ഷഫാലി വർമ; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ പെൺപുലി
സച്ചിൻ……. സച്ചിൻ……..
ഈ ആരവം ഒരിക്കലെങ്കിലും മുഴക്കാത്ത ഏതെങ്കിലും ക്രിക്കറ്റ് ആരാധകൻ ഇന്ത്യയിൽ ഇന്നുണ്ടാകുമോ?. കുഞ്ഞു ഷഫാലിയും ഒരിക്കൽ ഈ ആരവം മുഴക്കിയിരുന്നു സച്ചിൻ തന്റെ കരിയറിലെ അവസാന രഞ്ജി ട്രോഫി മത്സരം കളിച്ച ഹരിയാനയിലെ ലാഹ്ലി സ്റ്റേഡിയത്തിൽ അദ്ദേഹത്തിനുവേണ്ടി ആർപ്പുവിളിച്ച ആ ഒൻപതു വയസ്സുകാരി ഷഫാലി കഴിഞ്ഞ ദിവസം സച്ചിൻ ടെണ്ടുൽക്കർ വർഷങ്ങളായി സ്വന്തമാക്കിവെച്ചിരുന്ന ഒരു റെക്കോർഡ് തന്റെ പേരിലേക്കു മാറ്റിയെഴുതി. ഒരന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അർധശതകം നേടുന്ന എറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് പതിനഞ്ചു വയസ്സും 285 ദിവസവും പ്രായമുള്ളപ്പോൾ അവൾ സ്വന്തമാക്കിയത്.
ഹരിയാനയിലെ റോത്തക്കിൽ ജനിച്ച ഷഫാലി വർമയുടെ കരിയറിന്റെ ആരംഭകാലം മിക്കവാറും എല്ലാ വനിതാ താരങ്ങളുടെയും ജീവിതത്തിൽ സംഭവിച്ച പതിവു ക്ളീഷേകളായിരുന്നു. ക്രിക്കറ്റിനെ സ്നേഹിച്ച ചുരുക്കം ചില കൂട്ടുകാർ മാത്രം, പെൺകുട്ടികളുടെ ടീം ഇല്ലാത്തതിനാൽ ആൺകുട്ടികൾക്കൊപ്പം കളിച്ച കുട്ടിക്കാലം. അങ്ങനെ പോകുന്നു അവ. പക്ഷേ ആ പരിശീലനങ്ങളിൽ നിന്നും അവൾ ചില പാഠങ്ങൾ പഠിച്ചിരുന്നു. അവളുടെ വിജയത്തിനു കാരണമായ പവർ ഹിറ്റിങ്ങും ഫിയർലെസ് ആറ്റിട്യൂടും അവൾ സ്വന്തമാക്കിയത് അവിടെനിന്നാണ്. കളിക്കളത്തിൽ അവൾ അതു പൂർണതയോടെ പ്രാവർത്തികമാക്കിയപ്പോൾ വിജയങ്ങൾ അവൾക്കൊപ്പം നിന്നു.
ഒരു പതിനഞ്ചു വയസ്സുകാരി കാണിക്കേണ്ടതിനേക്കാൾ പതിന്മടങ്ങു ഉത്തരവാദിത്തവും ആത്മവിശ്വാസവും കരിയറിന്റെ തുടക്കത്തിൽ തന്നെ ഷഫാലി കാട്ടുന്നു. ബൗണ്ടറികൾ പായിക്കുക എന്നതിലേറെ തന്റെ ബാറ്റിങ് പങ്കാളിയുടെ ഫോം മനസ്സിലാക്കി കൃത്യമായ സ്ട്രൈക്ക് റൊട്ടേഷനുകളുമായി അവൾ മികച്ചൊരു ടീം പ്ലയെർ ആകുന്നു.
2019 സെപ്റ്റംബർ ഇരുപത്തിനാലിനു ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ അവൾ ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യക്കുവേണ്ടി ടി ട്വൻറി ക്രിക്കറ്റിൽ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷഫാലി. ഇപ്പോൾ നടക്കുന്ന ഇന്ത്യ – വിൻഡീസ് ടി ട്വൻറി സീരീസിൽ തന്റെ ഫോമിനെ അവൾ പുതിയ തലങ്ങളിലേക്കുയർത്തിയിരിക്കുന്നു. സഹ ഓപ്പണറും ടീമിലെ വെടിക്കെട്ടു താരവുമായ സ്മൃതി മന്ദാനയെപ്പോലും കാഴ്ചക്കാരിയാക്കിമാറ്റിയാണ് ഷഫാലി റണ്ണുകൾ വാരിക്കൂട്ടുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും അർധസെഞ്ചുറി നേടിയ ഷഫാലിയാണ് സീരീസിൽ ഇന്ത്യയെ മുന്നിൽ നിന്നു നയിക്കുന്നത്. ഇനിയുമേറെക്കാലം ഇതേ മികവോടെ ഇന്ത്യൻ പെൺപുലികളെ മുന്നിൽ നിന്നു നയിക്കാൻ ഷഫാലിക്കു സാധിക്കട്ടെ.






































