Editorial Foot Ball legends Top News

മെസ്സിയും റൊണാൾഡോയും അരങ്ങു വാഴുമ്പോൾ

November 15, 2019

author:

മെസ്സിയും റൊണാൾഡോയും അരങ്ങു വാഴുമ്പോൾ

ആരാണ് മികച്ചവൻ?. മെസ്സിയോ റൊണാൾഡോയോ?.

വർഷങ്ങളായി ഒരുപറ്റം ആരാധകർ ഈ പ്രഹേളികയ്ക്ക് ഉത്തരം തേടി അലയുകയാണ്. ലയണൽ മെസ്സി എന്ന റൊസാരിയോക്കാരനും മേദീരയുടെ രാജകുമാരൻ എന്ന ആരാധകർ വാഴ്ത്തുന്ന ക്രിസ്ത്യാനോ റൊണാൾഡോയും ചേർന്നു സൃഷ്‌ടിച്ച വലിയൊരു ചോദ്യം. പലപ്പോഴും ആ ചോദ്യത്തിനുള്ള ഉത്തരം മാറി മാറി വന്നുകൊണ്ടിരുന്നു. ഏവരെയും വിസ്മയിപ്പിച്ച കാൽപ്പന്തു പ്രകടനങ്ങളിലൂടെ അവർ ആരാധകരുടെ മനസ്സിൽ സൃഷ്ടിച്ച ആ ചോദ്യം ഇന്നും തുടരുകയാണ്.

ലോകഫുട്ബോളിൽ മെസ്സിയും റൊണാൾഡോയും ചേർന്നു അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ബാഴ്സയിലും അര്ജന്റീനൻ ദേശീയ ടീമിന്റെ ജേഴ്സിയിലുമായി മെസ്സി പന്തു തട്ടിയപ്പോൾ ക്ലബ്‌ ഫുടബോളിൽ റൊണാൾഡോ ഇടയ്ക്കിടെ മേച്ചിൽപുറങ്ങൾ മാറ്റിക്കൊണ്ടേയിരുന്നു. സാക്ഷാൽ അലക്സ്‌ ഫെർഗൂസന്റെ മാനസപുത്രനായി ഓൾഡ് ട്രാഫോഡിലേക്കെത്തിയതോടെയാണ് റൊണാൾഡോ ശ്രദ്ധേയനാകാൻ തുടങ്ങിയത്. പിന്നീടയാൾ മെസ്സിയുമായി നേരിട്ട് അങ്കം കുറിച്ചു. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലൂടെ.

ലോകഫുട്‍ബോളിലെ രാജാവാകാനുള്ള പോരാട്ടത്തിൽ ഇരുവരും നേർക്കുനേർ വന്നതുമുതൽ ആരാധകരും പോരാട്ടങ്ങൾ തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രകടനങ്ങൾ അവർ ഇഴകീറി പരിശോധിക്കുവാൻ തുടങ്ങി. വിജയവും പരാജയവും പരസ്പരം പരിഹസിക്കാനുള്ള മാർഗങ്ങളായി മാറി. ഒരുപക്ഷെ ക്ലബ്‌ റൈവൽറിയെക്കാൾ വീര്യമുള്ള ഒരു പോരാട്ടത്തിനായിരിക്കണം അവർ തുടക്കമിട്ടത്.

തങ്ങളുടെ ഇഷ്ടതാരത്തിന്റെ മികച്ച പ്രകടനങ്ങൾക്കൊപ്പം എതിരാളിയുടെ പരാജയങ്ങളും അവർ വിശദമായി ചർച്ച ചെയ്യുവാൻ തുടങ്ങി. അതു പലപ്പോഴും വാശിയേറിയ വാഗ്വാദങ്ങളായി മാറി. ചിലപ്പോഴൊക്കെ അവ അതിരുകടക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മെസ്സിയും റൊണാൾഡോയും കാൽപന്തുകളി തുടർന്നു. പല തവണ പിന്നിലായെങ്കിലും വാശിയോടെ അവർ തിരിച്ചു വന്നു. കാരണം ഇരുവരും പ്രതിഭാധനരായിരുന്നു. പ്രതിഭയ്ക്ക് ഒരിക്കലും ക്ഷതം സംഭവിക്കുകയില്ലല്ലോ.

ഇരുവരും നേടിയ ഗോളുകൾ മാത്രമല്ല. അവ വന്ന വഴികൾ പോലും മുൻകാലങ്ങളിൽ കേട്ടുകേൾവിയില്ലാത്തവിധം ചർച്ച ചെയ്യപ്പെട്ടു. പെനാൽറ്റിയും ഫ്രീ കിക്കും എന്തിന് എന്തിന് അവരുടെ രാജ്യസ്നേഹം വരെ ചോദ്യം ചെയ്യപ്പെട്ടു. രാജ്യാന്തര മത്സരങ്ങളിൽ ഗോൾ നേടാത്തവനെന്നും സഹതാരങ്ങളെ പരിഗണിക്കാത്തവനെന്നും പരസ്പരം പരിഹസിക്കുമ്പോൾ ആരാധകർ മറന്നുപോയ ഒരു കാര്യമുണ്ട്. ഇരുവരും മനുഷ്യരാണ്. തെറ്റു കുറ്റങ്ങൾ സംഭവിക്കാം. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാകും അവർ തീർച്ചയായും ശ്രമിക്കുക. ഗോൾ നേടുന്ന കാലും, എതിരാളിയുടെ ബലവും പറഞ്ഞു പരസ്പരം കലഹിക്കുന്ന ആരാധകർ നഗ്നമായൊരു സത്യം മറക്കുകയാണ്.

ഏറ്റവും മികച്ചവരെന്നു ലോകം വാഴ്ത്തുന്ന രണ്ടു പ്രതിഭകളുടെ കളി ഒരേ സമയം കാണാൻ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ. ഫുട്ബോളിലെ ഒരു യുഗമാണ് അതിന്റെ അവസാന പകുതിയിലേക്കു പ്രവേശിക്കുന്നത്. ഫുട്ബോൾ മൈതാനത്ത അവർ തീർക്കുന്ന വിസ്മയക്കാഴ്ചകളെ ആവോളം ആസ്വദിക്കാം. കാരണം അവർ വെറും പ്രതിഭകളല്ല. പ്രതിഭാസങ്ങളാണ്.

Leave a comment