പ്രീതിയുടെ കഥ മനുഷ്യന്റെയും
എന്താണ് മരണം ?…
ശരീരത്തിൽ നിന്നും ജീവൻ വിട്ടു പോകുന്ന നിശ്ചലാവസ്ഥ. പ്രീതിയെ സംബന്ധിച്ചിടത്തോളം അവൾ മരണപ്പെട്ടുകഴിഞ്ഞിരുന്നു. എട്ടാം വയസ്സിൽ തമിഴ്നാട് ക്രിക്കറ്റ് ടീമിലെത്തി, പിന്നീട് സംസ്ഥാന U19 ടീമിന്റെ നായികാപദവി അലങ്കരിച്ച അവൾക്കു ഒന്നും ചെയ്യാനാവാത്ത ആ അവസ്ഥയിൽ തന്റെ ശരീരം വെറും മൃതദേഹമായാണ് അനുഭവപ്പെട്ടത്.
ആരാണ് പ്രീതി ശ്രീനിവാസൻ.. ?. തമിഴ്നാട് കായികരംഗത്ത വളരെ പെട്ടന്ന് ഉദിച്ചുയർന്ന ഒരു ബഹുമുഖ പ്രതിഭ. അമേരിക്കയിലെ പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ പ്ലസ് ടു വിജയിച്ചു അമേരിക്കയിലെ ഏറ്റവും മികച്ച രണ്ടു ശതമാനം വിദ്യാർത്ഥികളിൽ ഒരാൾ എന്ന ബഹുമതിക്കു അർഹയായ കൊച്ചു മിടുക്കി. പഠനത്തിലേതു പോലെ തന്നെ കായികരംഗത്തും പ്രീതി മികവു പുലർത്തിയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ ക്രിക്കറ്റ ഗൗരവമായെടുത്ത അവൾ എട്ടാം വയസ്സിൽ തമിഴ്നാട് സംസ്ഥാന ടീമിൽ ഇടം നേടി. വെറും പതിനേഴു വയസ്സുള്ളപ്പോൾ തമിഴ്നാട് U19 ടീമിന്റെ നായികയായി പ്രീതി. 1997ൽ ചരിത്രത്തിലാദ്യമായി തമിഴ്നാട് U19 ദേശീയ കിരീടം നേടിയപ്പോൾ പ്രീതിയായിരുന്നു അമരത്ത. ക്രിക്കറ്റിൽ മാത്രമല്ല നീന്തലിലും പ്രീതി കഴിവു തെളിയിച്ചിരുന്നു. സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബ്രേസ്റ് സ്‌ട്രോക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അവളെ തമിഴ്നാട് കായികരംഗത്തിന്റെ ഭാവി വാഗ്ദാനമായി എല്ലാവരും കരുതി.
ദുർവിധിക്ക് ഒരു സ്വഭാവമുണ്ട്, ആരും നിനച്ചിരിക്കാത്ത അവസരത്തിൽ നാമേറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളിൽ ആകും എല്ലാം തകിടം മറിച്ചുകൊണ്ട് അവൻ കടന്നു വരിക. പ്രീതിയുടെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. കൂട്ടുകാരോടൊപ്പം പോണ്ടിച്ചേരിയിൽ ഉല്ലാസയാത്രയിലായിരുന്നു അവൾ. ക്രിക്കറ്റ് കഴിഞ്ഞാൽ തന്റെ എറ്റവും ഇഷ്ടവിനോദമായ നീന്തലിൽ മുഴുകവേ അവളുടെ ശരീരത്തിലൂടെ ഒരു വൈദ്യുതാഘാതം കടന്നുപോയതായി പ്രീതിക്ക് അനുഭവപ്പെട്ടു. സർവ്വശക്തിയുമെടുത്ത് നീന്തിയിട്ടും അവൾ കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വളരെ കഷ്ടപ്പെട്ട് അവളെ തീരത്തെത്തിച്ചു പ്രഥമശുശ്രൂഷ നൽകി. വളരെ പെട്ടന്നുതന്നെ പോണ്ടിച്ചേരിയിലെ ഒരു പ്രമുഖ ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ അവളെ പ്രവേശിപ്പിച്ചു. ഒരു ആക്‌സിഡന്റ് കേസ് ആയി അവളെ മണിക്കൂറുകളോളം ചികിതസിച്ച അവിടത്തെ ഡോക്ടർമാർ പിന്നീട് പ്രീതിയെ ചെന്നൈയിലെ ആശുപത്രിയിലേക്കു മാറ്റി. അവിടെ നടന്ന വിശദ പരിശോധനക്കുശേഷം ഡോക്ടർമാർ വിധിയെഴുതി “സ്‌പൈനൽ കോർഡിനുണ്ടായ ആഘാതത്തിൽ പ്രീതിക്ക് പക്ഷാഘാതം സംഭവിച്ചിരിക്കുന്നു. ഇനിയൊരിക്കലും അവൾക്കു കായികരംഗത്തേക്കൊരു മടങ്ങിവരവുണ്ടാവില്ല “.
മരണത്തെപ്പറ്റിയാണ് അവൾ ആദ്യം ചിന്തിച്ചത്. കളിക്കളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ആ ജീവിതം ഒരു വീൽ ചെയറിലേക്കൊതുങ്ങിയത് അവൾക്കു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ആ സാഹചര്യത്തിൽ അവൾക്കു തുണയായി നിന്നത് അവളുടെ അമ്മയായിരുന്നു. അമ്മയുടെ സ്നേഹവും പ്രചോദനവും നൽകുന്ന വാക്കുകൾ അവളിൽ ജീവിക്കാനുള്ള ഇച്ഛാശക്തി നിറച്ചു. മാനസികമായി താൻ ഇപ്പോഴും ഒരു ചാമ്പ്യൻ തന്നെയാണ് എന്നു പലവട്ടം പ്രീതി അവളോടുതന്നെ പറഞ്ഞു.
ശാരീരികമായ തളർച്ചയേക്കാളേറെ അവളെ ബാധിച്ചത് മാനസികമായ ഏകാന്തതയായിരുന്നു. അത് തരണം ചെയ്യാൻ വേണ്ടി അവൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബിരുദം കരസ്ഥമാക്കിയ ശേഷം അവൾ “സോൾ ഫ്രീ ” എന്ന ഒരു ചെറിയ സന്നദ്ധ സേവാ പ്രസ്ഥാനം രൂപീകരിച്ചു. തന്നെപ്പോലെ തന്നെ കഠിന വൈകല്യങ്ങൾ ബാധിച്ച സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം.
വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ വിവ് റിച്ചാർഡ്‌സ് ആയിരുന്നു പ്രീതിയുടെ ഇഷ്ടതാരം. അദ്ദേഹത്തെ പോലെ ഒരു മികച്ച കരിയർ പടുത്തുയർത്താൻ അവളും ആഗ്രഹിച്ചു. പെട്ടന്നുണ്ടായ അപകടത്തിൽ തന്റെ ജീവിതാഭിലാഷം തന്നെ നഷ്ടമായ അവസ്ഥയിലും അവൾ തന്റെ സഹജീവികളെകുറിച്ചു ചിന്തിച്ചു. തന്നെപ്പോലെ എത്ര പേർ ഈ അവസ്ഥയിൽ നരകതുല്യ ജീവിതം നയിക്കുന്നുണ്ടാകാം. തന്റെ വീൽ ചെയറിൽ അവൾ അവരിലേക്കെത്തി. അവർക്കു സാന്ദ്വനമായി, പ്രചോദനമായി, സോൾ ഫ്രീയിലൂടെ സാമ്പത്തികമായി സഹായമർഹിക്കുന്നവരിലേക്കും അവളുടെ സ്നേഹസ്പർശമെത്തി.
പ്രീതിയുടെ ലക്ഷ്യത്തിനു കൂട്ടായി ഇന്നനേകം പേരുണ്ട്. തമിഴ്‌നാട്ടിലെ ഒരുപാട് ജീവകാരുണ്യ പ്രസ്ഥാനങ്ങൾ അവളോട് കൈകോർത്തു പ്രവർത്തിക്കുന്നു. കഠിനവൈകല്യമുള്ളവരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ജോലികൾ പരിശീലിപ്പിക്കുന്ന “Throat fort” എന്ന സംഘടന പ്രീതിയുടെ മറ്റൊരു ഉദ്യമമാണ്. സന്നദ്ധസേവാ പ്രവർത്തകർക്കുള്ള അനേകം ബഹുമതികളും അവളെ തേടിയെത്തി. തമിഴ്നാടു സർക്കാരിന്റെ “കല്പന ചൗള” ബഹുമതിക്കും പ്രീതി അർഹയായി.
“മെഡിക്കൽ ഇഗ്നോറൻസ്” എന്ന ഗുരുതരമായ പിഴവിന്റെ ഇരയാണ് ഒരു തരത്തിൽ പ്രീതി. സ്‌പൈനൽ കോർഡിനേറ്റ ക്ഷതം ആദ്യമേ കണ്ടെത്തിയിരുന്നുവെങ്കിൽ ഒരു പക്ഷേ അവൾ ക്രിക്കറ്റ് മൈതാനങ്ങളിൽ ഒരുപാട് നേട്ടങ്ങൾ കൊയ്‌തേനെ. അവളുടെ ബാറ്റിൽ നിന്നും ബൗണ്ടറികൾ ഒഴുകിയേനെ. പക്ഷേ ജീവിതത്തിൽ അവൾ പരാജയപ്പെട്ടിട്ടില്ല. നിരാലംബരായ ഒരുപാടു ജീവിതങ്ങൾക്ക് ഒരു പ്രതീക്ഷയാണവൾ, അതിരുകളില്ലാതെ ഒഴുകുന്ന കാരുണ്യത്തിന്റെ വറ്റാത്ത ഉറവ.
Syam…






































