Editorial Foot Ball legends Top News

ഡേവിഡ് വില്ലയുടെ മടക്കയാത്ര

November 14, 2019

author:

ഡേവിഡ് വില്ലയുടെ മടക്കയാത്ര

മറക്കാനാകുമോ ആ കാളക്കൂറ്റനെ?.

ആഫ്രിക്കൻ വൻകര ആദ്യമായി ആതിഥേയത്വം വഹിച്ച 2010 ലോകകപ്പ് ഫുട്ബോൾ മാമാങ്കം കണ്ടവരാരും ഡേവിഡ് വില്ല എന്ന മുന്നേറ്റനിരക്കാരനെ മറക്കാനിടയില്ല. കാളപ്പോരിന്റെ നാട്ടുകാർ ആദ്യമായി ലോകഫുട്ബോളിന്റെ നെറുകയിലെത്തിയപ്പോൾ അവരുടെ മുന്നണിപ്പോരാളിയായി നിന്നവൻ. 2010 ലോകകപ്പിന്റെ താരമായവൻ.

ഓരോ ലോകകപ്പിനും തീർച്ചയായും കിരീടസാധ്യത കൽപിക്കപ്പെട്ട ഒരുപിടി ടീമുകളുണ്ടാകും. ഫുട്ബോൾ വിദഗ്ധരുടെ പ്രിയടീമുകൾ. കോടികൾ മറിയുന്ന ചൂതാട്ടത്തിൽ പൊന്നുവിലയുള്ള ഒരു പിടി ടീമുകൾ. പ്രതിരോധത്തിൽ പിക്യുയും റാമോസും പുയോളും അണിനിരന്ന, ചാവിയും ഇനിയേസ്റ്റയും മധ്യനിര ഭരിച്ച അതിലെല്ലാമുപരി കൊടുങ്കാറ്റിനെയും തടുത്തുനിർത്താൻ കെൽപുണ്ടെന്നു സ്പാനിഷ് ജനത വിശ്വസിച്ചിരുന്ന ഐകർ കാസിയസ് എന്ന വൻമരം ഗോൾ വല കാത്ത സ്പാനിഷ് ടീം തന്നെയായിരുന്നു 2010ൽ അവരുടെ പ്രിയടീം. കപ്പുനേടാൻ ഏറ്റവും സാധ്യത കൽപിച്ചിരുന്നതും അവർക്കായിരുന്നു.

പക്ഷേ കളിക്കളത്തിൽ അതു മാത്രം പോരാ. എതിരാളിയുടെ ലക്ഷ്യം ഭേദിക്കണം. അതിനുള്ള ആയുധങ്ങൾ വേണം. അത്തരമൊരു വജ്രായുധമായിരുന്നു ഡേവിഡ് വില്ല. ചാട്ടുളിയുടെ വേഗത്തിൽ കുതിച്ചുപാഞ്ഞ അർധാവസരങ്ങളിൽ പോലും കളിയുടെ ഗതിമാറ്റിയ ഗോളുകൾ നേടിയ അയാളായിരുന്നു സ്പാനിഷ് ടീമിന്റെ ആക്രമണങ്ങളുടെ കുന്തമുന.

ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ സ്വിറ്റസർലാൻഡിനോടേറ്റ അപ്രതീക്ഷിത പരാജയം ടീമിന്റെ സാധ്യതകളെ തകിടം മറിച്ചിരുന്നു. പക്ഷേ ആ പരാജയം മറന്നു മുന്നേറാൻ സ്പാനിഷ് ടീമിനു കരുത്തേകിയത് വില്ലയുടെ ബൂട്ടുകളായിരുന്നു. ഫൈനലിനു മുൻപ് ടൂർണമെന്റിൽ സ്‌പെയിൻ നേടിയ ഏഴു ഗോളുകളിൽ അഞ്ചും അയാളുടെ പേരിലായിരുന്നു കുറിക്കപ്പെട്ടത്. പോർചുഗലിനെതിരായ പ്രീക്വാർട്ടറിലും ഉറുഗ്വേയ്ക്കെതിരായ ക്വാർട്ടർഫൈനലിലും നിർണായക ഗോളുകൾ പിറന്നത് അയാളുടെ ബൂട്ടിൽ നിന്നുമായിരുന്നു. ലോക പ്രശസ്ത മധ്യനിര നൽകിയ അവസരങ്ങൾ പൂർണമായും വിനിയോഗിച്ച ഡേവിഡ് വില്ല എന്ന സ്‌ട്രൈക്കറിലൂടെയായിരുന്നു സ്പാനിഷ് ജനതയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ജീവൻ വെച്ചത്. അഞ്ചു ഗോളുകളുമായി തോമസ് മു്ള്ളർക്കും, ഡീഗോ ഫൊർലാനും, വെസ്ലി സ്‌നൈഡർക്കും ഒപ്പം ടൂർണമെന്റിലെ ടോപ് സ്കോററാകാനും വില്ലയ്ക്കു സാധിച്ചു.

2005ൽ സ്പാനിഷ് ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ച വില്ല 2017ൽ ദേശീയ ടീമിന്റെ കുപ്പായം അഴിച്ചു വെയ്ക്കുമ്പോൾ സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായിരുന്നു. ആദ്യമായി അൻപതു അന്താരാഷ്ട്ര ഗോളുകൾ തികയ്ക്കുന്ന സ്പാനിഷ് താരവും ഒൻപതു ഗോളുകളുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്പാനിഷ് താരവും വില്ല തന്നെ. റയൽ സരസോഗയിലൂടെയും വലൻസിയയിലൂടെയും ബാഴ്സലോനയിലൂടെയും അത്ലറ്റികോ മാഡ്രിഡിലൂടെയും കടന്നുപോയ തന്റെ ക്ലബ്‌ കരിയറിന് ജാപ്പനീസ് ക്ലബ്ബായ വിസ്സൽ കൊബയിൽ വച്ചു പൂർണ്ണവിരാമമിടുകയാണ് അയാൾ.

ഡേവിഡ് വില്ലയെന്ന പേരു കേൾക്കുമ്പോൾ 2010 ലോകകപ്പാകും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആദ്യമെത്തുക. സ്പാനിഷ് ജനതയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വർണങ്ങൾ നൽകിയ ഡേവിഡ് വില്ലയ്ക്ക് വിശ്രമജീവിതം ആശംസിക്കാം.

Leave a comment