മിനി; ഇന്ത്യൻ ഫുട്ബോൾ ആഘോഷിക്കാൻ മറന്ന പ്രതിഭ
2004ലെ ഒരു സായാഹ്നം, സിക്കിമിലെ ഒരു വിവാഹവേദിയിൽ വധൂവരന്മാർക്കൊപ്പം ചിത്രങ്ങളെടുക്കാൻ മത്സരിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും, അപ്പോഴാണ് ആ വേദിയിലേക്കൊരു കുറിയ മനുഷ്യൻ കടന്നുവന്നത് തിരക്കിനിടയിൽ പെടാതെ സമീപത്തൊരു കസേരയിൽ ആസനസ്ഥനായ ആ മനുഷ്യനെ കണ്ട വരൻ വേദിയിൽനിന്നുമിറങ്ങി അദ്ദേഹത്തിനരികിലെത്തി. ഒരു ആശ്ലേഷണത്തിനു ശേഷം അദ്ദേഹത്തെയും കൂട്ടി വേദിയിലെത്തി ചിത്രമെടുത്തു. അതിനു ശേഷം അദ്ദേഹത്തെ തന്റെ വധുവിന് പരിചയപ്പെടുത്തി. ഇദ്ദേഹമാണ് “മിനി ദാജു”, എന്റെ കരിയറിനെ ശരിയായ ദിശയിലേക്കു നയിച്ച മനുഷ്യൻ. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനായിരുന്ന “ബൈച്ചുങ് ബുട്ടിയ” ആയിരുന്നു ആ വരൻ. ആ കുറിയ മനുഷ്യനാകട്ടെ തണുപ്പേറിയ ഹിമാലയൻ മലനിരകളിൽ ഫുട്ബോൾ കമ്പം ആളിക്കത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച “അർഗൻ ലാമ” എന്ന മിനിയും.
മിനിയുടെ കഥയിൽ നാം സാധാരണ കാണാറുള്ളതുപോലെ അതിശയോക്തികൾ ഒന്നും തന്നെ ഉണ്ടാകില്ല. പക്ഷേ ഒരു പ്രദേശത്തിന്റെ മുഴുവൻ പ്രതീക്ഷയും വഹിച്ചു പന്തു തട്ടിയിരുന്ന മിനിയെ നാം അറിയേണ്ടതുണ്. 1953ൽ ബംഗാളിലെ കലിംപോങ് എന്ന സ്ഥലത്തു പ്രശസ്ത ഗായകനായിരുന്ന K.D.ലാമയുടെയും നർമദാ ദേവിയുടെയും മകനായാണ് അർഗൻ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഫുട്ബോൾ കളിയിൽ ആകൃഷ്ടനായ അർഗൻ സ്കൂൾ ടീമിനു വേണ്ടി പന്തു തട്ടി തന്റെ ഫുട്ബോൾ കരിയറിനു തുടക്കമിട്ടു. 1971ലാണ് അവൻ ആദ്യമായൊരു പ്രൊഫഷണൽ ഫുട്ബോൾ ടീമിൽ അംഗമാകുന്നത്. സിക്കിമിലെ ഒരു പ്രൊഫഷനൽ ടീമിനു വേണ്ടി ബൂട്ടു കെട്ടിയ അവന്റെ പ്രകടനം കളി റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്വതവേ കുറിയ കളിക്കാർക്കിടയിൽ തീരെ കുഞ്ഞനായ അവനെ അവർ വാത്സല്യപൂർവ്വം വിളിച്ചു “മിനി”!!.
മികച്ച പ്രകടനങ്ങളുമായി മിനി സിക്കിം ജനതയുടെ പ്രിയപ്പെട്ടവനായി. അവന്റെ കളി കാണാനായി ജനങ്ങൾ തടിച്ചുകൂടി. മിനിയുടെ പ്രകടനങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ ഭൂട്ടാൻ രാജാവ് അദ്ദേഹത്തെ ഭൂട്ടാൻ ദേശീയടീമിലേക്കു ക്ഷണിച്ചു. മികച്ച ഒരു ജോലിയോടുകൂടിയുള്ള ആ ക്ഷണം നിരസിക്കുവാൻ മിനിക്കു കഴിഞ്ഞില്ല. അങ്ങനെ അദ്ദേഹം ഭൂട്ടാൻ ദേശീയ ടീമിന്റെ ഭാഗമായി. 1981 വരെ മിനി ഭൂട്ടാൻ ടീമിനുവേണ്ടി ബൂട്ടണിഞ്ഞു. 81ൽ ഭൂട്ടാന് ഷില്ലോങ് ഇൻവിറ്റേഷനൽ കപ്പ നേടിക്കൊടുത്താണ് മിനി ഭൂട്ടാനോട് വിട പറഞ്ഞത്. മികച്ച ഒരു ഫോർവെഡ് ആയിരുന്ന മിനി ലോങ്ങ് റേഞ്ച് ഷോട്ടുകളിലൂടെ ഗോളുകൾ കണ്ടെത്തുന്നതിൽ അഗ്രഗണ്യനായിരുന്നു.
1982ൽ മൊഹമ്മദൻ ഫുട്ബോൾ ക്ലബിൽ ചേർന്ന മിനി രണ്ടു സീസണുകൾ മൊഹമ്മദനുവേണ്ടി ബൂട്ടുകെട്ടി. കൊൽക്കൊത്ത ലീഗ് അടക്കം പ്രധാന ടൂർണമെന്റുകളിലെല്ലാം മിനി മുഹമ്മദനെ പ്രതിനിധീകരിച്ചു തന്റെ രണ്ടാമത്തെ സീസണിൽ ആൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പിൽ ടൂർണമെന്റിന്റെ താരമായതും മിനി ആയിരുന്നു. സിക്കിം ഫുട്ബോൾ അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം 1982 മിനി സിക്കിം സംസ്ഥാന ടീമിന്റെ കളിക്കാരനും പരിശീലകനുമായി ചുമതലയേറ്റു. നീണ്ട ഏഴു വർഷങ്ങൾ സിക്കിം ടീമിൽ കളിച്ച മിനി ഈ കാലയളവിലാണ് ബൈച്ചുങ് ബൂട്ടിയയിലെ പ്രതിഭയെ പാകപ്പെടുത്തിയത്.
1989ൽ മിനി സംസ്ഥാന ടീമിൽ നിന്നും വിരമിച്ചു. സീനിയർ ലെവൽ ഫുട്ബോളിനോടു വിട പറഞ്ഞെങ്കിലും പിന്നീടും പ്രാദേശിക ടൂർണമെന്റുകളിൽ മിനി ഒരു നിറസാന്നിധ്യമായിരുന്നു. കലിംപോങ്ങിലെയും സിക്കിമിലേയും പല ഫുട്ബോൾ അക്കാദമികളിലും പരിശീലകനും സംഘാടകനുമായി മിനി തന്റെ കാല്പന്തുകളിയോടുള്ള ബന്ധം തുടരുന്നു.
“ധാന്യമണികളുടെ നാട് ” എന്നാണ് ടിബറ്റൻ ഭാഷയിൽ സിക്കിം എന്ന വാക്കിന്റെയർത്ഥം. സ്വർഗ്ഗമെന്ന മറ്റൊരർത്ഥവുമുണ്ട് സിക്കിമിന്. ബൈച്ചുങ് ബൂട്ടിയ, നിർമൽ ഛേത്രി, സഞ്ജു പ്രധാൻ തുടങ്ങി യുവതാരം കോമൾ തട്ടൽ വരെ ധാരാളം പ്രതിഭകളെ ഭാരതത്തിനായി സംഭാവന ചെയ്യാൻ ഈ കൊച്ചു സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ കൊച്ചു ഹിമപ്രദേശത്തെ കാൽപന്തുകളിയുടെ സ്വർഗ്ഗമാക്കി മാറ്റാൻ മിനിയെപ്പോലുള്ളവർ ഒഴുക്കിയ വിയർപ്പിന്റെ കഥകൾ ഒരിക്കലും വിസ്മൃതിയിലാണ്ടുപോകേണ്ടവയല്ല.






































