്കു മടങ്ങിയെത്താൻ സ്‌പർസിനു സാധിക്കൂ. തന്റെ ശൈലിയ്‌ക്കൊത്തു പ്രതിരോധം ബലപ്പെടുത്താനാകും മൗറീഞ്ഞോയും ഇനി ശ്രമിക്കുക.






































