അനിൽ ഗൗരവ്; ഇന്ത്യൻ ക്രിക്കറ്റിലെ ദുരന്തനായകൻ
ഒരു കഥ പറയാം…
വർഷങ്ങൾക്കു മുൻപ് മുംബൈ ക്രിക്കറ്റ് ലോകത്തു ഒരു അദ്ഭുതബാലനുണ്ടായിരുന്നു. അവന്റ സഹോദരൻ അജിതിനൊപ്പം അവൻ സൈക്കിളിൽ മുംബയിലെ ഏറ്റവും മികച്ച പരിശീലകനായ രമാകാന്ത് അച്ചരേഖരുടെ അടുത്തെത്തി. ദിവസവും വൈകുന്നേരങ്ങളിൽ അവൻ അച്ചരേഖരുടെ കീഴിൽ ബാറ്റിംഗ് അഭ്യസിച്ചു. അവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ആ മഹാനായ പരിശീലകൻ അവനെ മാതൃകയാക്കാൻ തന്റെ മറ്റു ശിഷ്യന്മാരെ ഉപദേശിച്ചു.
കേട്ടു പഴകിയ കഥ അല്ലെ?. എന്നാൽ ഇവിടെ നിന്നും കഥ രണ്ടു വഴികളായി പിരിയുകയാണ്. ഒരു വഴി നമുക്കെല്ലാം പരിചിതം, അദ്ദേഹം കളിച്ചു വളർന്നു ഇന്ത്യൻ ടീമിലെത്തി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റെർ എന്ന പേരിനുടമയായി.
ഇനി നമുക്കു രണ്ടാമത്തെ വഴിയേ ഒന്നു സഞ്ചരിക്കാം.1990കളിലെ ഒരു സായാഹ്നം, മുംബൈ ജിംഖാന ക്ലബ്ബിനുമുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നുമിറങ്ങിയ വ്യക്തിയെ കണ്ട ആരാധകർ ആർത്തു വിളിച്ചു, “സച്ചിൻ !”, ഓട്ടോഗ്രാഫിന് വേണ്ടി അവർ അദ്ദേഹത്തെ പൊതിഞ്ഞു, ഫ്ലാഷുകൾ മിന്നി. പക്ഷെ അദ്ദേഹം നടന്നത് ആ ക്ലബ്ബിനു പുറത്തേക്കാണ്. ക്ലബ്ബിനു പുറത്തെ മതിലിൽ ചാഞ്ഞു നിൽക്കുന്ന ഒരു മദ്യപനരികിലേക്കു. അദ്ദേഹം ആ മദ്യപാനിയെ ആശ്ലേഷിച്ചു വിശേഷങ്ങൾ പങ്കുവെച്ചു, തന്റെ വീട്ടിലേക്കു ക്ഷണിച്ചു.
ആരാണാ വ്യക്തി ?. സച്ചിനെപ്പോലൊരു സെലിബ്രിറ്റിയുടെ ശ്രദ്ധയാകര്ഷിക്കാൻ മാത്രം പ്രധാനി. അദ്ദേഹമാണ് “അനിൽ ഗൗരവ് “. കഥയുടെ തുടക്കത്തിൽ ഞാൻ പറഞ്ഞ ഓരോ വിവരണങ്ങളും അനിലിനെക്കുറിച്ചാണ്. പക്ഷെ സച്ചിനുമായുള്ള അദ്ദേഹത്തിന്റെ സാമ്യം ഇവിടെ തീരുന്നു. ഇന്നയാൾ മുംബൈ നഗരത്തിലെ നാലോസപുര എന്ന തെരുവിലെ ഒരു ഒറ്റമുറിയിൽ ജീവിതം തള്ളിനീക്കുന്നു. അയാൾക് ചുറ്റും ആരാധകരുടെ ആരവങ്ങളില്ല. പകരം മദ്യത്തിന്റെ രൂക്ഷഗന്ധം മാത്രം.
രമാകാന്ത് അച്ചരേഖർ എന്ന കോച്ചിന്റെ ശിക്ഷണത്തിൽ വളർന്നു വന്ന ക്രിക്കറ്റ് കളിക്കാരിൽ ഏറ്റവും പ്രതിഭാശാലിയായിരുന്നു അനിൽ. ഫ്രണ്ട് ഫൂട്ടിൽ ഇത്രയും സാങ്കേതികത്തികവുള്ള മറ്റൊരു ബാറ്സ്മാനെ താൻ കണ്ടിട്ടില്ല എന്ന് ഒരിക്കൽ സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട്. അച്ചരേഖരുടെ കീഴിൽ സച്ചിനും കാംബ്ലിയും പരിശീലനത്തിനെത്തുന്ന കാലത്തുതന്നെ മുംബൈ ക്രിക്കറ്റ് വൃത്തങ്ങളിൽ അനിൽ ഒരു സംസാരവിഷയമായിരുന്നു. കോച്ചിന്റെ അഭാവത്തിൽ ഇരുവരെയും ബാറ്റിംഗ് ടെക്നിക്കുകൾ പരിശീലിപ്പിച്ചിരുന്നതും അനിലായിരുന്നത്രെ. അണ്ടർ 19 ടൂർണമെന്റുകളിൽ നിറഞ്ഞു കളിച്ചിരുന്ന അനിൽ “മുംബൈയുടെ വിവിയൻ റിച്ചാർഡ്സ് ” എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
പിന്നീടെവിടെയോ അനിലിന് തന്റെ കരിയർ കൈവിട്ടുപോകുകയായിരുന്നു. വിധി ആ ജീവിതത്തിൽ രൗദ്രഭാവം കാട്ടിയത് സ്വന്തം സഹോദരൻ അജിത്തിലൂടെയായിരുന്നു. മുംബൈ അധോലോകത്തിലെ ഒരു ഷാർപ് ഷൂട്ടർ ആയിരുന്നു അയാൾ. ഒരു വാടകക്കൊലയാളിയായ അജിത്തിനെ തേടിയെത്തുന്ന പോലീസ് സംഘം അവരുടെ നിത്യസന്ദർശകരായി. പലപ്പോഴും അവരുടെ ക്രൂരമര്ദനങ്ങൾക്കു അനിൽ ഇരയായി. ദിവസങ്ങളോളം അനിലിനെയും അമ്മയെയും അവർ തടവിലാക്കി ചോദ്യം ചെയ്തു. ജയിലിൽവച്ചു മറ്റു കുറ്റവാളികളുമായുണ്ടായ സൗഹൃദം അയാളെ മദ്യത്തിനടിമയാക്കി. ലോകം മുഴുവൻ അറിയപ്പെടേണ്ടിയിരുന്ന ഒരു പ്രതിഭാശാലിയുടെ ജീവിതം അങ്ങനെ തീരാദുരിതത്തിലേക്കെറിയപ്പെട്ടു.
ചെറുപ്പത്തിൽ സച്ചിൻ കളിച്ചിരുന്ന സസീനിൻ ക്ലബ്ബിന്റെ ക്യാപ്ടനായിരുന്നു അനിൽ. സച്ചിനടക്കമുള്ള ടീമംഗങ്ങൾ തികഞ്ഞ ആരാധനയോടെയാണ് അനിലിന്റെ ബാറ്റിംഗ് ആസ്വദിച്ചിരുന്നത്.
ഒരിക്കൽ തന്നെ കാണാൻ വന്ന ഒരു പത്രപ്രവർത്തകനോട് അനിൽ പറഞ്ഞു “സച്ചിൻ ഒരിക്കൽ എന്റെ കയ്യിൽ നിന്നും ഒരു SG ബാറ്റ് കടം വാങ്ങിയിട്ടുണ്ട്. അതുപയോഗിച്ചാണ് അവൻ ആദ്യ സെഞ്ചുറി അടിച്ചത്. ആ കടം അവൻ ഇതുവരെ വീട്ടിയിട്ടില്ല”.
കടുത്ത മദ്യപാനിയായി മാറിയ അനിലിനെക്കുറിചിപ്പോൾ ആർക്കും നല്ലതു പറയാനില്ല. ഒരിക്കൽ ഒരു ക്ലബ് മാച്ചിനിടെ അച്ചരേഖർ അനിലിനെ കണ്ടുമുട്ടിയത്രേ, അനിലിന്റെ ദുരവസ്ഥ കണ്ടു നിറകണ്ണുകളോടെ അദ്ദേഹം അയാളോടു പറഞ്ഞു “ഞാൻ നിന്നെ ബാറ്റു പിടിക്കാനാണ് പഠിപ്പിച്ചത് മദ്യപിക്കാനല്ല “.
ഇരുവഴികളും ഒരുപാടു ദൂരം സഞ്ചരിച്ചു. വർഷങ്ങൾ നീണ്ട കരിയറിനിപ്പുറം വാൻഖഡെയിൽ വച്ചു സച്ചിൻ തന്റെ ജ്യേഷ്ഠന് നന്ദി പറയുമ്പോൾ കിലോമീറ്ററുകൾ മാത്രം ദൂരെ തന്റെ പതനത്തിൽ ആരെ പഴിക്കുമെന്നറിയാതെ സ്വയം നീറി ജീവിക്കുകയാണ് അനിൽ. സ്വന്തം സഹോദരനെയോ അതോ വിധിയെയോ?.