Cricket Editorial legends Top News

ആദം ഗിൽക്രിസ്റ്റ്; വെറുപ്പ് തോന്നാത്ത ഓസീസ് ഇതിഹാസം

November 14, 2019

author:

ആദം ഗിൽക്രിസ്റ്റ്; വെറുപ്പ് തോന്നാത്ത ഓസീസ് ഇതിഹാസം

ഒരു ശതമാനം പോലും ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു ക്രിക്കറ്റ്‌ താരത്തിന്റെ പേരു പറയാമോ?..

പലർക്കും പല ഉത്തരങ്ങൾ ഉണ്ടാകാം. എ. ബി ഡിവില്ലിയേഴ്‌സ് മുതൽ കെയ്ൻ വില്യംസൺ വരെ എത്രയോ പേർ. പക്ഷേ തൊണ്ണൂറുകളിൽ ക്രിക്കറ്റ്‌ എന്ന ഗെയിമിനെ പിന്തുടർന്നവരിൽ ഭൂരിഭാഗം പേരുടെയും മറുപടി ആദം ക്രെയ്ഗ് ഗിൽക്രിസ്റ് എന്ന ഓസ്ട്രേലിയൻ വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാന്റെ പേരായിരിക്കും. എത്ര നിർദയം അയാൾ തങ്ങളുടെ ഇഷ്ടടീമുകളെ കടിച്ചുകീറിയാലും ക്രിക്കറ്റ്‌ ആരാധകർ അയാളെ വെറുത്തിരുന്നില്ല. ബ്രൂട്ടൽ ഹിറ്റിങ് എന്നത് ഇത്ര സൗന്ദര്യാത്മകമായി ക്രീസിൽ അവതരിപ്പിച്ച മറ്റൊരു ബാറ്റ്സ്മാൻ ഉണ്ടോയെന്നനു തന്നെ സംശയമാണ്.

ഇയാൻ ഹീലിയെന്ന മഹാനായ വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാന്റെ പകരക്കാരനായി ലഭിച്ച അവസരങ്ങളിലൂടെയായിരുന്നു ഗില്ലി തന്റെ കരിയർ പടുത്തുയർത്തിയത്. ഹീലിയ്ക്കു പരിക്കേൽക്കുമ്പോഴും വിശ്രമം ലഭിക്കുമ്പോഴും മാത്രം ടീമിലെത്തിയിരുന്ന ഗില്ലി ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. 1997-98 സീസണിന്റെ തുടക്കത്തിലാണ് ഏകദിനത്തിനും ടെസ്റ്റിനും വ്യത്യസ്ത ടീമുകൾ എന്ന ആശയം ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ് മുന്നോട്ടുകൊണ്ടുവന്നത്. ഇയാൻ ഹീലി ഏകദിന ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഗില്ലി ടീമിലെ സ്ഥിരം അംഗമായി. വിക്കെറ്റ് കീപ്പർമാരുടെ സ്ഥിരം സ്ഥാനമായ ലോവർ മിഡിൽ ഓർഡറിൽ നിന്നും ഓപ്പണിങ് സ്ഥാനത്തെത്തിയതോടെ അയാളുടെ കരിയറിലെ എറ്റവും വലിയ വഴിത്തിരിവു സംഭവിച്ചു. ഓപണിംഗിൽ ഇറങ്ങിയ രണ്ടാം മത്സരത്തിൽ തന്നെ തന്റെ ആദ്യ ഏകദിന സെഞ്ചുറി നേടിയാണ് ഗില്ലി തന്റെ വരവറിയിച്ചത്.

പിന്നീടു നടന്നത് ചരിത്രമായിരുന്നു. ഏകദിന ബാറ്റിങ്ങിലെ വിക്കെറ്റ് കീപ്പർ സ്റ്റമ്പിന് പിന്നിൽ മാത്രമല്ല ബാറ്റുകൊണ്ടും ടീമിനു മുതല്കൂട്ടാകണമെനന്നയാൾ തെളിയിച്ചു. ബൗളറുടെ പേരിനേയോ പെരുമയെയോ ബഹുമാനിക്കാതെ അയാൾ നിർദയം പന്തുകളെ പ്രഹരിച്ചു. 1999 ലോകകപ്പിൽ ഫൈനലിൽ തീരെ ചെറിയ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ പോലും അയാൾ നടത്തിയ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു.

ലോകകപ്പ് വിജയത്തിനു പിന്നാലെ ലഭിച്ച ടെസ്റ്റ്‌ ക്യാപ്പും അയാൾ അതേ രീതിയിൽ തന്നെയാണ് ആഘോഷിച്ചത്. ലോവർ മിഡിൽ ഓർഡറിൽ വാലറ്റത്തെ കൂട്ടുപിടിച്ചു ഗില്ലി നടത്തിയ ചെറുത്തുനില്പുകൾ പലപ്പോഴും ഓസീസ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചു. 2001 ആഷസിൽ രണ്ടു ടെസ്റ്റുകളിൽ അയാൾ വാലറ്റത്തെ കൂട്ടുപിടിച്ചു ടീമിനു വിജയം നേടിക്കൊടുത്തു. 340 റണ്ണുകളും 26 പുറത്താക്കലുകളുമായി ഗില്ലി സീരീസിന്റെ ഗതി തന്നെ മാറ്റിയെഴുതി.

പിന്നീടങ്ങോട്ട് ഓസീസ് ടീമിന്റെ നട്ടെല്ലാവുകയായിരുന്നു ഗില്ലി. മൂന്നു ലോകകപ്പ് ഫൈനലുകളിലും അൻപതിലേറെ റണ്ണുകൾ, മൂന്നു ലോകകപ്പ് കിരീടങ്ങൾ, ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ഓസീസ് ഇരട്ടസെഞ്ചുറിയുടെ ഉടമ. അങ്ങനെ നീളുന്നു ആദം ഗിൽക്രിസ്റ് എന്ന ഓസീസ് ക്രിക്കറ്റിലെ സുവർണകാലഘട്ടത്തിന്റെ വക്താവിന്റെ അപദാനങ്ങൾ.

ടെസ്റ്റും ഏകദിനവും ഗിൽക്രിസ്റ്റിന് ഒരുപോലെയായിരുന്നു. തുടക്കത്തിലേ നടത്തുന്ന ആക്രമണത്തിലൂടെ എതിരാളിയുടെ ആത്മവിശ്വാസം കെടുത്തുക. ഓസീസ് നിരയിലെ എതിരാളികൾ ഏറ്റവുമധികം ഭയക്കുന്ന പക്ഷേ ഏവർക്കും പ്രിയപ്പെട്ട മുഖമാവുകയായിരുന്നു ഗില്ലി എന്ന ഇടംകൈയൻ ബാറ്റ്സ്മാൻ.

ഓസീസ് ക്രിക്കറ്റിന്റെ അജയ്യമായ തലമുറയുടെ പ്രതിനിധികളോരോന്നായി വിടവാങ്ങാൻ തുടങ്ങിയതോടെ ഗില്ലിയും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.
ഇത്രയധികം ആക്രമണകാരിയായിരുന്നിട്ടും ക്രിക്കറ്റിലെ മാന്യതയുടെ പര്യായങ്ങളിൽ ഒരാളായിരുന്നു ആദം ഗിൽക്രിസ്റ്റ്. പലപ്പോഴും അമ്പയറിന്റെ തീരുമാനത്തിനു കാത്തുനിൽക്കാതെ പവലിയനിലേക്കു നടക്കുന്ന ഗില്ലി പലർക്കും ഉദാഹരണമായിരുന്നു. 2008ൽ ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ ഗില്ലി തന്റെ കരിയറിനു പൂർണവിരാമമിട്ടു. പക്ഷേ 2009ൽ വീണ്ടുമൊരിക്കൽക്കൂടി ഗില്ലി ചരിത്രം സൃഷ്ടിച്ചു. ഡെക്കാൻ ചാർജേഴ്‌സിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ അയാൾ മുത്തമിട്ടു.

ഫിയർലെസ് ക്രിക്കറ്റിന് ഗിൽക്രിസ്റ്റ് നൽകിയ നിർവചനങ്ങളാണ് ഇന്നും ലോകം പിന്തുടരുന്നത്. അയാൾ നമ്മുടെ മുഖത്തേക്കു നോക്കി “ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിരുന്നില്ലേ? ” എന്നു ചോദിച്ചാൽ മറിച്ചൊരുത്തരം ഒരു ക്രിക്കറ്റ്‌ ആരാധകനും നൽകാൻ സാധിക്കില്ല. അതുതന്നെയല്ലേ ഒരു ശതമാനം പോലും ഹേറ്റേഴ്‌സ് ഇല്ലാത്ത കളിക്കാരൻ എന്ന വാക്കിന്റെ നിർവചനവും?.

ജന്മദിനാശംസകൾ ഗിൽക്രിസ്റ്റ്. ക്രിക്കറ്റ്‌ ലോകം നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നു!!!.

Leave a comment