വിരാട് കോഹ്ലി; ഒരേയൊരു രാജാവ് !!
നിങ്ങളുടെ പ്രകടനങ്ങൾ നിങ്ങളുടെ കൂടെയുള്ളവരെ സ്വപ്നം കാണാൻ, നിങ്ങളിൽ നിന്നും പഠിക്കുവാൻ, നിങ്ങളെപ്പോലെ ചെയ്യുവാൻ, നിങ്ങളെ അനുകരിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ. നിങ്ങളൊരു യഥാർത്ഥ നായകനാണ്.
വിരാട് കോഹ്ലി ഒരു നായകനാണ്. കാരണം കൂടെയുള്ള ഓരോ കളിക്കാരനെയും തന്നെ അനുകരിക്കുവാൻ പ്രേരിപ്പിക്കുകയാണ് വിരാട്. കാലമോ ദേശമോ അവസ്ഥകളോ അയാൾക്കൊരു പ്രശ്നമാകുന്നില്ല. ടീമിലെ ഓരോ വ്യക്തിയുടെയും ബാറ്റിലേക്ക് അയാൾ പരകായപ്രവേശനം നടത്തുന്നു. തനിക്കൊപ്പം ബാറ്റ ചെയ്യുന്ന ഓരോരുത്തരെയും അയാൾ തന്റെ പ്രകടനത്തിന്റെ ഭാഗമാക്കുന്നു.
മേൽപറഞ്ഞ വാചകങ്ങളിൽ അതിശയോക്തിയുണ്ടാകാം. പക്ഷേ അങ്ങനെ മാത്രമേ അയാളുടെ ഇന്നിംഗ്സിനെ വിലയിരുത്താൻ സാധിക്കൂ. കാരണം അത്രയേറെ മനോഹരമായാണ് അയാൾ പിങ്ക് പന്തിലെ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയത്. ഒരു ആരാധകൻ വിരാട് കൊഹ്ലിയിൽ നിന്നും എന്താണോ ആഗ്രഹിക്കുന്നത്, അതെല്ലാം പ്രദാനം ചെയ്ത ഒരിന്നിംഗ്സ്.
അന്താരാഷ്ട്ര മത്സരങ്ങളിൽ പിങ്ക് നിറമുള്ള പന്തിനെ ആദ്യമായി നേരിടുന്ന ബാറ്റിങ് നിര. പരമ്പരയിൽ ഇതുവരെ ടീമിന്റെ ബാറ്റിങ്ങിനെ മുന്നിൽ നിന്നു നയിച്ച രോഹിത് ശർമയും മായങ്ക് അഗർവാളും പവലിയനിൽ മടങ്ങിയെത്തുമ്പോൾ ഇന്ത്യൻ സ്കോർ അൻപതുറണ്ണുകൾ പോലും എത്തിയിരുന്നില്ല. മൂന്നാം സെഷൻ പകുതി ദൂരം പിന്നിടുന്നതിനു മുന്നേ പന്ത്രണ്ടു വിക്കറ്റുകൾ വീണിരിക്കുന്നു. ബംഗ്ലാദേശ് ടോട്ടൽ മറികടക്കുകയെന്നതിനേക്കാൾ ഡേ നൈറ്റ് ടെസ്റ്റുകളിൽ ബൗളർമാർക്ക് ഏറ്റവുമധികം ആനുകൂല്യം ലഭിക്കുന്ന മൂന്നാം സെഷൻ അതിജീവിക്കുകയെന്ന ചുമതലകൂടിയുണ്ടായിരുന്നു വിരാടിന്.
പക്ഷേ സമ്മർദ്ദങ്ങൾ മുറുകുമ്പോൾ വിരാട് പതിന്മടങ്ങു ശക്തി പ്രാപിക്കും. രോഹിത് ശർമയെ പുറത്തായശേഷം ക്രീസിലെത്തിയ വിരാടിന് ആദ്യ നേരിടേണ്ടി വന്നത് ബംഗ്ലാദേശ് നിരയിൽ ഏറ്റവും മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്ന എബാദത് ഹുസൈന്റെ ഒരു ഗുഡ് ലെങ്ത് ബോളായിരുന്നു. ഡിഫെൻസീവ് ഷോട്ടിനു ശ്രമിച്ച വിരാടിന്റെ ബട്ടിന്റെ അരികിൽ സ്പർശിച്ച പന്ത് തേർഡ്മാൻ ബൗണ്ടറിയിലേക്കു പാഞ്ഞു.
ആദ്യ ഇന്നിങ്സിൽ ചുരുങ്ങിയ സ്കോറിനു പുറത്തായ ബംഗ്ലാദേശിനു മത്സരത്തിൽ തിരിച്ചുവരാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് വിരാട് കോഹ്ലിയെ വേഗത്തിൽ പുറത്താക്കുക എന്നതിലൂടെയായിരുന്നു. പക്ഷേ വിരാടിനും ബോധ്യമുണ്ടായിരുന്നു തന്റെ മികച്ച ഒരിന്നിംഗ്സിന് കളിയുടെ ഭാവി തന്നെ നിർണയിക്കാൻ കഴിയുമെന്ന്. ഓഫ് സ്റ്റമ്പിന് വെളിയിൽ ഗുഡ് ലെങ്ത് ബോളുകൾ തുടർച്ചയായി എറിഞ്ഞാണ് ബംഗ്ലാ പേസർമാർ കൊഹ്ലിയെ തുടക്കത്തിൽ പരീക്ഷിച്ചത്. പക്ഷേ ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന നല്ല പന്തുകൾപോലും കോഹ്ലിയുടെ ബാറ്റിൽനിന്നും ബൗണ്ടറികൾ തേടി പാഞ്ഞുതുടങ്ങി. കോഹ്ലിയുടെ ബാറ്റിങ് ഇന്ത്യൻ ആരാധകരേക്കാൾ ബംഗ്ലാദേശ് ബൗളർമാർ ആസ്വദിച്ചിരുന്നതുപോലെ തോന്നി. എബാദത് എറിഞ്ഞ ഇരുപത്തിമൂന്നാം ഓവറിലെ മൂന്നാം പന്ത് മനോഹരമായൊരു സ്ട്രൈറ്റ് ഡ്രൈവിലൂടെ കോഹ്ലി മിഡ് ഓഫ് ബൗണ്ടറിയിലേക്കു നയിക്കുമ്പോൾ ബൗളറുടെ മുഖം സൂചിപ്പിച്ചതും അതായിരുന്നു. എബാദതിനെ മിഡ് വിക്കെറ്റിലൂടെ ബൗണ്ടറിയിലേക്കു പായിച്ച കോഹ്ലി തന്റെ അർധശതകവും പൂർത്തിയാക്കി.
തന്റെ ഫോം ടീമംഗങ്ങങ്ങളിലേക്കും കോഹ്ലി പകർന്നുനല്കിയതുപോലെയായിരുന്നു മറ്റു ബാറ്സ്മാന്മാരുടെയും പ്രകടനം. പൂജാരയും പിന്നാലെ വന്ന രഹാനെയും അർദ്ധസെഞ്ചുറികളുമായി കോഹ്ലിക്ക് ഉറച്ച പിന്തുണ നൽകി. മികച്ച ഡ്രൈവ് ഷോട്ടുകളായിരുന്നു അയാളുടെ ഇന്നിങ്സിന്റെ പ്രത്യേകത. പിങ്ക് പന്തിന്റെ സ്വാഭാവികസ്വിങ്ങിനെ ക്രീസിനു വെളിയിൽ നിന്നുകൊണ്ടു നേരിട്ട കോഹ്ലിയുടെ ഓരോ ഷോട്ടും അത്രമേൽ മനോഹരമായിരുന്നു.
തൈജുളിനെതിരായ ഒരു ഡബിളിലൂടെ മൂന്നക്കം തികച്ച കോഹ്ലി മൂന്നോവറുകൾക്കുശേഷം വിശ്വരൂപം പ്രാപിച്ചു. അബു ജയേദ് എറിഞ്ഞ ഒരോവറിൽ മനോഹരമായ ഒരു സ്ട്രൈട് ഡ്രൈവും കവർ ഡ്രൈവുമടക്കം നാലു തവണയാണ് അയാൾ പന്തിനെ അതിർത്തിവര കടത്തിയത്. അതേ, അക്ഷരാർത്ഥത്തിൽ അയാൾ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്നു നയിക്കുകയായിരുന്നു. ടീം മികച്ച ടോട്ടൽ നേടിയെന്നുറപ്പാക്കിയ ശേഷമാണ് അയാൾ കീഴടങ്ങിയത്.
ഇന്ത്യൻ ടീം ഇന്ന് വിജയവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. മികച്ച പ്രകടനങ്ങളിലൂടെ, ടീമിനെ മൊത്തം ഉത്തേജിപ്പിക്കുന്ന പോസിറ്റീവ് എനർജി പകർന്നു നൽകി വിരാട് കോഹ്ലി മുന്നിൽ നിന്നു നയിക്കുമ്പോൾ എങ്ങനെ അവർക്കു മുന്നേറാതിരിക്കാൻ സാധിക്കും?.






































