ഹിറ്റ്മാന്റെ ലങ്കാദഹനത്തിന്റെ ഓർമയ്ക്ക്
നക്ഷത്രങ്ങളുടെ കൂട്ടത്തിൽ രോഹിത് ശര്മയെന്ന പൊൻതാരകം കൂടുതൽ ശോഭയോടെ ജ്വലിച്ചു നിന്ന ദിവസം. നവംബർ പതിമൂന്ന് എന്ന ദിവസം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇപ്രകാരമാകും കുറിച്ചിടപ്പെട്ടിരിക്കുക. ഏകദിന ക്രിക്കറ്റിലെ ടോപ് സ്‌കോറർ പട്ടം രോഹിത് ഗുരുനാഥ് ശർമയെന്ന മുംബൈക്കാരന്റെ പേരിൽ ചാർത്തപ്പെട്ടത് അന്നായിരുന്നു.
ശ്രീലങ്കൻ ടീമിന്റെ 2014ലെ ഇന്ത്യൻ പര്യടനത്തിലെ നാലാം ഏകദിനം കൊൽക്കൊത്തയിലെ ഈഡൻ ഗാർഡൻസ് മൈതാനത്തിൽ നടക്കുന്നു. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ചു പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം മത്സരത്തിലും ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. ഫീൽഡിലിറങ്ങുമ്പോൾ എയ്ഞ്ചലോ മാത്യൂസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ശ്രീലങ്കൻ ടീം ഒരിക്കലും കരുതിയില്ല ദ്വീപിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ പടുകുഴിയിലേക്കാകും അവർ താഴ്നിറങ്ങുകയെന്ന. രോഹിത് ശർമയെന്ന ഓപ്പണിങ് ബാറ്സ്മാനു മുന്നിൽ അവരൊന്നടങ്കം തലകുനിക്കുമെന്ന്.
ഇരട്ടസെഞ്ചുറികൾ അയാൾക്കൊരു പുതുമയായിരുന്നില്ല. ഒരു വർഷം മുന്നേ തന്നെ അയാൾ ആ നേട്ടം കൈവരിച്ചിരുന്നു. സച്ചിൻ ടെണ്ടുൽക്കറിനും വിരേന്ദർ സെവാഗിനും ശേഷം ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി അയാൾ മാറിയിരുന്നു.
പതിവുപോലെതന്നെ പതിയെയായിരുന്നു രോഹിതിന്റെ തുടക്കം. ഓപ്പണിങ്ങിൽ പങ്കാളിയായി ഇറങ്ങിയ രഹാനെ ആക്രമിച്ചു കളിക്കുമ്പോഴും രോഹിത് ശാന്തനായിരുന്നു. നേരിട്ട ആദ്യ പതിനാറു പന്തുകളിൽ നിന്നും അയാൾ വെറും നാലു റണ്ണുകൾ മാത്രമാണ് നേടിയത്. പതിനേഴാം പന്തിൽ ഇറാൻഗയുടെ പന്തിൽ അയാൾ നൽകിയ അവസരം തേർഡ് മാനിൽ തിസാര പെരേര വിട്ടുകളയുകയും ചെയ്തു. രഹാനെയും മൂന്നാമതിറങ്ങിയ റായുടുവും തിരികെ കൂടാരത്തിലെത്തിയെങ്കിലും അയാൾ അക്ഷമനായില്ല. പിന്നീടിറങ്ങിയ വിരാട് കൊഹ്‌ലിയ്ക്കൊപ്പം രോഹിത് പതിയെ സ്കോർബോർഡ് ചലിപ്പിക്കാൻ തുടങ്ങി. എഴുപത്തിരണ്ടു പന്തുകളിൽ നിന്നും അയാൾ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി.
മുപ്പതാമോവറിൽ ഇന്ത്യയെടുത്ത ബാറ്റിങ് പവർപ്ലെയിലാണ് രോഹിത് തന്റെ വിശ്വരൂപം കാട്ടിയത്. കുലശേഖരയെറിഞ്ഞ മുപ്പതാം ഓവറിൽ പതിനാറു റണ്ണുകൾ നേടിയ രോഹിത് പതിയെ ബാറ്റിങ്ങിനു വേഗം കൂട്ടി. മുപ്പത്തിരണ്ടാം ഓവറിൽ നേരിട്ട നൂറാമത്തെ പന്തിൽ അയാൾ തന്റെ സെഞ്ചുറി പൂർത്തിയാക്കി.
പിന്നീടങ്ങോട്ടു സാക്ഷാൽ ലങ്കാദഹനത്തിനായിരുന്നു ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. അടുത്ത രണ്ടോവറുകളിൽ പന്ത്രണ്ടു വീതം റൺസ്. അടുത്ത അൻപതു റണ്ണുകൾ നേടാൻ രോഹിതിനു വേണ്ടിവന്നത് വെറും ഇരുപത്തിയഞ്ചു പന്തുകൾ മാത്രം. പക്ഷേ രോഹിതുമായുള്ള ആശയക്കുഴപ്പത്തിൽ വിരാട് റണ്ണൗട്ടായത് രോഹിതിന്റെ താളം തെറ്റിക്കുമെന്ന് ലങ്കൻ താരങ്ങൾ വിശ്വസിച്ചുവെങ്കിൽ അതു വെറും വ്യാമോഹം മാത്രമാണെന്ന് അടുത്ത ഓവറുകളിൽ രോഹിത് തെളിയിച്ചു. പിന്നാലെ വന്ന റെയ്നയും വേഗത്തിൽ മടങ്ങിയെങ്കിലും റോബിൻ ഉത്തപ്പയെ കാഴ്ചക്കാരനാക്കി രോഹിത് താണ്ടവം തുടർന്നു. നാല്പത്തിയാറാം ഓവറിൽ കുലശേഖരയെ കവറിലൂടെ ബൗണ്ടറി പായിച്ച രോഹിത് ഏകദിനത്തിൽ രണ്ടാം ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ബാറ്സ്മാനായി.
തളർന്നുപോയ ലങ്കൻ ബൗളർമാരെ നിർദയം പ്രഹരിക്കുകയായിരുന്നു രോഹിത് പിന്നീട്. ഇതിനിടെ ആത്മവിശ്വാസം തകർന്ന ഫീൽഡർമാരുടെ കൈകൾ തുടർച്ചയായി ചോർന്നതോടെ അയാൾക്കു കാര്യങ്ങൾ കൂടുതൽ എളുപ്പമായി. നാല്പത്തിയെട്ടാം ഓവറിൽ ഇരുപത്തിമൂന്നു റണ്ണുകൾ തൊട്ടടുത്ത ഓവറിൽ ഇരുപതു റണ്ണുകൾ. രോഹിത് പന്തുകളെ അനായാസം ബൗണ്ടറികളിലേക്കു പായിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചുപാഞ്ഞു. അൻപതാം ഓവറിലെ അവസാനപന്തിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ നാനൂറു കടന്നിരുന്നു. 178 പന്തുകൾ നേരിട്ട രോഹിത് മുപ്പത്തിമൂന്ന ഫോറുകളും ഒൻപതു സിക്സറുകളുമായി 264 റണ്ണുകളാണ് അടിച്ചു കൂട്ടിയത്.
പിച്ചിച്ചീന്തപ്പെട്ട ആത്മവിശ്വാസവുമായി മറുപടിബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ഇന്നിംഗ്സ് വെറും ചടങ്ങുമാത്രമായിരുന്നു. നാല്പത്തിനാലാം ഓവറിൽ 251 റണ്ണുകൾക്ക് അവരുടെ ഇന്നിംഗ്സ് അവസാനിച്ചു. രോഹിതിന്റെ വ്യക്തിഗത സ്കോറിനേക്കാൾ പതിമൂന്നു റണ്ണുകൾ കുറവ്!.
രോഹിതിന്റെ പ്രകടനം വെറുമൊരു ലോകറെക്കോർഡ് മാത്രമായിരുന്നില്ല. അതൊരു കണക്കുതീർക്കലായിരുന്നു. വർഷങ്ങൾക്കു മുന്നേ കൊളംബോയിൽ സനത് ജയസൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളിങ്ങിനെ തച്ചുതകർത്ത സിംഹളവീരൻമാരോട് നമ്മുടെ സ്വന്തം ഹിറ്റ്‌മാന്റെ നേതൃത്വത്തിൽ ഇന്ത്യ വീട്ടിയ മധുരപ്രതികാരം.






































