പോച് കളമൊഴിയുന്നു, മൗറീഞ്ഞോയെ സ്വീകരിക്കാൻ ടോട്ടൻഹാം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഒടുവിൽ ആ വാർത്തയെത്തിയിരിക്കുന്നു. കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച അർജന്റീനൻ പരിശീലകൻ മൗറിഷിയോ പോച്ചെറ്റീനോയെ ടോട്ടൻഹാം ഹോട്സ്പർ പുറത്താക്കിയിരുന്നു. പകരമെത്തുന്നത് മറ്റാരുമല്ല. യൂറോപ്യൻ ലീഗുകൾക്ക് ഏറ്റവുമധികം പരിചിതനായ, പരിശീലകനെന്ന നിലയിൽ ഏറ്റവുമധികം കഴിവു തെളിയിച്ചവരിൽ ഒരാളായ ജോസ് മൗറിഞ്ഞോയാണ് തങ്ങളുടെ പരിശീലകനായി സ്പർസ് വെംബ്ലിയിലെത്തിക്കുന്നത്. 2023 സീസൺ അവസാനം വരെയാണ് ക്ലബ് മൗറിഞ്ഞോയുമായി കരാറൊപ്പിട്ടിരിക്കുന്നത്.
പോയ സീസണിലെ ഫോമിന്റെ നിഴൽ മാത്രമാണിന്നു ടോട്ടൻഹാം. ട്രാൻസ്ഫർ മാർകറ്റിൽ ഒരു യൂറോപോലും ചെലവഴിക്കാതെ യുവേഫ ചാംപ്യൻസ് ലീഗ് റണ്ണറപ്പ് സ്ഥാനവും കൂടാതെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനവും നേടിയ അവർ ഈ സീസണിൽ തുടർതോൽവികളുമായി വലയുകയാണ്. സമീപകാലത്തു നടന്ന പല മത്സരങ്ങളിലും തോൽവി വഴങ്ങിയ അവർ നിലവിൽ പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ്. കഴിഞ്ഞ സീസൺ ചാംപ്യൻസ് ലീഗ് സെമിഫൈനൽ മത്സരം വീക്ഷിച്ച ഒരു സ്‌പർസ് ആരാധകനും ക്ലബ്ബിന്റെ ഇപ്പോഴത്തെ അവസ്ഥയെ ന്യായീകരിക്കാൻ കഴിയില്ല.
അനിവാര്യമായ ഒരു വിധിയായിരുന്നു പോച്ചെറ്റീനോയുടെ വിടവാങ്ങൽ. പകരമെത്തുന്ന മൗറീഞ്ഞോയ്ക്കു ചുമതലകൾ ഏറെയാണ്. പക്ഷേ പ്രീമിയർ ലീഗിൽ ചെൽസിയെ ചാപ്യൻമാരാക്കിയ, രണ്ടു വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം (പോർട്ടോയും ഇന്റർ മിലാനും) ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ മൗറീഞ്ഞോക്ക് അതിനു സാധിക്കുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്.
യൂറോപ്യൻ ഫുട്ബോളിലെ കഴിവുതെളിയിച്ച പരിശീലകരിൽ ഒരാളാണ് ജോസ് മൗറിഞ്ഞോ എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. 2004ൽ എഫ്. സി പോർട്ടോയെന്ന പോർച്ചുഗൽ ക്ലബ്ബിനെ യൂറോപ്പിന്റെ ചാംപ്യൻമാരാക്കിയപ്പോൾത്തന്നെ അയാളുടെ പരിശീലനമികവിനെ ലോകം അംഗീകരിച്ചതാണ്. യൂറോപ്പിലെ ഏതാണ്ടെല്ലാ മുൻനിര ക്ലബ്ബുകളെയും പരിശീലിപ്പിച്ച മൗ ടീമിന്റെ മോശം പ്രകടനങ്ങളേയും കളിക്കാരോടുള്ള അഭിപ്രായവ്യത്യാസങ്ങളെയും തുടർന്നു കഴിഞ്ഞ സീസൺ മധ്യത്തിൽ പുറത്താക്കപ്പെട്ടശേഷം മറ്റൊരു ടീമുമായി കരാറേർപ്പെട്ടിരുന്നില്ല. സ്‌പെയിനിൽനിന്നും പോർച്ചുഗലിൽനിന്നും ചൈനയിൽനിന്നും വന്ന ഓഫറുകൾ മൗ നിരസിച്ചതായും വാർത്തകൾ വന്നിരുന്നു.
സീസണിൽ ആകെ കളിച്ച മത്സരങ്ങളിൽ അഞ്ചു വിജയങ്ങൾ മാത്രമാണ് ടോട്ടനത്തിനു നേടാനായത്. ഹാരി കെയ്ൻ നയിക്കുന്ന മുന്നേറ്റനിര മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും പ്രതിരോധനിരയുടെ മോശം പ്രകടനമാണ് അവരുടെ പ്രധാന തലവേദന. ആ സിസ്റ്റത്തിലേക്ക് കടന്നുവരുന്ന പ്രതിരോധാത്മക ഫുട്ബോൾ ശൈലി പിന്തുടരുന്ന മൗറീഞ്ഞോയ്ക്ക് ആദ്യ സീസണിൽ എത്രകണ്ടു വിജയിക്കാനാകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പക്ഷേ മൗ പരിചയസമ്പന്നനാണ്. അയാളുടെ ആവനാഴിയിൽ അസ്ത്രങ്ങൾക്കു കുറവുണ്ടാകില്ല. കാത്തിരിക്കാം മൗറീഞ്ഞോ മെനയുന്ന പുതിയ തന്ത്രങ്ങൾക്കായി.






































