രാജകീയ തിരിച്ചുവരവുമായി സാന്റി കാസോർള
എത്ര മുറിവേൽപ്പിച്ചാലും തന്റെ റാണിയെ രക്ഷിക്കാനായി തലയുയർത്തി നിൽക്കുന്നൊരു നായകനെ സിനിമയിൽ കാണാൻ സാധിച്ചിട്ടുണ്ട്. നൂറു പോരാളികളെ തോൽപ്പിച്ച ശേഷം ഇനിയും എതിരാളികളെ അയക്കാൻ പടനായകനോടു പറയുന്നൊരു വീരനായ നായകനെ. സാന്റി കാസോർള എന്ന സ്പാനിഷ് ഫുട്‍ബോളറെ കാണുമ്പോൾ, അയാളുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ ഓർമ വരുന്നതും അത്തരമൊരു നായകന്റെ മുഖമാണ്.
2003ൽ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിനു വേണ്ടി തുടങ്ങിയ പ്രൊഫഷണൽ കരിയറിൽ 2006-07 സീസണിൽ സ്പാനിഷ് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ അയാൾ 2011 ൽ മറ്റൊരു സ്പാനിഷ് ക്ലബ്ബായ മാലാഗയിലേക്കു കൂടുമാറി. പക്ഷേ തൊട്ടടുത്ത വർഷം തന്നെ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടു നട്ടം തിരിഞ്ഞ മലാഗയിൽ നിന്നും അയാൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സനലിലെത്തി. 170ൽ താഴെ മാത്രം സെന്റീമീറ്റർ നീളമുള്ള കാസോർള എതിർ ഡിഫൻസിനെ തുളച്ചു കയറുന്ന കാഴ്ച വളരെ മനോഹരമായിരുന്നു.
പത്തു മില്യൺ പൗണ്ട് തുകയ്ക്കു ആഴ്‌സണൽ തട്ടകത്തിലെത്തിയ കാസോർള ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായാണ് ആഴ്‌സണൽ കരിയറിന് തുടക്കമിട്ടത്. 2013ൽ ഒരു മത്സരത്തിൽ പീരങ്കിപ്പട നേടിയ നാലു ഗോളുകൾക്കും അസിസ്റ്റ നൽകിയ അയാൾ കാണികൾക്കു മുന്നിൽ ഒരു അദ്‌ഭുതമായി മാറി. 2012-13 സീസണിൽ ആഴ്‌സനലിന്റെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തതും കാസോർളയെയായിരുന്നു. 2013-14 എഫ്.എ കപ്പ് ഫൈനലിൽ ഹൾ സിറ്റിയ്‌ക്കെതിരെ ആദ്യ പത്തു മിനുട്ടിനുള്ളിൽ രണ്ടു ഗോളുകൾക്കു പിന്നിലായ ആഴ്‌സനലിന്റെ തിരിച്ചു വരവിനു വഴിയൊരുക്കിയ ഫ്രീകിക്ക് ഗോൾ ഒരിക്കലും ആരാധകർ മറക്കാനിടയില്ല.
പക്ഷേ പിന്നീടാണ് കാസോർളയുടെ ജീവിതം മാറിമറിയുവാൻ തുടങ്ങിയത്. 2013ൽ സ്പെയിനിനു വേണ്ടി കളിക്കുമ്പോൾ സംഭവിച്ച പരിക്ക് വർഷങ്ങൾക്കു ശേഷം അയാളെ വേട്ടയാടാൻ തുടങ്ങി. എട്ടോളം ശസ്ത്രക്രിയകൾക്കു വിധേയമായ അയാളുടെ ശരീരത്തിന്റെ അവസ്ഥയെപ്പറ്റി ഒരു സാധാരണക്കാരന് ചിന്തിക്കുവാൻ പോലും കഴിഞ്ഞെന്നു വരില്ല. ഇനിയൊരിക്കലും കളിക്കളത്തിലേക്കയാൾക്കു തിരികെ വരാൻ കഴിയില്ലെന്നും എന്തിന്, അയാളുടെ കാൽ മുറിച്ചുകളയേണ്ടി വരുമെന്നും ഡോക്ടർമാർ വിധിയെഴുതി.
പക്ഷേ വീണ്ടും കാസോർള കളിക്കളത്തിലേക്കു തിരികെയെത്തി. രണ്ടു വർഷത്തിലേറെക്കാലം പന്തു തട്ടാതിരുന്ന അയാളുടെ കരാർ പുതുക്കാൻ ആഴ്‌സണൽ വിസമ്മതിച്ചതോടെ കാസോർള വീണ്ടും വിയ്യാറയലിലെത്തി. തുടക്കത്തിൽ പതറിയെങ്കിലും പ്രതിഭയെന്നത് പരിക്കിനു മായ്ച്ചു കളയാൻ സാധിക്കാത്തതാണെന്ന് കാസോർള തെളിയിച്ചു. സീസണിൽ റയൽ മാഡ്രിഡ്, ബാഴ്സലോണ മുതലായ വമ്പന്മാർക്കെതിരെ മികച്ച പ്രകടനം നടത്തിയ കാസോർള രണ്ടുവർഷത്തിലേറെ നീണ്ട വിശ്രമകാലം അയാളുടെ പ്രതിഭയെ ഒട്ടും തന്നെ പിന്നോട്ടടിച്ചിട്ടില്ലെന്നു തെളിയിച്ചു.
കാസോർള വീണ്ടും തന്റെ മികവിന്റെ പൂർണതയിലേക്കു വരികയാണ്. പ്രതിസന്ധികളെ തരണം ചെയ്തു വന്ന ഇതിഹാസങ്ങളുടെ പട്ടികയിൽ അയാൾ ഒരു സ്ഥാനം അർഹിക്കുന്നു.






































