Editorial Foot Ball Top News

വാർഡിയുടെ കരുത്തിൽ കുതിക്കുന്ന ലെസ്റ്റർ സിറ്റി

November 15, 2019

author:

വാർഡിയുടെ കരുത്തിൽ കുതിക്കുന്ന ലെസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി മുന്നേറുകയാണ്. പന്ത്രണ്ടു മത്സരങ്ങൾ കഴിയുമ്പോൾ എട്ടു വിജയങ്ങളും രണ്ടുവീതം സമനിലകളും തോൽവിയുമായി ഇരുപത്തിയാറു പോയന്റുകൾ. പരാജയമറിയാതെ കുതിയ്ക്കുന്ന ലിവർപൂളിനു മാത്രം പിറകിലായി ലീഗിൽ രണ്ടാം സ്ഥാനം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയടക്കം പ്രമുഖ ക്ലബ്ബുകളെ പിന്നിലാക്കിയാണ് ലീഗിൽ ലെസ്റ്ററിന്റെ മുന്നേറ്റം. 2015-16 സീസണിൽ ലീഗ് കിരീടം നേടിയശേഷം വീണ്ടുമൊരിക്കൽക്കൂടി ലെസ്റ്റർ വീണ്ടും ചർച്ചാവിഷയമാവുകയാണ്.

ജാമി വാർഡിയെന്ന മുന്നേറ്റനിര താരത്തിന്റെ ഗോളടിമികവിലാണ് ലെസ്റ്റർ ലീഗിൽ യാത്ര തുടരുന്നത്. 2015-16 സീസണിൽ ഇരുപത്തിനാലു പ്രീമിയർ ലീഗ് ഗോളുകളുമായി ലെസ്റ്ററിന്റെ കിരീടനേട്ടത്തിൽ മുഖ്യപങ്കുവഹിച്ച അതേ ജാമി വാർഡി. ഇത്തവണ പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളും മൂന്ന അസിസ്റ്റുകളുമായി മിന്നുന്ന ഫോമിലാണ് താരം.

കിരീടവിജയം നേടിയ സീസണു ശേഷം എൻഗോളോ കാന്റെയും റിയാദ് മെഹ്‌റെസും അടങ്ങുന്ന സൂപ്പർ താരങ്ങൾ പുതിയ മേച്ചിൽപുറങ്ങൾ തേടി യാത്രയായെങ്കിലും വാർഡി ലെസ്റ്ററിൽത്തന്നെ തുടർന്നു. ഒരുപക്ഷെ തന്റെ കരിയറിൽ ലഭിച്ച ഏറ്റവും മികച്ച ടീമായിരുന്നു ലെസ്റ്റർ എന്നതാകാം അതിനു കാരണം. പലപ്പോഴും പ്രാധാന്യം കുറഞ്ഞ ടീമുകൾക്കുവേണ്ടി കളിക്കാൻ വിധിക്കപ്പെട്ട വാർഡിയ്ക്കു ലഭിച്ച മികച്ച അവസരമായിരുന്നു 2012ൽ ലെസ്റ്ററിലേക്കുള്ള കൂടുമാറ്റമെന്നതിൽ സംശയമില്ല. രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന ലെസ്റ്ററിന്റെ പ്രീമിയർ ലീഗിലേക്കുള്ള കടന്നുവരവിൽ നിർണായക പങ്കുവഹിച്ചതും വാർഡിയായിരുന്നു. 2013-14 സീസണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ 1-3 നു പിന്നിൽ നിന്നശേഷം സീസണിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവായി 5-3 നു ലെസ്റ്റർ വിജയിച്ചപ്പോൾ ഒരു ഗോൾ നേടിയതും മറ്റു നാലു ഗോളുകൾക്കു വഴിയൊരുക്കിയതും വാർഡിയായിരുന്നു.

2015-16 സീസൺ വാർഡിയുടേതായിരുന്നു. തുടർച്ചയായ പതിനൊന്നു മത്സരങ്ങളിൽ എതിരാളികളുടെ വല ചലിപ്പിച്ച വാർഡി പുതിയ പ്രീമിയർ ലീഗ് റെക്കോർഡ് സൃഷ്ടിച്ചു. ലിവർപൂളിനെതിരായ ലെസ്റ്ററിന്റെ വിജയത്തിനു കാരണമായ ഇരട്ടഗോളുകൾ, തുടർച്ചയായ രണ്ടു മാസങ്ങളിൽ “പ്രീമിയർ ലീഗ് പ്ലയെർ ഓഫ് ദി മന്ത്” പുരസ്‌കാരം നേടുന്ന ആദ്യ താരം. എന്നിങ്ങനെ നീളുന്നു സീസണിലെ വാർഡിയുടെ നേട്ടങ്ങൾ. ആഴ്‌സണൽ അടക്കമുള്ള ടീമുകൾ വമ്പൻ ഓഫറുകളുമായി പിന്നാലെ വന്നെങ്കിലും 2018-19 സീസണു മുന്നേ വാർഡിയുടെ കരാർ ലെസ്റ്റർ വീണ്ടും പുതുക്കിയതും അയാളുടെ ഗോളടിമികവു കണക്കിലെടുത്താണ്.

ലെസ്റ്ററിന്റെ കണക്കുകൾ തെറ്റിയില്ല. വാർഡി മികച്ച ഫോമിൽ തുടരുകയാണ്. തന്നിൽ ക്ലബ്‌ അർപ്പിച്ച വിശ്വാസം അയാൾ നൂറു ശതമാനം കാത്തുസൂക്ഷിക്കുന്നു. ഇംഗ്ലീഷ് ദേശീയടീമിൽനിന്നും സ്വയം വിട്ടുനിന്നപ്പോഴും അയാൾ ലെസ്റ്ററിനായി കളത്തിലിറങ്ങി. ഒരുപക്ഷെ അയാളുടെ കാലുകൾക്കു കൂടുതൽ വേഗതയുണ്ടായിരുന്ന സമയത്തു മികച്ച ഒരു ടീമിൽ കളിക്കുവാൻ സാധിച്ചിരുന്നെങ്കിൽ അയാളിന്നു പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ഇടം പിടിച്ചേനെ. എങ്കിലും ഇപ്പോൾ പ്രീമിയർ ലീഗിൽ അയാൾ പൂത്തുലയുകയാണ്. വൈകിയെങ്കിലും സുഗന്ധമൊട്ടും കുറയാത്ത ഒരു വസന്തകാലമാവുകയാണ് ജാമി വാർഡിയെന്ന മുപ്പത്തിരണ്ടുകാരൻ.

Leave a comment