രാജാറാം പേദ്കർ; വൈകിയെത്തിയ നീതിയുടെ അവകാശി
2018 ൽ ഭാരതീയ സർക്കാർ പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ ഏറെ ശ്രദ്ധയാകര്ഷിച്ചത് മഹേന്ദ്രസിംഗ് ധോണിക്ക് ലഭിച്ച പദ്മഭൂഷൺ ബഹുമതി തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. ധോണിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലു മാധ്യമങ്ങളും കായികപ്രേമികളും ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ മറ്റൊരറ്റത്തുള്ള വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു പദ്മ പുരസ്കാരജേതാവിനെപറ്റിയും നാം അറിയേണ്ടതുണ്ട്. “മുരളികാന്ത രാജാറാം പേദ്കർ” എന്ന പേര് 2018ലെ പദ്മ പുരസ്‌കാര പട്ടികയിലുൾപ്പെടുമ്പോൾ ആദരിക്കപ്പെട്ടത് നീണ്ട നാൽപ്പത്തിയഞ്ച് വർഷം മുൻപ് അദ്ദേഹം നേടിതന്ന ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് സ്വർണമെഡലാണ്.
മുരളികാന്ത പേദ്കറിന്റെ ജീവിതത്തിലൂടെ ഒരു യാത്ര നടത്തുമ്പോൾ ഏറ്റവും ശ്രമകരമായ വിഷയം അദ്ദേഹത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്നതാണ്. നീന്തൽ, ബോക്സിങ്, ജാവലിൻ ത്രോ, ഷോട്ട് പുട്, ടേബിൾ ടെന്നീസ് എന്നീ അങ്ങേയറ്റം വ്യത്യസ്തതയുള്ള ഒരുപിടി കായികയിനങ്ങളിൽ ഒരുപോലെ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
1947ൽ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് പേദ്കർ ജനിച്ചത്. ആദ്യകാലത്തെ ഏതാണ്ടെല്ലാ കായികതാരങ്ങളെയും പോലെ ഇന്ത്യൻ ആർമി തന്നെയായിരുന്നു മുരളീകാന്തിന്റെയും പരിശീലനക്കളരി. സൈന്യത്തിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് (EME) വിഭാഗത്തിൽ ജവാനായിരുന്ന അദ്ദേഹം ബോക്സിങിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. EME സെക്കന്ദരാബാദിനു വേണ്ടി പ്രാദേശിക തലത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാക്കിയത് 1965 ഇന്തോ പാക് യുദ്ധമായിരുന്നു.
കശ്മീരിലെ സിയാൽകോട് ഡിവിഷനിൽ ജോലിയിലായിരുന്ന അദ്ദേഹത്തിന് യുദ്ധത്തിൽ സാരമായി പരുക്കേറ്റു. അപകടസൂചനയായി രാവിലെ നാലു മണിക്ക് മുഴങ്ങിയ അലാറം പരിചയക്കുറവുമൂലം ചായകുടിക്കാനുള്ള സിഗ്നൽ ആണെന്ന് തെറ്റിദ്ധരിച്ചു ബങ്കറിൽ നിന്നും പുറത്തിറങ്ങിയതാണ് അദ്ദേഹത്തിന് വിനയായത്. പാക് സൈനികരുടെ ശക്തമായ ആക്രമണത്തിൽ ഏഴു വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറിയത്.
നീണ്ടകാലത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് തിരികെവന്ന പേദ്കറിന്റെ അരക്കു കീഴ്പോട്ടുള്ള ചലനശേഷി നഷ്ടപ്പെട്ടിരുന്നു. അതോടെ സൈന്യത്തോടും ബോക്സിങ്ങിനോടും വിടപറഞ്ഞ അദ്ദേഹം മറ്റു കായികയിനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 ൽ നടന്ന മഹാരാഷ്ട്ര അത്ലറ്റിക് മീറ്റിൽ ഷോട്ട് പുട്, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ആർച്ചെറി, ടേബിൾ ടെന്നീസ് എന്നിവയിൽ പേദ്കർ ചാമ്പ്യനായി. 1970ൽ ടാറ്റാ ഗ്രൂപ്പ യുദ്ധത്തിൽ പരിക്കേറ്റ ജവാന്മാർക്കുള്ള സാമ്പത്തിക സഹായം നൽകാനായി പേദ്കറിനെ സമീപിച്ചപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് ഒരു ജോലിയായിരുന്നു. അങ്ങനെ പൂനയിലെ ടെൽകോ കമ്പനിയിൽ അദ്ദേഹത്തിന് ഉദ്യോഗം ലഭിച്ചു.
തുടർന്നും കായികരംഗത്തു പേദ്കർ മികച്ച നേട്ടങ്ങൾ വാരിക്കൂട്ടി. 1970ൽ സ്കോട്ലൻഡിലെ എഡിൻബറോയിൽ വച്ചു നടന്ന വികലാംഗർക്കായുള്ള കോമ്മൺവെൽത് ഗെയിംസിൽ 50 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിങ്ങിൽ അദ്ദേഹം സ്വർണമെഡൽ നേടി. 1972ൽ ജർമനിയിലെ ഹൈഡൽബെർഗ് നഗരത്തിൽ വച്ചു നടന്ന പാരാലിമ്പിക്‌സിൽ ഇതേയിനത്തിൽ സ്വർണമെഡൽ നേടിയ പേദ്കർ ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് സ്വർണമെഡൽ ജേതാവായി. 1975 ൽ മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ശിവ് ഛത്രപതി നൽകി അദ്ദേഹത്തെ ആദരിച്ചു. 1965 ൽ ഇന്ത്യൻ ആർമിയുടെ “രക്ഷ” പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഇന്ത്യൻ കായികമന്ത്രാലയം പേദ്കറിന്റെ നേട്ടങ്ങളെ പാടെ അവഗണിച്ചു. ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും അദ്ദേഹത്തിനു സർക്കാരിൽ നിന്നും ലഭിച്ചിരുന്നില്ല. 1982 ൽ അർജുന അവാർഡിനായുള്ള പേദ്കാറിന്റെ അപേക്ഷ കായിക മന്ത്രാലയം നിരസിച്ചത് വികലാംഗനാണെന്ന കാരണം കാട്ടിയായിരുന്നു. 1980 നു ശേഷമുള്ള രേഖകളെ തങ്ങളുടെ കയ്യിലുള്ളൂവെന്ന് കാരണത്താൽ ആദ്യ പാരാലിമ്പിക്സ് സ്വർണമെഡൽ ജേതാവെന്ന ബഹുമതിപോലും ഔദ്യോഗികമായി അദ്ദേഹത്തിന് നൽകിയിരുന്നില്ല. തുടർച്ചയായ അവഗണനയിലുണ്ടായ നിരാശയിൽ തനിക്കു ലഭിച്ച അന്താരാഷ്ട്ര സർട്ടിഫിക്കേറ്റുകളെല്ലാം താൻ നശിപ്പിച്ചുകളഞ്ഞുവെന്നു ഒരിക്കൽ പേദ്കർ തന്നെ പറയുകയുണ്ടായി.
നാലു പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അർഹിച്ച പദ്മശ്രീ പുരസ്‌കാരം പേദ്കറിനെ തേടിയെത്തി. യൗവനം രാജ്യസുരക്ഷക്ക് വേണ്ടി ബലികഴിക്കുകയും ജീവിതം തന്നെ കായികരംഗത്തിനായി ഉഴിഞ്ഞുവെക്കുകയും ചെയ്‌ത പേദ്കർ ഇതിലേറെ അര്ഹിക്കുന്നില്ലേയെന്ന സംശയം ബാക്കിനില്കുന്നുണ്ട്. പക്ഷെ ഭാരതീയ സൈന്യത്തിന്റെ പരമാധികാരിയായ രാഷ്‌ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങുമ്പോൾ നിസ്വാർത്ഥനായ ആ സൈനികൻ സംതൃപ്തനാണ്, വൈകിയ വേളയിൽ തനിക്കു ലഭിച്ച മാതൃരാജ്യത്തിന്റെ സ്നേഹാദരത്തിൽ…






































