Editorial Foot Ball Top News

ചെൽസി vs അയാക്സ്; തീ പാറിയ പോരാട്ടം

November 8, 2019

author:

ചെൽസി vs അയാക്സ്; തീ പാറിയ പോരാട്ടം

നിലനിൽപ്പിനായുള്ള പോരാട്ടങ്ങളാണ് ചിലരെ വിജയികളാക്കുക. നഷ്ടപ്പെടാൻ ഒന്നും തന്നെയില്ലെന്നുള്ള ബോധം അവരെ കൂടുതൽ കരുതരാക്കും. വർധിത വീര്യത്തോടെ അവർ ആഞ്ഞടിക്കുമ്പോൾ പല വമ്പന്മാരും അടിതെറ്റും.

അത്തരമൊരു കാലഘട്ടത്തിലൂടെയാണ് ചെൽസി ഫുട്ബോൾ ക്ലബ്‌ ഇപ്പോൾ കടന്നുപോകുന്നത്. ട്രാൻസ്ഫർ സീസണുകളിൽ കോടികൾ ചെലവഴിച്ച ടീമുകൾ മത്സരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. മാത്രമല്ല തങ്ങളുടെ അക്കാദമി താരങ്ങൾ അണിനിരക്കുന്ന ടീമുമായി യുവേഫ ചാംപ്യൻസ് ലീഗിലും ചെൽസി മികച്ച പ്രകടനം തുടരുകയാണ്.

കഴിഞ്ഞ ദിവസം നടന്ന യുവേഫ ചാംപ്യൻസ് ലീഗിൽ ചെൽസി നേരിട്ടതും അത്തരമൊരു ടീമിനെയായിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളുടെ കൂടുമാറ്റത്തിൽ തങ്ങളുടെ ശക്തി ഒട്ടും തന്നെ തകർന്നിട്ടില്ലെന്നു തെളിയിച്ച അയാക്സ് ആംസ്റ്റർഡാം ക്ലബ്‌ തങ്ങളുടെ തട്ടകത്തിൽ സംഭവിച്ച ഒരുഗോൾ തോൽവിയുടെ കണക്കു തീർക്കാൻ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയപ്പോൾ തീ പാറും പോരാട്ടം തന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

പ്രതീക്ഷകൾ തെറ്റിയില്ല. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ടോമി അബ്രഹാമിന്റെ സെൽഫ് ഗോളിൽ പിന്നിലായ ചെൽസിയ്‌ക്കുവേണ്ടി രണ്ടു മിനിറ്റിനുള്ളിൽത്തന്നെ പെനാൽറ്റി കിക്കിലൂടെ ജോർജീഞ്ഞോ സമനിലഗോൾ നേടി.

പിന്നീടും മത്സരം കടുക്കുകയായിരുന്നു. കളിയിൽ മേൽക്കോയ്മ നേടാനായി അയാക്സ് അരയും തലയും മുറുക്കി ആക്രമിച്ചപ്പോൾ പലപ്പോഴും ചെൽസി പ്രതിരോധം ആടിയുലഞ്ഞു. തുടർച്ചായി പിഴവുകൾ വരുത്തിയ ചെൽസി പ്രതിരോധത്തെ അയാക്സ് പൂർണമായും മുതലെടുത്തുവെന്നതാകും ശെരി. ഹക്കിം സിയെച്ചിന്റെ പാസ് സ്വീകരിച്ച മിഡ് ഫീൽഡർ പ്രോമോസിന്റെ ഹെഡർ ഗോളിനും ഗോൾ കീപ്പർ കെപ്പ അരിസബാല വഴങ്ങിയ സെൽഫ് ഗോളിനും 1-3 എന്ന സ്കോറിനു പിന്നിലായി ആദ്യ പകുതി അവസാനിക്കുമ്പോൾ ചെൽസി ആരാധകർ പഴിച്ചതും അവരുടെ പ്രതിരോധത്തെയായിരുന്നു.

പക്ഷേ വ്യത്യസ്തമായ ഒരു ചെൽസി നിരയെയായിരുന്നു രണ്ടാം പകുതിയിൽ ദർശിച്ചത്. തുടർച്ചയായ ഷോട്ടുകളുമായി അവർ അയാക്സ് പ്രതിരോധത്തെ ആക്രമിച്ചു.
അലോൻസോയ്ക്കു പകരം റീസ് ജെയിംസ് വന്നതോടെ ചെൽസി ആക്രമണങ്ങൾക്കു കൂടുതൽ വ്യക്തത കൈവന്നു. നാല്പത്തിയേഴാം മിനുറ്റിൽ സൂമ നടത്തിയ സോളോ റൺ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. പക്ഷേ കളിയുടെ ഗതിയ്‌ക്കെതിരെ ഹകീം സിയെച്ചിന്റെ പാസിൽ വാൻ ഡി ബീക് അയാക്സിന്റെ നാലാം ഗോളും നേടിയതോടെ സ്റ്റാംഫോർഡ് ബ്രിഡ്ജ് നിശബ്ദമായി.

പക്ഷേ പിന്നീടാണ് തികച്ചും നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. അറുപത്തിമൂന്നാം മിനുട്ടിൽ അസ്പിലികുവേറ്റ ചെൽസിയുടെ രണ്ടാം ഗോൾ നേടിയ ശേഷം രണ്ടാം മഞ്ഞകാർഡുകൾ നേടിയ സെന്റർ ബാക്കുമാരായ ബ്ലൈൻഡും വെൽട്മാനും പുറത്തായതോടെ അയാക്സ് ഒൻപതു പേരായി ചുരുങ്ങി. തുടർന്നു ലഭിച്ച പെനാൽറ്റി ലക്ഷത്തിലെത്തിച്ച ജോർജീഞ്ഞോ ഗോൾ വ്യത്യാസം ഒരു ഗോളായി കുറച്ചു. എഴുപത്തിനാലാം മിനുറ്റിൽ റീസ് ജെയിംസിലൂടെ സമനിലഗോൾ നേടിയ ചെൽസി അസ്പിലികുവേറ്റയിലൂടെ ലീഡ് നേടിയെങ്കിലും വാർ തീരുമാനം ചെൽസിയ്‌ക്കു വിനയായി.

റഫറിയുടെ ഫൈനൽ വിസിലിനു ശേഷം ഇരു ടീമുകളും നിരാശയോടെയായിരിക്കാം കളം വിട്ടത്. മൂന്നുഗോൾ വ്യത്യാസം വിജയമാക്കാൻ സാധിക്കാത്തതിൽ അയാക്‌സും ഒൻപതുപേരായി ചുരുങ്ങിയ ടീമിനെ തോല്പിക്കാൻ സാധിക്കാത്തതിൽ ചെൽസിയും നിരാശരാകുമെങ്കിലും നല്ലൊരു മത്സരം വീക്ഷിച്ച സംതൃപ്തിയിലാകും കാണികൾ കളം വിട്ടിരിക്കുക.

Leave a comment