Editorial Foot Ball legends Top News

യൂറോപ്പിൽ ഗോൾമഴ സൃഷ്ടിക്കുന്ന ലെവൻഡോസ്‌കി

November 8, 2019

author:

യൂറോപ്പിൽ ഗോൾമഴ സൃഷ്ടിക്കുന്ന ലെവൻഡോസ്‌കി

പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത്…

പക്ഷേ പോളണ്ടുകാരനായ റോബർട്ട ലെവൻഡോസ്കിയെപ്പറ്റി പറയുമ്പോൾ ഫുട്ബോൾ പ്രേമികൾ മേൽപറഞ്ഞ വാചകം മറക്കും. ഈ മുന്നേറ്റനിരക്കാരന്റെ ഗോളടി മികവിനെക്കുറിച്ചു പറയാൻ നൂറു നാവാണവർക്ക്.

ലെതൽ സ്‌ട്രൈക്കർ എന്ന വാക്കിന് മകുടോദാഹരണമാണ് ലെവ. ഏതു ദുർഘടമായ പൊസിഷനിൽ നിന്നും പന്തിനെ അനായാസം ഗോൾവലയ്ക്കുള്ളിലേക്കു തിരിച്ചു വിടാനുള്ള അയാളുടെ കഴിവ് അത്രയേറെയാണ്. പോളണ്ട് ക്ലബ്ബുകളായ പ്രുഷ്കോവ്, പോസ്‌നൻ എന്നിവയ്ക്കായി നടത്തിയ ഗോളടി മികവാണ് ലെവയെ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിലെത്തിച്ചത്. 2010 മുതൽ 2014 വരെയുള്ള കാലയളവിൽ 131 മത്സരങ്ങളിൽ നിന്നും 74 ഗോളുകളാണ് ഈ പോളീഷ് സ്‌ട്രൈക്കർ ബോറുസിയയ്ക്കായി നേടിയത്. തുടർച്ചയായ മൂന്നു ബുണ്ടസ് ലീഗ സീസണുകളിൽ ഇരുപതിലേറെ ഗോളുകളും അയാൾ ബോറുസിയക്കായി അടിച്ചുകൂട്ടി.

2014ലാണ് ലെവൻഡോസ്കി ബയേൺ നിരയിലെത്തിയത്. ബുണ്ടസ്ലീഗയിലെ ഏറ്റവും മികച്ച മധ്യനിര നൽകിയ സഹായം ലെവ നന്നായി മുതലെടുത്തു. സ്കൂൾ മത്സരങ്ങളിൽ ഗോളടിക്കുന്ന ലാഘവത്തോടെയായിരുന്നു ബവേറിയൻ നിരക്കായി അയാളുടെ സ്കോറിങ്. അഞ്ചു വർഷത്തെ ബയേൺ കരിയറിൽ ഇതുവരെ നൂറ്റൻപതോളം ഗോളുകൾ അയാൾ നേടിക്കഴിഞ്ഞു. ബുണ്ടസ് ലീഗ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഇരുന്നൂറു ഗോളുകൾ തികച്ച വിദേശതാരവും അയാൾ തന്നെ. ലെവയുടെ സ്കോറിങ് മികവിലാണ് ഇക്കാലയളവിൽ ബയേണിന്റെ കുതിപ്പും. 2015ൽ വോൾവ്സ്ബെർഗിനെതിരായ മത്സരത്തിൽ വെറും പത്തു മിനുട്ടിനുള്ളിലാണ് ലെവ അഞ്ചു ഗോളുകൾ അടിച്ചുകൂട്ടിയത്.

പോളണ്ടിനുവേണ്ടിയും ലെവൻഡോസ്‌കി തന്റെ ഗോളടിമികവു തുടരുന്നുണ്ട്. 110 മത്സരങ്ങളിൽ നിന്നായി അറുപതു ഗോളുകൾ ലെവ പോളണ്ട ജേഴ്സിയിൽ നേടി. ഏഴു തവണ പോളണ്ട് പ്ലയെർ ഓഫ് ദി ഇയർ ആയും അയാൾ തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ സീസണിലും ലെവ മിന്നുന്ന ഫോമിലാണ്. ചാംപ്യൻസ് ലീഗിലും ജർമ്മൻ ബുണ്ടസ് ലീഗയിലും ബയേണിനുവേണ്ടി എല്ലാ മത്സരങ്ങളിലും അയാൾ എതിരാളികളുടെ വല ചലിപ്പിച്ചു. ബുണ്ടസ് ലീഗയിൽ പത്തു മത്സരങ്ങളിൽ നിന്നും പതിനാലു ഗോളുകളുമായി ലീഗിലെ ടോപ് സ്കോററാണയാൾ. വമ്പൻമാർ മാറ്റുരയ്ക്കുന്ന യുവേഫ ചാംപ്യൻസ് ലീഗിൽ നാലു മത്സരങ്ങളിൽ നിന്നും ആറു ഗോളുകളുമായി ടോപ് സ്‌കോറർ പട്ടികയിൽ ഏലിങ് ഹാലണ്ടിനു പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട് ലെവ. തുടർച്ചയായ എട്ടു ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ഗോൾ നേടി ലയണൽ മെസ്സിക്കും ക്രിസ്ത്യാനോ റൊണാൾഡോയ്ക്കും ഒപ്പമെത്താനും ലെവയ്ക്കു കഴിഞ്ഞു

സീസണിൽ പല റെക്കോർഡുകളും തകർക്കാനുറച്ചു തന്നെയാണ് ലെവൻഡോസ്കിയുടെ കുതിപ്പ്. ഈ പ്രകടനം തുടർന്നാൽ 2016-17 സീസണിൽ ബയേണിനായി താൻ നേടിയ 43 ഗോൾ നേട്ടം അയാൾ അനായാസം മറികടക്കും. 2013 യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ സാക്ഷാൽ ഹോസെ മൗറീഞ്ഞോയുടെ റയലിനെ ഇദുന പാർക്കിൽ വെച്ചു ഒറ്റയ്ക്കു തകർത്തെറിഞ്ഞ ലെവയുടെ നാലുഗോൾ പ്രകടനം ഇപ്പോഴും ഓർമയിൽ സൂക്ഷ്‌ക്കുന്നവർക്ക അക്കാര്യത്തിൽ സംശയമുണ്ടാകാനിടയില്ല.

Leave a comment