ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഓസിൽ
ഇന്ത്യൻ ഓസിൽ എന്നാണയാളെ വിളിക്കുന്നത്.
അതെന്തുകൊണ്ടാണെന്നു നാം ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ കണ്ടു. എത്ര മനോഹരമായാണ് അയാൾ ആ പന്തു രാഹുലിനായി മറിച്ചു കൊടുത്തത്. പന്തു പിടിച്ചു ഒട്ടും തന്നെ പതറാതെ, നാലോളം ഹൈദരാബാദ് കളിക്കാരുടെ ഇടയിൽ നിന്നും അയാൾ അതിവിദഗ്ധമായി രാഹുലിനെ കണ്ടെത്തി. മുകളിൽ പറഞ്ഞ വിശേഷണത്തിന് എന്തുകൊണ്ടും താൻ അർഹനാണെന്ന് തെളിയിക്കുന്ന ഒരു പ്രകടനം.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസണിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ മിക്കതും വന്നത് സഹൽ അബ്ദുൽ സമദ് എന്ന മധ്യനിരക്കാരന്റെ ബൂട്ടിൽ നിന്നുമായിരുന്നു. അസിസ്റ്റുകളും ഡ്രിബിളുകളുമായി ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ ലഭിച്ച അവസരങ്ങളിലെല്ലാം സഹലിന്റെ പ്രതിഭ അയാൾ നമുക്കു കാട്ടിത്തന്നു. ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ രാഹുലിനെ കണ്ടെത്തിയ ആ ബ്രില്യൻസ് തീർച്ചയായും ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരുന്നു. മത്സരത്തിൽ മികച്ച കളി പുറത്തെടുത്ത സഹലിനെയും രാഹുലിനെയും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരിശീലകൻ എൽകോ ഷെറ്റോറി എന്തുകൊണ്ടാണ് പിൻവലിച്ചതെന്നത് ദുരൂഹമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പരാജയകാരണങ്ങളിൽ ഒന്നാണ് അതെന്നു വിശ്വസിക്കുന്ന ആരാധകരുമുണ്ട്.
ഒഡീഷ എഫ്.സിയ്ക്കെതിരായ മത്സരത്തിലും സഹൽ മികച്ചു തന്നെ നിന്നു. പന്തു കിട്ടിയാൽ ഒറ്റയ്ക്കു മുന്നേറി ഗോൾ നേടാൻ ശ്രമിക്കാതെ തന്നെക്കാൾ മികച്ച പൊസിഷനിൽ നിൽക്കുന്ന കളിക്കാരനെ കണ്ടെത്താൻ സഹൽ ശ്രമിക്കുന്നു. തന്റെ നേട്ടത്തേക്കാൾ ടീമിന്റെ വിജയത്തിനു മുൻതൂക്കം നൽകുന്ന സഹലിന് ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരു കൈവന്നതും അതിനാൽതന്നെ.
റഫറിയുടെ പിഴവുകളായിരുന്നു ഒഡീഷ എഫ്.സിയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം തടഞ്ഞത്. നാലു ഒഡീഷ പ്രതിരോധ നിരക്കാരെ പരാജയപ്പെടുത്തി ഗോൾ ലക്ഷ്യമാക്കി കുതിച്ച സഹലിനെ ബോക്സിൽ വച്ചു നാരായൺ ദാസ് വീഴ്ത്തിയതിന് ലഭിക്കേണ്ടിയിരുന്ന ഉറച്ച പെനാൽറ്റി റഫറി അനുവദിക്കാതിരുന്നത് കാണികളിൽ ആശ്ചര്യം സൃഷ്ടിച്ചു. കളിയിലുടനീളം ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിന്നെങ്കിലും അവസാനം ഗോൾരഹിത സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു.
പലപ്പോഴും സഹലിനെ മുഴുവൻ സമയവും കളിപ്പിക്കാൻ കോച്ച് തയ്യാറാകാത്തത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. അധികം അന്താരാഷ്ട്ര മത്സരപരിചയം ഇല്ലാത്തതിനാലാണ് അതെന്നാണ് ഷെറ്റോറിയുടെ വാദം. എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനം കണ്ടവർ അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് യോജിക്കാനിടയില്ല. പ്രതീക്ഷിക്കാം ഇനിയുള്ള കളികളിൽ സഹൽ മുഴുവൻ സമയവും കളത്തിലുണ്ടാകുമെന്ന്






































