അടിപതറുന്ന ഋഷഭ് പന്ത്
നിരാശ നൽകുന്നു ഈ ഋഷഭ് പന്ത്…
ഇന്ത്യ ബംഗ്ലാദേശ് ടി ട്വൻറി സീരീസ് കാണുന്ന ഏതൊരു ഇന്ത്യൻ ആരാധകനും ഈ അഭിപ്രായമുണ്ടായാൽ ഒട്ടും അദ്‌ഭുതപ്പെടാനില്ല. കാരണം ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്ന പ്രാധാന്യം അയാൾ തന്റെ പ്രകടനങ്ങളിൽ കാട്ടുന്നുവോയെന്ന സംശയം ജനിപ്പിക്കുന്നു ഋഷഭ് പന്ത് എന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ശരീരഭാഷ.
ഒരു പരാജിതനെപ്പോലെയാണ് ഋഷഭ് പന്ത് വിക്കറ്റിനു പിന്നിൽ നില്കുന്നത്. കരിയറിന്റെ തുടക്കത്തിൽ അയാൾ കാട്ടിയ ആത്മവിശ്വാസം ഇപ്പോൾ പന്തിൽ കാണാൻ സാധിക്കുന്നില്ല. ഏകദിനത്തിലായിരുന്നു പന്തിന്റെ വീഴ്ചകളുടെ തുടക്കം. ന്യൂസിലണ്ടിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ നിരുത്തരവാദപരമായ ഒരു ഷോട്ടിൽ പുറത്തായ പന്ത് പിന്നീട് തുടർച്ചയായ പരാജയങ്ങളിലൂടെയാണ് കടന്നുപോയത്. ടീം ആവശ്യപ്പെടുമ്പോൾ ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത ഇന്ത്യയിലെ എറ്റവും മികച്ച യുവ വിക്കെറ്റ് കീപ്പറുടെ അവസ്ഥ അത്യന്തം പരിതാപകരമാവുകയായിരുന്നു.
ബാറ്റിങ്ങിലെ പരാജയങ്ങൾക്കിടയിലും മറ്റൊരു യുവതാരത്തിനും ലഭിക്കാത്തത്ര അവസരങ്ങൾ പന്തിനെ തേടിയെത്തി. പക്ഷേ ആ അവസരങ്ങൾ അയാളിലെ സമ്മർദ്ദവും ഉയർത്തുകയായിരുന്നു. ആ സമ്മർദ്ദം അയാളുടെ പ്രകടനങ്ങളെ മാത്രമല്ല പതിയെ ഇന്ത്യൻ ടീമിനെ തന്നെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.
ബംഗ്ലാദേശിനെതിരായ ടി ട്വന്റി സീരീസിൽ ഇതുവരെ കണ്ടത് പരാജയം സമ്മതിച്ച ഋഷഭ് പന്തിനെയായിരുന്നു. ബാറ്റിങ്ങിൽ താൻ അനുഭവിക്കുന്ന സമ്മർദ്ദം തുറന്നു കാട്ടിയ ഒരിന്നിംഗ്സ് ആണ് പന്ത് ഫിറോസ് ഷാ കോട്ല മൈതാനത്തിൽ കാഴ്ച വെച്ചത്. പക്ഷേ അതിനേക്കാൾ ഇന്ത്യക്കു ബാധ്യതയായത് പന്തിന്റെ വിക്കറ്റിനു പിന്നിലെ പ്രകടനങ്ങളായിരുന്നു. പലപ്പോഴും വിക്കെറ്റിനു പിന്നിൽ ഒരു കാഴ്ചക്കാരൻ മാത്രമായ പന്ത് മഹേന്ദ്രസിങ് ധോണി ഭംഗിയായി കൈകാര്യം ചെയ്തിരുന്ന ഡിസിഷൻ റിവ്യൂവിലും പൂർണ പരാജയമായി. യുസ്വേന്ദ്ര ചാഹലിന്റെ പന്തുകളിൽ ബംഗ്ലാദേശ് ഇന്നിങ്സിലെ ടോപ് സ്കോററായ മുഷ്‌ഫികുർ റഹീമിന്റെ ഔട്ട് എന്നുറപ്പായ രണ്ടു അവസരങ്ങളിലും പന്തിന്റെ അഭിപ്രായം കേട്ട നായകൻ രോഹിത് റിവ്യൂ വേണ്ടെന്നു തീരുമാനിച്ചു. കൂടാതെ മറ്റൊരു അവസരത്തിൽ ഇല്ലാത്ത ക്യാച്ചിനായി നായകനെ റിവ്യൂവിനു പ്രേരിപ്പിച്ച പന്ത് അക്ഷരാർത്ഥത്തിൽ പരിഹാസപാത്രമായി.
ഇപ്പോൾ നടക്കുന്ന രണ്ടാം മത്സരത്തിലും പന്ത് അക്ഷന്തവ്യമായ തെറ്റുകൾ ആവർത്തിക്കുന്നു. വിക്കറ്റിനു പിന്നിൽ പലപ്പോഴും പതറിയ പന്ത് അനായാസം സാധ്യമായ ഒരു സ്റ്റമ്പിങ് അവസരം വിക്കറ്റിനു മുന്നിൽ നിന്നും ബോൾ കളക്ട് ചെയ്ത പന്ത് പാഴാക്കി.
ലഭിക്കുന്ന അവസരങ്ങൾ ഓരോന്നായി പാഴാക്കുകയാണ് ഋഷഭ് പന്ത്. സഞ്ജു സാംസണും ഇഷാൻ കിഷനുമടക്കം മികച്ച താരങ്ങൾ ഇന്ത്യൻ ടീമിന്റെ വാതിൽക്കൽ കാത്തുനില്കുമ്പോൾ ടീമിലെ നിലനില്പിനായി പന്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടിയിരിക്കുന്നു. ആരാധകർക്കായി അയാൾ അവ നൽകുമെന്നു പ്രതീക്ഷിക്കാം.